രാജ്യത്ത് ആദ്യമായി തേങ്ങാ പാൽ ഉപയോഗിച്ചു നിർമ്മിച്ച വീഗൻ ഐസ്ഡ്ക്രീം വിപണിയിലിറക്കി വെസ്റ്റ. ജന്തുജന്യ ഘടകങ്ങളായ പാലും മറ്റു ഉത്പന്നങ്ങളും ഒഴിവാക്കി സസ്യാധിഷ്ഠിത പാൽ ഉപയോഗിച്ച് നിർമ്മിക്കുന്നതാണ് വീഗൻ ഐസ്ഡ്ക്രീം. വെസ്റ്റ കൊക്കോ പാം എന്ന പേരിൽ പുറത്തിറക്കിയ ഐസ്ഡ് ക്രീം വിവിധ രുചികളിൽ ലഭ്യമാണ്. കൊച്ചിയിൽ ഹോട്ടൽ താജ് വിവാന്തയിൽ നടന്ന ചടങ്ങിൽ ബ്രാൻഡ് അംബാസിഡർ കല്യാണി പ്രിയദർശനാണ് ഉത്പന്നം പുറത്തിറക്കിയത്.
'കഴിഞ്ഞ ആറ് പതിറ്റാണ്ടായി കേരളത്തിൽ പാലുൽപ്പന്നങ്ങളും കാലിത്തീറ്റയും നിർമ്മിക്കുന്ന കെ.എസ്.ഇ ലിമിറ്റഡിന്റെ ഐസ്ക്രീം ബ്രാൻഡാണ് വെസ്റ്റ. സുസ്ഥിരവും ആരോഗ്യകരവുമായ ഭക്ഷ്യ ഉത്പന്നം വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഡൻ ഐസ്ഡ്ക്രീം പുറത്തിറക്കിയതെന്ന് കെ.എസ്.ഇ ചെയർമാൻ ടോം ജോസ് പറഞ്ഞു. കൊച്ചി, തിരുവനന്തപുരം, തൃശൂർ മേഖലകളിൽ കമ്പനിയുടെ റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ടീം നടത്തിയ സർവെയിൽ പങ്കെടുത്ത 90 % ആളുകളും ആരോഗ്യവും പരിസ്ഥിതി പരവുമായ കാരണങ്ങളാൽ വീഗൻ ഐസ്ഡ് ക്രീം ലഭ്യമായാൽ ഉപയോഗിക്കാൻ താത്പര്യം പ്രകടിപ്പിച്ചവരാണ്. ഇത്തരത്തിൽ ആധുനിക ഉപഭോക്തൃ മൂല്യങ്ങൾ പരിഗണിച്ചാണ് വീഗൻ ഐസ്ഡ് ക്രീം വിപണിയിൽ എത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.