2026ല്‍ ലക്ഷ്യമിടുന്ന ധനക്കമ്മി 4.4 ശതമാനം
- നടപ്പ് സാമ്പത്തിക വര്‍ഷത്തെ ധനകമ്മി 4.8 ശതമാനം
- 2026 സാമ്പത്തിക വര്‍ഷത്തിലെ മൊത്ത നികുതി പിരിവ് 42.7 ലക്ഷം കോടിയാകും
2026ല്‍ രാജ്യത്തെ ധനക്കമ്മി ലക്ഷ്യം ജിഡിപിയുടെ 4.4 ശതമാനമായിരിക്കുമെന്ന് ധനമന്ത്രി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ധനകമ്മി 4.8 ശതമാനമായും പരിഷ്‌കരിച്ചു.
2026ലും സാമ്പത്തിക അച്ചടക്കം തുടരുമെന്ന സൂചനയാണ് ബജറ്റില്‍ നിര്‍മലാ സീതാരാമന്‍ നല്‍കിയത്.
മൂലധന ചെലവ് 11.21 ലക്ഷം കോടി രൂപയായിരിക്കും. അതേസമയം 2026 സാമ്പത്തിക വര്‍ഷത്തിലെ മൊത്ത നികുതി പിരിവ് 11% വര്‍ധിച്ച് 42.7 ലക്ഷം കോടി രൂപയാകുമെന്ന പ്രതീക്ഷയും ധനമന്ത്രി പങ്കുവച്ചു. കോര്‍പ്പറേറ്റ് നികുതി പിരിവില്‍ 10.4% വര്‍ധനയാണ് കണക്കാക്കുന്നത്. 10.82 ട്രില്യണ്‍ രൂപ ഈയിനത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം വ്യക്തിഗത ആദായ നികുതി വരുമാനം 14.4% വര്‍ധിച്ച് 14.38 ട്രില്യണ്‍ ആകുമെന്നും പ്രതീക്ഷിക്കുന്നു.
ജിഎസ്ടി വരുമാനമായി 11.78 കോടിയാകുമെന്നാണ് വിലയിരുത്തല്‍. വിപണിയില്‍ നിന്നുള്ള കടത്തിലും കുറവ് വരുത്താന്‍ ശ്രമമുണ്ട്. 2026 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രം വിപണിയില്‍ നിന്ന് 11.5 ട്രില്യണ്‍ കടമെടുക്കും. ഇത് നടപ്പ് സാമ്പത്തിക വര്‍ഷം 11.62 ട്രില്യണ്‍ ആണെന്നും ധനമന്ത്രി വ്യക്തമാക്കി.