ആധാര്‍ പുതുക്കിയില്ലെങ്കില്‍ അസാധുവാകുമോ? യുഐഡിഎഐയുടെ വിശദീകരണം ഇങ്ങനെ

ആധാർ പുതുക്കാനുള്ള അവസാന തിയതി 2024 ജൂൺ 14

Update: 2024-05-24 07:58 GMT

പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്തില്ലായെങ്കില്‍ അസാധുവാകുമെന്നുള്ള പ്രചാരണം വ്യാജ വാര്‍ത്തയാണെന്ന് യുഐഡിഎഐ. 

സൗജന്യമായി ആധാർ പുതുക്കാനുള്ള അവസാന തിയതി 2024 ജൂൺ 14 ആണ്. ഇത് കഴിഞ്ഞാൽ ആധാർ കാർഡ് പ്രവർത്തിക്കില്ലെന്ന് അവകാശപ്പെടുന്ന ഒരു വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 10 വര്‍ഷത്തിന് ശേഷവും ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്തില്ലെങ്കിലും അവയുടെ സാധുത തുടരുമെന്ന് യുഐഡിഎഐ അറിയിച്ചു.

 ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി 2024 ജൂണ്‍ 14 വരെ കേന്ദ്രം നീട്ടിയിരുന്നു. നേരത്തെ മാര്‍ച്ച് 14 വരെയായിരുന്നു സമയപരിധി. എന്നാല്‍ സൗജന്യമായി ഓണ്‍ലൈനായി രേഖകള്‍ അപ്‌ലോഡ്  ചെയ്യുന്നതിനുള്ള സൗകര്യമാണ് ജൂണ്‍ 14 വരെ നീട്ടിയത്. ഇതാണ് ജൂണ്‍ 14ന് മുമ്പ് പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്തില്ലായെങ്കില്‍ അസാധുവാകും എന്ന തരത്തില്‍ അഭ്യൂഹം പരക്കാന്‍ ഇടയാക്കിയതെന്നും യുഐഡിഎഐ വിശദീകരിച്ചു.

 ആധാർ കാർഡിലെ വിലാസമോ ഫോട്ടോയോ വർഷങ്ങൾ പഴക്കമുള്ളതാകാം, അത്തരമൊരു സാഹചര്യത്തിൽ, അത് അപ്‌ഡേറ്റ് ചെയ്യുന്നതാണ് നല്ലത്. ആധാർ പുതുക്കിയില്ലെങ്കിലും അത് മുമ്പത്തെപ്പോലെ തന്നെ പ്രവർത്തിക്കും. റദ്ദാക്കപ്പെടുകയോ, പ്രവർത്തനരഹിതമാകുകയോ ചെയ്യില്ലന്നും  യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി.


Tags:    

Similar News