മെഡിക്കൽ ഇൻഷുറൻസ് ക്ലെയിമുകൾക്ക് ഒറ്റ പോർട്ടൽ വരുന്നു; അറിയാം വിശദാംശങ്ങള്‍

പോർട്ടൽ വഴി രോഗികൾക്ക് വേഗത്തിൽ ക്ലെയിം ലഭ്യമാക്കാൻ സാധിക്കും

Update: 2024-05-24 08:51 GMT

 മെഡിക്കൽ ഇൻഷുറൻസ് കമ്പനികളുടെ ക്ലെയിമുകൾ ഏകീകരിക്കാൻ ഏകജാലക പോർട്ടൽ വികസിപ്പിക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യമന്ത്രാലയം.

രാജ്യത്തുടനീളമുള്ള മെഡിക്കൽ ഇൻഷുറൻസ് കമ്പനികളുടെ ക്ലെയിമുകൾ‌ ഏകീകരിക്കാൻ ദേശീയ ആരോ​ഗ്യ അതോറിറ്റിക്ക് (NHA) കീഴിലാകും ആരോ​ഗ്യ മന്ത്രാലയം ഏകജാലക പോർട്ടൽ വികസിപ്പിക്കുക.

നിലവിൽ, ഓരോ സ്വകാര്യ ഇൻഷുറൻസ് ദാതാക്കൾക്കും അവരുടേതായ പ്രത്യേക പോർട്ടലുകളാണുള്ളത്. അതിനുപകരം വിവിധ ഇൻഷുറൻസ് കമ്പനികൾക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്നതാണ് പുതിയ പോർട്ടൽ.

നാഷണൽ ഹെൽത്ത് ക്ലെയിംസ് എക്സ്ചേഞ്ച് എന്ന് പേരിട്ട പുതിയ പോർട്ടൽ രാജ്യത്തുടനീളമുള്ള 200-ലധികം ആശുപത്രികളെയും അമ്പതിലധികം മെഡിക്കൽ ഇൻഷുറൻസ് ദാതാക്കളെയും ഒരു കുടക്കീഴിലെത്തിക്കും.

ഇൻഷുറൻസ് ക്ലെയിമുകൾ വേഗത്തിൽ കൈകാര്യംചെയ്യാൻ ആശുപത്രികളെ സഹായിക്കുന്ന പോർട്ടൽ വഴി രോഗികൾക്ക് വേഗത്തിൽ ക്ലെയിം ലഭ്യമാക്കാൻ സാധിക്കും. 

ബി.ജെ.പി. സർക്കാർ വീണ്ടും അധികാരത്തിലെത്തുകയാണെങ്കിൽ നടപ്പാക്കാൻ നിശ്ചയിച്ച നൂറുദിനപദ്ധതികളിലൊന്നായാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

ആശുപത്രികൾ, ഇൻഷുറൻസ് ദാതാക്കൾ, ഇൻഷുറൻസ് റെഗുലേറ്ററായ ഐ.ആർ.ഡി.എ.ഐ. (ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ) എന്നിവരുമായി ആലോചിച്ചാണ് ഇത് വികസിപ്പിച്ചതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. 


Tags:    

Similar News