ആദായനികുതി ഫയലിംഗ് നിയമങ്ങള്‍ ലളിതമാക്കാന്‍ കേന്ദ്രം
- ആദായ നികുതി ഫയലിംഗ് ലളിതമാക്കാനുള്ള നടപടികള്‍ ബജറ്റിലുണ്ടാകും
- കഴിഞ്ഞ ദശകത്തില്‍ ഉണ്ടായ നികുതി സംബന്ധമായ തര്‍ക്കങ്ങള്‍ 120 ബില്യണ്‍ ഡോളറിലധികം
- ജനുവരി പകുതിയോടെ നിയമത്തിന്റെ കരട് പുറത്തിറക്കും
ആദായനികുതി ഫയലിംഗ് നിയമങ്ങള്‍ ലളിതമാക്കാന്‍ കേന്ദ്രം. ഇത് സംബന്ധിച്ച നടപടികള്‍ സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തും. കഴിഞ്ഞ ദശകത്തില്‍ ഉണ്ടായ നികുതി സംബന്ധമായ തര്‍ക്കങ്ങള്‍ 120 ബില്യണ്‍ ഡോളറിലധികമാണ്. ഇത് ഒഴിവാക്കുകയാണ് ലക്ഷ്യം.
1961-ലെ ആദായനികുതി നിയമത്തിന്റെ ഒരു പരിഷ്‌കരണം നിലവില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ജനുവരി പകുതിയോടെ ഇത് പൊതുജനാഭിപ്രായത്തിനായി പുറപ്പെടുവിക്കുമെന്നാണ് സൂചന. പുതുക്കിയ നിയമനിര്‍മ്മാണം കേന്ദ്ര ബജറ്റില്‍ പുറത്തിറക്കും.
ഫോര്‍മുലകളും ടേബിളുകളും ഉപയോഗിച്ച് ഭാഷ ലളിതമാക്കുന്നതും വിവരങ്ങള്‍ യുക്തിസഹമാക്കുന്നതും ഈ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ നികുതി നിരക്കുകളിലും നയങ്ങളിലും ക്രമീകരണങ്ങളൊന്നും ഉള്‍പ്പെടുത്തില്ല. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും ധനമന്ത്രാലയം പുറപ്പെടുവിച്ചിട്ടില്ല.
നികുതിദായകരുടെ മേലുള്ള ബ്യൂറോക്രാറ്റിക് ഭാരം കുറയ്ക്കുന്നതിനായി പതിറ്റാണ്ടുകളായി നികുതി നിയമങ്ങള്‍ നവീകരിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നു. 2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം വരെയുള്ള ദശകത്തില്‍ നികുതി തര്‍ക്കങ്ങള്‍ ഇരട്ടിയായി 10.5 ട്രില്യണ്‍ (123 ബില്യണ്‍ ഡോളര്‍) ആയി ഉയര്‍ന്നു.
നിയമങ്ങള്‍ ഉണ്ടാക്കുന്നതിനായി നികുതി നിയമത്തിന്റെ സമഗ്രമായ അവലോകനം ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു.
സങ്കീര്‍ണ്ണമായ വരുമാന കണക്കുകൂട്ടല്‍ ഘടനകളെ ഫോര്‍മുലകളാല്‍ മാറ്റിസ്ഥാപിക്കുന്നതാണ് ഒരുമാറ്റം.മൂല്യനിര്‍ണ്ണയ വര്‍ഷത്തിന്റെയും സാമ്പത്തിക വര്‍ഷത്തിന്റെയും നിലവിലെ രീതിക്ക് പകരമായി നികുതി വര്‍ഷത്തിന്റെ ഒരൊറ്റ നിര്‍വചനം കൊണ്ടുവരാനും സാധ്യത. കൂടാതെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഒരേപോലെയുള്ള നികുതിദായകര്‍ക്കുള്ള ടാബുലാര്‍ ചിത്രീകരണം ഉണ്ടാകും. നികുതിദായകര്‍ അവരുടെ നികുതി റിട്ടേണുകള്‍ക്കൊപ്പം സമര്‍പ്പിക്കേണ്ട അധിക ഫോമുകളുടെ എണ്ണം കുറയ്ക്കും. ഇത് ഓണ്‍ലൈനില്‍ ലഭ്യമാക്കുകയും ചെയ്യും.