കാര്‍ഷിക മേഖലമുതല്‍ എഐ വരെ; സ്വപ്നങ്ങള്‍ വാരിവിതറി കേന്ദ്ര ബജറ്റ്
- സ്വര്‍ണത്തിന് ഇറക്കുമതി നികുതി ഉയര്‍ത്തിയില്ല
- സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 5 വര്‍ഷത്തേക്ക് നികുതി ആനുകൂല്യങ്ങള്‍
- ഗിഗ് വര്‍ക്കേഴ്‌സിന് ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകും
ബജറ്റ് പ്രസംഗം ആരംഭിച്ചത് കാര്‍ഷികമേഖലയുടെ പ്രാധാന്യവുമായി. തുടര്‍ന്ന് വിദ്യാഭ്യാസ-ആരോഗ്യ മേഖലകള്‍ക്ക് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നെങ്കിലും അത് ഉണ്ടായില്ല.
നിര്‍മിത ബുദ്ധിക്ക് വലിയ വിഹിതം പ്രഖ്യാപിച്ചത് സര്‍ക്കാരിന്റെ ശ്രദ്ധേയമായ നീക്കമായി. യു.എസ്, ചൈന എന്നിവയോട് കിടപിടിക്കുന്ന എ.ഐ സങ്കേതം ഇന്ത്യ ഉടന്‍ വികസിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. ചാറ്റ് ജിപിടി, ഡീപ് സീക് എന്നിവയോട് മത്സരിക്കുന്ന, ആഗോള നിലവാരമുള്ള സങ്കേതമായിരിക്കും ഇന്ത്യയുടേതെന്നാണ് അദ്ദേഹം അറിയിച്ചത്. നിര്‍മിത ബുദ്ധി വിദ്യാഭ്യാസത്തിന് 500 കോടി രൂപ അനുവദിച്ചത് ഭാവി മുന്നില്‍ക്കണ്ടുള്ള ചുവടു വെയ്പായി.
ഡല്‍ഹിയില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യവര്‍ഗ വോട്ടുകള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. ഇതോടൊപ്പം സാധാരണക്കാരുടെ കൈവശം പണം എത്തിക്കുക എന്ന പ്രധാന ലക്ഷ്യവും നികുതി വലിയ തോതില്‍ കുറയ്ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു.
രാജ്യത്തെ സംരംഭങ്ങള്‍ക്ക് കൈത്താങ്ങേകാനും സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഇതിലൂടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും ജനങ്ങളുടെ കൈവശം കൂടുതല്‍ വരുമാനം കൊണ്ടു വരാനുമാണ് ശ്രമം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 5 വര്‍ഷത്തേക്ക് നികുതി ആനുകൂല്യങ്ങള്‍ ഇത്തരത്തില്‍ ശ്രദ്ധേയമായ പ്രഖ്യാപനമായി.
ഗിഗ് വര്‍ക്കേഴ്‌സിന് ഐഡന്റിറ്റി കാര്‍ഡുകള്‍ നല്‍കാനും, ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പി.എം ജന്‍ ആരോഗ്യ യോജനയ്ക്ക് കീഴില്‍ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകുന്നത് രാജ്യത്തെ ഏകദേശം 1 കോടി ഗിഗ് വര്‍ക്കേഴ്‌സിന് ഇതിന്റെ പ്രയോജനം ലഭിക്കും.
സ്‌പെസിഫൈഡ് സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നെടുക്കുന്ന 10 ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പകളുടെ ടി.സി.എസ് ഒഴിവാക്കിയതും. വാടകയുടെ വാര്‍ഷിക ടി.ഡി.എസ് 2.4 ലക്ഷം രൂപയില്‍ നിന്ന് 6 ലക്ഷം രൂപയാക്കിയതും, മുതിര്‍ന്ന പൗരന്മാരുടെ ടാക്‌സ് ഡിഡക്ഷന്‍ പരിധി 1 ലക്ഷം രൂപയിലേക്ക് ഇരട്ടിയാക്കി മാറ്റിയതും പ്രധാന പ്രഖ്യാപനങ്ങളായി മാറി.