ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം
- ഇതോടെ ആഗോള കമ്പനികള്‍ രാജ്യത്തേക്ക് പ്രവേശിക്കും
- വിപണി മത്സരം ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം
- ഒരു ഏജന്റിന് പല കമ്പനികളുടെ പോളിസികള്‍ വില്‍ക്കാന്‍ അവസരം
ഇന്‍ഷുറന്‍സ് മേഖലയില്‍ പൂര്‍ണതോതില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. നിലവിലെ 74 ശതമാനം വിദേശ നിക്ഷേപം 100 ശതമാനമാക്കും. ഇതിനായി ഇന്‍ഷുറന്‍സ് ഭേദഗതി ബില്ല് അവതരിപ്പിക്കും.
ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം വരുന്നതോടെ വന്‍കിട കമ്പനികള്‍ക്ക് നേരിട്ട് മാര്‍ക്കറ്റില്‍ പ്രവേശിക്കാം. ഇത്തരത്തില്‍ ആഗോള കമ്പനികളെ കൊണ്ടുവന്ന് വിപണി മത്സരം ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
പുതിയ നീക്കം കൂടുതല്‍ പേര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ സഹായിക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. ഇന്ത്യയില്‍ മുഴുവന്‍ പ്രീമിയവും നിക്ഷേപിക്കുന്ന കമ്പനികള്‍ക്കാണ് ഈ വര്‍ധിപ്പിച്ച പരിധി ലഭ്യമാവുക എന്ന വ്യവസ്ഥയും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു ഏജന്റിനു തന്നെ പല കമ്പനികളുടെ പോളിസികള്‍ വില്‍ക്കാന്‍ അവസരം ലഭിക്കും. ഇതിനായി ഇന്‍ഷുറന്‍സ് നിയമം, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ നിയമം, ഇന്‍ഷുറന്‍സ് റഗുലേറ്ററി ഡവലപ്‌മെന്റ് അതോറിട്ടി നിയമം എന്നിവ ഭേദഗതി ചെയ്യാനാണ് ഒരുക്കം.
ഇതോടെ വ്യക്തിഗത ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ക്ക് ഒന്നിലധികം കമ്പനികളുടെ പോളിസികള്‍ ഒരേസമയം ചേര്‍ക്കാനുമാകും. ഒരു ലൈഫും പൊതു ഇന്‍ഷുറന്‍സും എന്നതാണ് നയം. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങള്‍ ലഘൂകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.