പലിശ കുറച്ച് മല്‍ഹോത്രയുടെ സാഹസം

  • പ്രതീക്ഷയിലും നേരത്തേ ചില്ലറ വിലക്കയറ്റം ഇടിഞ്ഞു. അതിനാല്‍ പലിശ കുറയ്ക്കല്‍ വേഗം നടത്തും
  • ഏപ്രിലിലും ജൂണിലും ഓഗസ്റ്റിലും നിരക്ക് കുറയ്ക്കും
  • പലിശ നിരക്ക് കുറയുന്നതു ധനകാര്യ -വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ കൂട്ടും, ജിഡിപി നിരക്ക് ഉയരും
;

Update: 2025-03-14 06:35 GMT
malhotras daring move to reduce interest rates
  • whatsapp icon

കാര്യങ്ങള്‍ മാറുകയാണ്. കുറഞ്ഞ പലിശയുടെ കാലത്തേക്ക് ഇന്ത്യ വേഗം നീങ്ങുന്നു. ചില്ലറ വിലക്കയറ്റം ഇടിഞ്ഞു. പ്രതീക്ഷയിലും അധികം, പ്രതീക്ഷയിലും നേരത്തേ. അതുകൊണ്ടു പലിശ കുറയ്ക്കല്‍ വേഗം നടത്തും.

ശക്തികാന്ത ദാസിനു പകരം സഞ്ജയ് മല്‍ഹോത്രയെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആക്കിയപ്പോള്‍ തന്നെ നയം മാറ്റത്തിനായാണു നിയമനം എന്ന ധാരണ ഉടലെടുത്തിരുന്നു. അതു ശരിവയ്ക്കും വിധം ഫെബ്രുവരി ആറിനു റിസര്‍വ് ബാങ്ക് പണനയ സമിതി (എംപിസി) റീപോ നിരക്ക് (ബാങ്കുകള്‍ക്ക് അടിയന്തര സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് നല്‍കുന്ന ഏകദിന വായ്പയുടെ പലിശ) താഴ്ത്തി. വിലക്കയറ്റം കുറഞ്ഞുവരുന്നുണ്ട് എന്നു ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സമിതി അങ്ങനെ തീരുമാനിച്ചത്. ദാസ് അക്കാര്യത്തില്‍ കടുത്ത യാഥാസ്ഥിതികനായിരുന്നു. ചില്ലറ വിലക്കയറ്റം നാലു ശതമാനത്തിനു താഴെയായി എന്ന് ഉറപ്പാക്കാതെ നിരക്ക് കുറച്ചാല്‍ വീണ്ടും വിലക്കയറ്റം നിയന്ത്രണം വിടും എന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു.

മല്‍ഹോത്ര ആ ഭയം മാറ്റിവച്ചു. റീപോ നിരക്ക് കാല്‍ ശതമാനം കുറച്ചു. ഒരു മാസം കഴിഞ്ഞപ്പോള്‍ ചില്ലറവിലക്കയറ്റം കുത്തനേ താഴ്ന്നു. തന്റെ സമീപനം ശരിയായി എന്നു മല്‍ഹോത്രയ്ക്കു വേണമെങ്കില്‍ പറയാം.

ഫെബ്രുവരിയില്‍ ഇന്ത്യയിലെ ചില്ലറവിലക്കയറ്റം ഏഴു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ 3.61 ശതമാനത്തില്‍ എത്തി. ജനുവരിയില്‍ 4.26 ശതമാനം കൂടിയതാണ്. ഭക്ഷ്യവിലകളില്‍ ഉണ്ടായ ഗണ്യമായ ഇടിവാണ് താഴ്ചയ്ക്കു കാരണം. ജനുവരിയിലെ 5.97 ല്‍ നിന്നു ഭക്ഷ്യവിലക്കയറ്റം 3.75 ശതമാനമായി ഇടിഞ്ഞു.

എന്നാല്‍ വിലക്കയറ്റ സാഹചര്യം മാറി എന്നു തീര്‍ത്തും പറയാനാവില്ല. സീസണല്‍ ഘടകങ്ങള്‍ ആണു നിരക്ക് താഴ്ത്തിയത്. ഭക്ഷ്യവസ്തുക്കള്‍, പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവ. തക്കാളി, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി എന്നിവയുടെ വിലയിലെ ഇടിവാണ് പച്ചക്കറി വിലയെ കയറ്റത്തില്‍ നിന്നു താഴ്ചയിലേക്കു മാറ്റിയത്. വളരെ വേഗം മാറി മറിയുന്നതാണ് ഇവയുടെയും സവാളയുടെയും വിലകള്‍. സുഗന്ധവ്യഞ്ജനങ്ങളുടെയും മുട്ടയുടെയും വിലയിടിവും ഫെബ്രുവരിയിലെ നിരക്ക് കുറയാന്‍ സഹായിച്ചു.

കാര്യവിവരമുള്ളവര്‍ പറയുന്നത് മാര്‍ച്ചിലെ ചില്ലറ വിലക്കയറ്റം നാലു ശതമാനത്തിനു സമീപം ആകുമെന്നാണ്. അതു കൊണ്ടു പ്രശ്‌നമില്ല. അപ്പോഴും ജനുവരി - മാര്‍ച്ച് പാദത്തിലെ ചില്ലറവിലക്കയറ്റം 3.9 ശതമാനത്തില്‍ ഒതുങ്ങും. റിസര്‍വ് ബാങ്ക് നേരത്തേ കണക്കാക്കിയ 4.4 ശതമാനത്തിലും കുറവ്. സ്വാഭാവികമായും പലിശ കുറയ്ക്കാന്‍ തക്ക അന്തരീക്ഷം ഒരുങ്ങുന്നു.

ഫെബ്രുവരിയില്‍ റീപോ നിരക്ക് 6.5 ല്‍ നിന്ന് 6.25 ശതമാനം ആയി കുറച്ച റിസര്‍വ് ബാങ്ക് ഏപ്രില്‍ ഒന്‍പതിന് അത് വീണ്ടും കുറച്ച് 6.0 ശതമാനം ആക്കുമെന്നാണ് വിദഗ്ധര്‍ അനുമാനിക്കുന്നത്. വീണ്ടും ജൂണിലും ഓഗസ്റ്റിലും നിരക്ക് കുറയ്ക്കും എന്നും കണക്കാക്കുന്നു. അപ്പോഴേക്ക് റീപോ നിരക്ക് 5.50 ശതമാനം ആകും.

ജിഡിപി വളര്‍ച്ചനിരക്ക് ഉയര്‍ത്തിക്കൊണ്ടു വരാന്‍ മല്‍ഹോത്ര രണ്ടു മാര്‍ഗങ്ങളാണു സ്വീകരിക്കുന്നത്. ഒന്ന്: ബാങ്കുകള്‍ക്കു പണലഭ്യത വര്‍ധിപ്പിക്കുക. രണ്ട്: താക്കോല്‍ നിരക്കായ റീപോ കുറച്ച് വിപണിയില്‍ വായ്പയെടുക്കല്‍ വര്‍ധിപ്പിക്കുക. രണ്ടിലും റിസ്‌ക് ഇല്ലാതില്ല. കൂടുതല്‍ പണം വിപണിയില്‍ കറങ്ങുമ്പോള്‍ വിലകള്‍ കൂട്ടാന്‍ ശ്രമം ഉണ്ടാകാം. ഉല്‍പന്ന ലഭ്യത കൂട്ടാനും ദൗര്‍ലഭ്യം ഒഴിവാക്കാനും അതിവേഗ നടപടികള്‍ സര്‍ക്കാരില്‍ നിന്ന് ഉണ്ടായാല്‍ ആ റിസ്‌ക് കുറയ്ക്കാം.

ഭക്ഷ്യ - ഇന്ധന വിലകള്‍ ഒഴിവാക്കിയുള്ള കാതല്‍ വിലക്കയറ്റം ഫെബ്രുവരിയില്‍ വര്‍ധിച്ചത് അപായ സാധ്യത പാടേ മാറിയിട്ടില്ല എന്നാണു കാണിക്കുന്നത്. ആഗോള തലത്തില്‍ വര്‍ധിച്ചു വരുന്ന അനിശ്ചിതത്വവും ഇനിയും ശമിക്കാത്ത സംഘര്‍ഷങ്ങളും വിലക്കയറ്റം എപ്പോഴും തിരിച്ചു വരാം എന്ന ഭീഷണി നിലനിര്‍ത്തുന്നു.

പലിശ നിരക്ക് കുറയുന്നതു രാജ്യത്തു ധനകാര്യ -വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കാന്‍ സഹായിക്കും. കുറഞ്ഞ പലിശ വായ്പയെടുത്തു വീടുപണിയുന്നതിനും വിലയേറിയ ഗൃഹോപകരണങ്ങള്‍ തവണ വ്യവസ്ഥയില്‍ വാങ്ങാനും ജനങ്ങളെ പ്രേരിപ്പിക്കും. ക്രെഡിറ്റ് കാര്‍ഡ് വായ്പ എടുക്കാനും ഉത്സാഹമാകും. ഇതെല്ലാം രാജ്യത്ത് ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഡിമാന്‍ഡ് കൂട്ടും. അപ്പോള്‍ വ്യവസായികള്‍ വായ്പയെടുത്തു ഫാക്ടറികള്‍ തുടങ്ങാനും ഉള്ളവ വിപുലമാക്കാനും തയാറാകും. അതു പണിയും വരുമാനവും കൂട്ടും. സ്വാഭാവികമായും ജിഡിപി വളര്‍ച്ചയുടെ തോത് ഉയരും. അതിനുള്ള റിസ്‌കിയായ ചുവടുവയ്പാണു മല്‍ഹോത്രയുടേത്. പാളിച്ച വന്നാല്‍ കനത്ത തിരിച്ചടി വരാവുന്ന ചുവടുവയ്പ്. 

Tags:    

Similar News