പാര്‍ലമെന്റ് സമ്മേളനത്തിന് തുടക്കം; ഇടക്കാല ബജറ്റ് നാളെ
- പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകാന്‍ സാധ്യത
- സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം
- ഫെബ്രുവരി ഒന്‍പതിന് സമ്മേളനം സമാപിക്കും
നിലവിലെ ലോക്സഭയുടെ അവസാനത്തെ ബജറ്റ് സമ്മേളനം ഇന്നാരംഭിച്ചു. നാളെയാണ് സര്‍ക്കാര്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നത്. നേരത്തെതന്നെ സഭാ നടപടികള്‍ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഹകരണം തേടിയിരുന്നു. ഏപ്രില്‍-മെയ് മാസങ്ങളില്‍ പ്രതീക്ഷിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഭരണകക്ഷിയായ ബി.ജെ.പിയുടെ അജണ്ടയിലേക്ക് ഒരു നോട്ടം നല്‍കുന്നതായിരിക്കും ബജറ്റെന്നാണ് വിലയിരുത്തല്‍.
ഹ്രസ്വ സമ്മേളനത്തിന് എല്ലാ പാര്‍ട്ടികളുടെയും സഹകരണം സര്‍ക്കാര്‍ തേടിയതായി പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധിക്കെതിരായ രാഷ്ട്രീയ ആക്രമണങ്ങളും അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗവും മണിപ്പൂര്‍ സാഹചര്യവും കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.
ഫെബ്രുവരി 9ന് സമാപിക്കുന്ന പതിനേഴാം ലോക്സഭയുടെ ഹ്രസ്വ സമ്മേളനത്തിന്റെ പ്രധാന അജണ്ട രാഷ്ട്രപതിയുടെ പ്രസംഗവും ഇടക്കാല ബജറ്റ് അവതരണവും രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടിയുമാണെന്ന് ജോഷി പറഞ്ഞു.
തൊഴിലില്ലായ്മ, ഉയര്‍ന്ന പണപ്പെരുപ്പം, കാര്‍ഷിക ദുരിതം, വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലെ സാഹചര്യം എന്നിവ സമ്മേളനത്തില്‍ പാര്‍ട്ടി ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുരേഷ് പറഞ്ഞു.
ഇടക്കാല ബജറ്റില്‍ വിവിധ കേന്ദ്ര പദ്ധതികളുടെ പേരില്‍ പശ്ചിമ ബംഗാളിന് നല്‍കാനുള്ള കുടിശ്ശിക ധനമന്ത്രി ഉള്‍പ്പെടുത്തണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുദീപ് ബന്ദ്യോപാധ്യായ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതം യഥാസമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മുഖ്യമന്ത്രി ധര്‍ണയില്‍ ഇരിക്കേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
പതിവ് സര്‍വകക്ഷി യോഗത്തില്‍ നിന്ന് പുറത്തുവന്ന പാര്‍ലമെന്ററി കാര്യ മന്ത്രി ജോഷി, ആശയവിനിമയത്തെ 'വളരെ സൗഹാര്‍ദ്ദപരം' എന്ന്ാണ് വിശേഷിപ്പിച്ചത്. ഹ്രസ്വ സമ്മേളനത്തില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പറഞ്ഞു.
ബജറ്റ് സമ്മേളനത്തിന് സര്‍ക്കാരിന് നിയമനിര്‍മ്മാണ അജണ്ടയില്ലെന്നും രാഷ്ട്രപതിയുടെ പ്രസംഗം, നന്ദി പ്രമേയ ചര്‍ച്ച, ഇടക്കാല ബജറ്റ് അവതരണം, ജമ്മു കശ്മീരിനുള്ള ബജറ്റ് എന്നിവയിലായിരിക്കും അതിന്റെ ഊന്നല്‍ എന്നും ജോഷി പറഞ്ഞു.
സര്‍ക്കാരിന്റെ ശേഷിക്കുന്ന കാലയളവിലേക്കുള്ള ഇടക്കാല ബജറ്റ് മാത്രമേ പാര്‍ലമെന്റ് പാസാക്കുകയുള്ളു. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ സര്‍ക്കാര്‍ എന്തുചെയ്യുമെന്ന് ഉയര്‍ത്തിക്കാട്ടുന്നതിന് വിവിധ വോട്ടിംഗ് ബ്ലോക്കുകളെ ആകര്‍ഷിക്കാന്‍ മന്ത്രി നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കിയേക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.