കേന്ദ്ര ബജറ്റ്: ഊഹങ്ങളില്‍ വീര്‍പ്പുമുട്ടി ജനങ്ങള്‍
- ആദായനികുതി നിരക്കില്‍ ഇളവ് പ്രതീക്ഷിച്ച് ജനങ്ങള്‍
- ധനക്കമ്മികുറയ്ക്കുന്ന നടപടികളില്‍ ശ്രദ്ധചെലുത്താന്‍ സാധ്യത
- തെരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കാന്‍ ജനകീയ നടപടികളെ ആശ്രയിക്കേണ്ടിവരില്ലെന്നും നിഗമനം
ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2024-25 ഇടക്കാല ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍, പ്രഖ്യാപനങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകളും ഊഹാപോഹങ്ങളും കൊണ്ട് രാജ്യം നിറഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പുള്ള ബജറ്റായി കാണുന്നതിനാല്‍ അതില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ജനങ്ങള്‍ കാത്തിരിക്കുന്നു എന്നു പറയാം. പ്രത്യേകിച്ച് മധ്യവര്‍ഗക്കാര്‍ക്കാണ് കൂടുതല്‍ ആകാംക്ഷ. വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം നേരിടാന്‍, ആദായനികുതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുമോ എന്നറിയാന്‍ അവര്‍ ആഗ്രഹിക്കുന്നു.
ശമ്പളമുള്ള നികുതിദായകര്‍ക്ക് അധിക ഇളവ് നല്‍കുന്നതിന് ധാരാളം സാധ്യതകളുണ്ടെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഇടത്തരം വോട്ടര്‍മാരുടെ വോട്ടും പ്രീതിയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ഇടക്കാല ബജറ്റില്‍ സര്‍ക്കാര്‍ ജനകീയ നടപടികള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷകള്‍ സജീവമാണ്. വന്‍ പദ്ധതികള്‍ ഉണ്ടാകില്ലെന്ന ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് സമ്മാനം ഉണ്ടാകന്‍ സാധ്യതയേറെയാണ് എന്നാണ് ഏവരും വിശ്വസിക്കുന്നത്.
എന്നിരുന്നാലും, ഈ പശ്ചാത്തലത്തില്‍, ധനക്കമ്മി കുറയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അങ്ങനെയെങ്കില്‍ വലിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത കുറവാണ്.
അടിസ്ഥാന സൗകര്യ ചെലവുകളില്‍ സുസ്ഥിരമായ ശ്രദ്ധ കേന്ദ്രീകരിച്ച് തൊഴില്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വിദഗ്ധര്‍ കണക്കുകൂട്ടുന്നു. കൂടാതെ, കര്‍ഷകര്‍, സ്ത്രീകള്‍, ദരിദ്രരായ കുടുംബങ്ങള്‍ എന്നിവരെ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ചില പ്രധാന ക്ഷേമപദ്ധതികള്‍ക്കുള്ള വിഹിതത്തില്‍ വര്‍ധനവുണ്ടായേക്കാം.
കഴിഞ്ഞ വര്‍ഷം മൂന്ന് സുപ്രധാന സംസ്ഥാനങ്ങളിലെ വിജയവും രാമക്ഷേത്ര ഉദ്ഘാടനവും കേന്ദ്ര സര്‍ക്കാരിന്റെ ആത്മവിശ്വാസത്തെ വര്‍ധിപ്പിക്കുന്നുണ്ട്. ഇക്കാരണത്താല്‍ തെരഞ്ഞെടുപ്പിലെ വിജയം ഉറപ്പാക്കാന്‍ സര്‍ക്കാരിന് ജനകീയ നടപടികളെ വലിയ തോതില്‍ ആശ്രയിക്കേണ്ടതില്ലെന്ന് പല വിശകലന വിദഗ്ധരും കരുതുന്നു.