ഉക്രെയ്ന്‍ സമാധാനത്തിലേക്ക്; റഷ്യ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കും
- വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തോട് തത്വത്തില്‍ യോജിക്കുന്നുവെന്ന് പുടിന്‍
- ട്രംപുമായി ചര്‍ച്ചക്ക് തയ്യാറെന്നും പുടിന്റെ സൂചന
- വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്ത് സെലെന്‍സ്‌കിയും
;
റഷ്യ- ഉക്രയ്ന്‍ യുദ്ധം അവസാനിക്കാനുള്ള സാധ്യത തെളിയുന്നു. 30 ദിവസത്തെ വെടിനിര്‍ത്തല്‍ എന്ന യുഎസ് നിര്‍ദ്ദേശത്തോട് തത്വത്തില്‍ യോജിക്കുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ് മുന്നോട്ടുവെച്ച ചില നിര്‍ദ്ദേശങ്ങളില്‍ വിയോജിപ്പുണ്ടെന്നും അത് ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഉക്രെയ്ന്‍ വിഷയം സംബന്ധിച്ച് ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും പുടിന്‍ പറയുന്നു. അതേസമയം റഷ്യയില്‍നിന്ന് മികച്ച സൂചനകളാണ് പുറത്തുവരുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പറഞ്ഞു. പുടിനുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള സമയമാണിതെന്ന് അദ്ദേഹം അടിവരയിട്ട് പ്രസ്താവിച്ചു.
എന്നാല്‍ പുടിന്റെ പ്രസ്താവന പൂര്‍ണമല്ലെന്നാണ് ട്രംപിന്റെ അഭിപ്രായം. പ്രശ്‌ന പരിഹാരത്തിന് സഹകരിച്ചില്ലെങ്കില്‍ അത് ലോകത്തിനുതന്നെ നിരാശയായിരിക്കും സമ്മാനിക്കുക എന്ന് യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.
ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്തു. അതേസമയം വെടിനിര്‍ത്തലിനോടുള്ള റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ പ്രതികരണത്തെ ഉക്രെയ്ന്‍ പ്രസിഡന്റ് വിമര്‍ശിച്ചു. ഇത് 'കൃത്രിമത്വം' ആണെന്നാണ് സെലന്‍സ്‌കി പറയുന്നത്. മോസ്‌കോയിക്കതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട സെലെന്‍സ്‌കി, പുടിന്‍ യഥാര്‍ത്ഥത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിരസിക്കാന്‍ തയ്യാറെടുക്കുകയാണെന്നും അഭിപ്രായപ്പെട്ടു.
സമാധാനത്തിനായി ഇന്ത്യ, ചൈന, ബ്രസീല്‍ , ദക്ഷിണാഫ്രിക്ക എന്നീരാജ്യങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കും പുടിന്‍ നന്ദി അറിയിച്ചു.
അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍, കുര്‍സ്‌ക് മേഖലയില്‍ റഷ്യ ഉക്രേനിയന്‍ സൈന്യത്തിനെതിരെ ആക്രമണം ശക്തമാക്കിയിരുന്നു . കുര്‍സ്‌കിലെ ഏറ്റവും വലിയ പട്ടണത്തില്‍ നിന്ന് ഉക്രേനിയന്‍ സൈന്യത്തെ തുരത്തിയതായി റഷ്യന്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.