ഇലക്ട്രോണിക്‌സ് വ്യവസായത്തിന് ബജറ്റ് സഹായം അനിവാര്യം

  • ആഗോള കമ്പനികള്‍ ഇന്ത്യയിലേക്കെത്തണമെങ്കില്‍ അവര്‍ക്ക് പ്രോത്സാഹനം ലഭിക്കേണ്ടതുണ്ട്
  • ആഗോള ഇലക്ട്രോണിക്‌സ് ഹബ്ബായി മാറുക എന്നത് വെല്ലുവിളി
  • മൂന്ന് പതിറ്റാണ്ടുകൊണ്ടാണ് ചൈന ഈ രംഗത്ത് ലോക നേതാവായത്

Update: 2025-01-17 11:02 GMT

ആഗോള ഇലക്ട്രോണിക്‌സ് വ്യവസായം ഇന്ന് മാറ്റത്തിന് വിധേയമാകുകയാണ്. ഇതിന് കാരണമായത് കോവിഡ്-19 പകര്‍ച്ചവ്യാധിയും. ഇത് ആഗോളതലത്തില്‍ 'ചൈന പ്ലസ് വണ്‍' തന്ത്രത്തെ തീവ്രമാക്കി. ആപ്പിള്‍ പോലുള്ള കമ്പനികള്‍ അവരുടെ വിതരണ ശൃംഖലയെ ഇന്ന് വൈവിധ്യവല്‍ക്കരിക്കുകയാണ്.

ഈ മാറ്റം ഇന്ത്യയ്ക്ക് വലിയ അവസരങ്ങള്‍ സമ്മാനിക്കുന്നു. എന്നാല്‍ ഒരു ആഗോള ഇലക്ട്രോണിക്‌സ് ഹബ്ബായി ഇന്ത്യ മാറുന്നതിനുള്ള വഴി വെല്ലുവിളികള്‍ നിറഞ്ഞതാണ്. 2025ലെ ബജറ്റ് ഈ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും ഇലക്ട്രോണിക്സ് ഘടകങ്ങളുടെ നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ പുരോഗതി ത്വരിതപ്പെടുത്തുന്നതിലും ഒരു വഴിത്തിരിവായേക്കാം. കമ്പനി കളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനും ഉള്ളവയെ നിലനിര്‍ത്താനും രാജ്യം പദ്ധതികളൊരുക്കേണ്ടതുണ്ട്. അതിന് പ്രത്യേക പാക്കേജുകള്‍ക്ക് ബജറ്റില്‍ സ്ഥാനമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

മൂന്ന് പതിറ്റാണ്ടിന്റെ സൂക്ഷ്മമായ ആസൂത്രണത്തിന്റെയും ശക്തമായ ഗവണ്‍മെന്റിന്റെ പിന്തുണയുടെയും സ്ഥിരമായ നിര്‍വ്വഹണത്തിന്റെയും ഫലമാണ് ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തില്‍ ചൈനയുടെ ആധിപത്യം.

മെയ്ക്ക് ഇന്‍ ഇന്ത്യ, പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീം തുടങ്ങിയ സംരംഭങ്ങളിലൂടെ ഇന്ത്യ, വൈകിയെത്തിയെങ്കിലും, അതിന്റെ സാധ്യതകള്‍ തെളിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, വിയറ്റ്നാം, ഇന്തോനേഷ്യ, തായ്ലന്‍ഡ്, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ 4.3 ട്രില്യണ്‍ ഡോളറിന്റെ ആഗോള ഇലക്ട്രോണിക്സ് വിപണിയുടെ ഒരു വിഹിതത്തിനായി മത്സരിക്കുന്നു. അതിനാല്‍ ഇന്ത്യക്ക് രംഗത്തെ പ്രമുഖരാകുന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്.

ഘടക നിര്‍മ്മാണം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തില്‍, പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍ (പിസിബികള്‍), ക്യാമറ മൊഡ്യൂളുകള്‍, ലിഥിയം അയണ്‍ സെല്ലുകള്‍, മറ്റ് നിര്‍ണായക ഘടകങ്ങള്‍ എന്നിവയുടെ പ്രാദേശിക ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള 25,000 കോടി രൂപയുടെ പദ്ധതിക്കും സര്‍ക്കാര്‍ അംഗീകാരം നല്‍കി.. അടുത്ത അഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ 5060 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഘടകങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഈ പദ്ധതി ഇന്ത്യയെ പ്രാപ്തമാക്കുമെന്ന് അധികൃതര്‍ കണക്കാക്കുന്നു.

അസംസ്‌കൃത വസ്തുക്കള്‍ക്കായി ഇന്ത്യ ചൈനയെ അമിതമായി ആശ്രയിക്കുന്നത് പരിഹരിക്കാനും പാക്കേജ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി പുതിയ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കും.

പിസിബികളും മിനിയേച്ചര്‍ ഇലക്ട്രോണിക് ഭാഗങ്ങളും പോലുള്ള അര്‍ദ്ധചാലക ഇതര ഘടകങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് 2030-ഓടെ 5 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം 40,000 കോടി രൂപയുടെ പാക്കേജിന് കേന്ദ്ര കാബിനറ്റിന്റെ അനുമതി തേടാന്‍ ഒരുങ്ങുന്നതായി ,ൂചനയുണ്ട്. അര്‍ദ്ധചാലക ഇതര മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ നിര്‍ദ്ദേശം, ക്യാബിനറ്റ് പച്ചക്കൊടി കാട്ടിയാല്‍, 2025 ഏപ്രിലില്‍ നിക്ഷേപം ആരംഭിക്കുന്നതിലേക്ക് നയിച്ചേക്കാം. 

Tags:    

Similar News