ബജറ്റില്‍ ഗിഗ് തൊഴിലാളികളെ സര്‍ക്കാര്‍ പരിഗണിക്കുമോ?
- 2030-ഓടെ ഗിഗ് തൊഴിലാളികള്‍ 23.5 ദശലക്ഷമായി ഉയരും
- സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും പരിരക്ഷയും നിലവില്‍ ഗിഗ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല
- ഇവര്‍ക്കായി സമര്‍പ്പിച്ച വിവിധ ക്ഷേമ നടപടികളുടെ രൂപരേഖ ഇതുവരെ നടപ്പാക്കപ്പെട്ടിട്ടില്ല
കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഗിഗ് തൊഴിലാളികളെ ബജറ്റില്‍ പരിഗണിക്കുമോ എന്ന ചോദ്യം ഇക്കുറി ഉയരുന്നു. കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയില്‍ ഒരു പ്രധാന വിഭാഗമായി ഉയര്‍ന്നുവന്നതാണ് ഗിഗ് തൊഴിലാളികള്‍. 2022-ലെ ഒരു നിതി ആയോഗ് പഠനം 2020-21-ല്‍ രാജ്യത്ത് ഏകദേശം 7.7 ദശലക്ഷം ഗിഗ്, പ്ലാറ്റ്ഫോം തൊഴിലാളികളെ കണക്കാക്കിയിരുന്നു. അതിനാല്‍ ഇത് ഒഴിവാക്കാനാകാത്ത ഒരു വിഭാഗം തന്നെയായി ഉയര്‍ന്നുകഴിഞ്ഞു. കൂടാതെ ഈ വിഭാഗത്തിലുള്ളവര്‍ 2029-30 അവസാനത്തോടെ 23.5 ദശലക്ഷമായി വളരുമെന്നാണ് നിഗമനം.
എന്നാല്‍ ഈ തൊഴിലാളികള്‍ നിലവിലുള്ള നിയമങ്ങള്‍ നിര്‍വചിച്ചിരിക്കുന്ന പരമ്പരാഗത 'തൊഴിലുടമ-തൊഴിലാളി' ബന്ധത്തിന് കീഴില്‍ വരുന്നതല്ല. ഇക്കാരണത്താല്‍ നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ നല്‍കുന്ന സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും പരിരക്ഷയും ഇവര്‍ക്ക് ലഭിക്കുന്നില്ല.
സാമൂഹ്യ സുരക്ഷാ 2020 ലെ പുതിയ കോഡ് 'ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം' തൊഴിലാളികളെ നിര്‍വചിച്ചിട്ടുണ്ട്. ഇവര്‍ക്കായി ഡിസെബിലിറ്റി ഇന്‍ഷുറന്‍സ്, അപകട ഇന്‍ഷുറന്‍സ്, ആരോഗ്യ, പ്രസവ ആനുകൂല്യങ്ങള്‍, വാര്‍ധക്യ സംരക്ഷണം തുടങ്ങിയ വിവിധ ക്ഷേമ നടപടികളുടെ രൂപരേഖ സമര്‍പ്പിച്ചിട്ടുമുണ്ട്. എന്നാല്‍ ഇത് നടപ്പാക്കാത്തത് ദശലക്ഷക്കണക്കിന് ഗിഗ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു.
പുതിയ ലേബര്‍ കോഡുകള്‍ ഇതുവരെ നടപ്പിലാക്കാത്തതിനാല്‍, വരുന്ന ബജറ്റില്‍ ഈ കുതിച്ചുയരുന്ന തൊഴിലാളികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ സമഗ്രമായ ചട്ടക്കൂട് കൊണ്ടുവരുന്നത് ഉചിതമാണെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു.
''വരാനിരിക്കുന്ന ബജറ്റില്‍, സര്‍ക്കാര്‍ ഇതിനായി ഒരു പദ്ധതി കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. വഴിയോരക്കച്ചവടക്കാര്‍ക്കായി പിഎം സ്വാനിധി, കര്‍ഷകത്തൊഴിലാളികള്‍ക്കുള്ള പിഎം കിസാന്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ഇതിനകം ആരംഭിച്ച മറ്റ് പദ്ധതികള്‍ക്ക് സമാനമായിരിക്കും ഇത്, '' വിഷയം സംബന്ധിച്ച് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ഗിഗ്, പ്ലാറ്റ്ഫോം തൊഴിലാളികളുടെ അധ്വാനത്തില്‍ അഗ്രഗേറ്റര്‍ കമ്പനികള്‍ ബില്യണ്‍ ഡോളറിന്റെ ബിസിനസുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സിന്റെ ദേശീയ ജനറല്‍ സെക്രട്ടറി ഷെയ്ക് സലാവുദ്ദീന്‍ പറഞ്ഞു. എന്നിട്ടും, ഈ തൊഴിലാളികള്‍ ചൂഷണവും അന്യായ വേതനവും സുരക്ഷിതമല്ലാത്ത തൊഴില്‍ സാഹചര്യങ്ങളും അഭിമുഖീകരിക്കുന്നു.
വരാനിരിക്കുന്ന ബജറ്റ് ദശലക്ഷക്കണക്കിന് ഗിഗ് തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ കൊണ്ടുവരാനുള്ള മികച്ച അവസരം നല്‍കുന്നു. എല്ലാ അഗ്രഗേറ്റര്‍ കമ്പനികളും, പ്രത്യേകിച്ച് ശരാശരി ജോലി സമയം, തൊഴിലാളികള്‍ സഞ്ചരിച്ച കിലോമീറ്ററുകള്‍, പൂര്‍ത്തിയാക്കിയ ഡെലിവറികളുടെ എണ്ണം, ഒരു തൊഴിലാളിയുടെ വാര്‍ഷിക വരുമാനം, ജോലിസ്ഥലത്തെ അപകടങ്ങളുടെ രേഖകള്‍, മരണങ്ങള്‍, നല്‍കിയ നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഡാറ്റ വെളിപ്പെടുത്തല്‍ നിര്‍ബന്ധമാക്കണം. ഇത് നയരൂപീകരണത്തില്‍ സുതാര്യത സാധ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്റെ തുടര്‍ച്ചയായ എട്ടാം യൂണിയന്‍ ബജറ്റ് അവതരിപ്പിക്കാനിരിക്കെ, അനുദിനം വളരുന്ന ഈ തൊഴില്‍ മേഖലക്ക് ആശ്വാസം നല്‍കാനുള്ള നടപടികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഉള്ളത്.