ഇന്ത്യ-യുഎസ് ബന്ധം; ബജറ്റ് നിര്‍ണായകമെന്ന് റിപ്പോര്‍ട്ട്

  • യുഎസ് ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കുന്നത് പരിഗണിച്ചേക്കും
  • സൗഹൃദം ശക്തിപ്പെടുത്തുന്നതിന്റെ ആദ്യ സൂചനയായിരിക്കും ബജറ്റ്
  • ചൈനയെ ചെറുക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുമായി യുഎസ് സഹകരണം വര്‍ധിപ്പിക്കും

Update: 2025-01-20 11:34 GMT

ഇന്ത്യ-യുഎസ് ബന്ധം ശക്തപ്പെടുത്തുന്നതില്‍ ബജറ്റ് നിര്‍ണായകമാവുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നത് അടക്കമുള്ള പ്രഖ്യാപനങ്ങളുണ്ടാവുമെന്ന് പ്രതീക്ഷ.

ഡൊണാള്‍ഡ് ട്രംപിന്റെ യു.എസ്. പ്രസിഡന്റ് പദവിയിലേക്കുള്ള രണ്ടാംവരവ് ഇന്ത്യയ്ക്ക് അനുകൂലമാക്കാന്‍ ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് കഴിഞ്ഞേക്കുമെന്നാണ് കരുതുന്നത് . നികുതി തീരുവ സംബന്ധിച്ച ഇന്ത്യ-യുഎസ് വാക്ക് തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ ധനമന്ത്രി നടത്തിയേക്കും.

ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദം ശക്തിപ്പെടുത്തുന്നതിന്റെ ആദ്യ സൂചനയായിരിക്കും ഇത്. കുടിയേറ്റം, വ്യാപാരം, സൈനിക സഹകരണം, നയതന്ത്രം തുടങ്ങിയ മേഖലകളില്‍ ട്രംപിന്റെ രണ്ടാം ഭരണകൂടം പൊതുവില്‍ ഇന്ത്യക്ക് ഗുണകരമാകുമെന്ന പ്രത്യാശയാണ് നല്‍കുന്നത്.

ഇന്‍ഡോ - പസഫിക് മേഖലയില്‍ ചൈനയുടെ സ്വാധീനം ചെറുക്കുക എന്ന അമേരിക്കയുടെ ലക്ഷ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുമായി സൈനിക കാര്യത്തിലുള്‍പ്പെടെ സഹകരണം വര്‍ധിപ്പിക്കുവാന്‍ യു.എസ്. തയ്യാറായേക്കും. ക്വാഡ് സഖ്യത്തെ കൂടുതല്‍ ശക്തമാക്കുമെന്ന് ട്രംപ് പറയുന്നു. യു.എസ്, ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഖ്യത്തിലൂടെ ചൈനയെ സന്തുലിതമാക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ യു.എസ്. കമ്പനികള്‍ ഇന്ത്യയിലേക്ക് വരുവാനുള്ള സാധ്യത സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ചൈനയില്‍ നിന്നുള്ള വിതരണ ശൃംഖലകളെ അമേരിക്ക നിയന്ത്രിക്കുമ്പോള്‍ ഈ അവസരം യു.എസ്. ബിസിനസുകളെ ആകര്‍ഷിക്കുന്ന ഒരു ഉല്പാദന കേന്ദ്രമായി പരിണമിക്കാന്‍ ഇന്ത്യയ്ക്ക് സാഹചര്യമൊരുക്കും. അതുപോലെ അമേരിക്കയിലെ വന്‍വ്യവസായ സ്ഥാപനങ്ങളുമായി ഇന്ത്യ ഒപ്പുവച്ച കരാറുകള്‍ പലതും നിര്‍വഹണ ദശയിലാണ്.

ആഗോള ടെക് കമ്പനിയായ ആപ്പിള്‍ ഇന്ത്യയില്‍ ഗവേഷണ വികസന രൂപ കല്പന കേന്ദ്രം തുടങ്ങുന്നതിനായി ആപ്പിള്‍ ഓപ്പറേഷന്‍സ് ഇന്ത്യ എന്ന പേരില്‍ സമ്പൂര്‍ണ്ണ കമ്പനിയാണ് രൂപവത്കരിച്ചിരിക്കുന്നത്. ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 21.6 ശതമാനം വിഹിതവുമായി ആപ്പിള്‍ ഇപ്പോള്‍ തന്നെ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നികുതി തര്‍ക്കത്തില്‍ അല്‍പ്പം വിട്ടുവീഴ്ചയാവാം എന്ന വിലയിരുത്തലിലാണ് ഇന്ത്യയുള്ളത്. 

Tags:    

Similar News