ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; എക്‌സിറ്റ് പോളുകളില്‍ ബിജെപി

  • രണ്ട് എക്‌സിറ്റ് പോളുകള്‍ എഎപിയുടെ വിജയം പ്രവചിക്കുന്നു
  • ഫെബ്രുവരി എട്ടിനാണ് ഡെല്‍ഹിയില്‍ വോട്ടെണ്ണല്‍

Update: 2025-02-06 04:12 GMT

ഡെല്‍ഹിയിലെ 70 അംഗ നിയമസഭയില്‍ ബിജെപി ഭൂരിപക്ഷം നേടുമെന്ന് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നു. രണ്ടെണ്ണം മാത്രമാണ് വിരുദ്ധ അഭിപ്രായം പ്രകടിപ്പിച്ചത്. 1993ലാണ് ബിജെപി അവസാനമായി ഡല്‍ഹി നിയമസഭയില്‍ ഭൂരിപക്ഷം നേടിയത്. 1956 മുതല്‍ 1993 വരെ ഡല്‍ഹിയില്‍ നിയമസഭ ഉണ്ടായിരുന്നില്ല.

മൈന്‍ഡ് ബ്രിങ്ക്, വീ പ്രെസൈഡ് എന്നീ രണ്ട് എക്സിറ്റ് പോളുകള്‍ മാത്രമാണ് എഎപിയുടെ വിജയം പ്രവചിച്ചത്. പീപ്പിള്‍സ് ഇന്‍സൈറ്റ്, മാട്രിസ്, പിഎംമാര്‍ക്ക്, ചാണക്യ എന്നിവയുള്‍പ്പെടെ ബാക്കിയുള്ളവ പറയുന്നത്, ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ 2013 ലെ പ്രകടനം മെച്ചപ്പെടുത്തുമെന്നാണ്. 70 സീറ്റുകളില്‍ 68 സീറ്റുകളിലും ബിജെപി മത്സരിച്ചപ്പോള്‍ സഖ്യകക്ഷികളായ ജനതാദള്‍ (യുണൈറ്റഡ്), ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) എന്നിവര്‍ ഓരോന്നും മത്സരിച്ചു.

ബിജെപി വിജയം പ്രവചിച്ച എക്സിറ്റ് പോള്‍ ഫലങ്ങളില്‍, പാര്‍ട്ടിക്ക് 51 മുതല്‍ 60 വരെ സീറ്റുകള്‍ ലഭിക്കുമെന്നും എഎപിക്ക് 10-19 സീറ്റുകള്‍ ലഭിക്കുമെന്നും പീപ്പിള്‍സ് പള്‍സ് കാണിക്കുന്നു. പീപ്പിള്‍സ് ഇന്‍സൈറ്റ് എക്സിറ്റ് പോള്‍ പ്രകാരം എന്‍ഡിഎയ്ക്ക് 40 മുതല്‍ 44 സീറ്റുകളും എഎപിക്ക് 25 മുതല്‍ 29 സീറ്റുകളും കോണ്‍ഗ്രസിന് 0-1 സീറ്റും ലഭിക്കുമെന്നാണ് സൂചന. പി-മാര്‍ക് എക്‌സിറ്റ് പോള്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും 39-49 സീറ്റുകളും എഎപിക്ക് 21-31 സീറ്റുകളും കോണ്‍ഗ്രസിന് 0-1 സീറ്റുകളും പ്രവചിച്ചു.

ബിജെപിക്കും സഖ്യകക്ഷികള്‍ക്കും 39-45 സീറ്റുകളും എഎപിക്ക് 22-31 സീറ്റുകളും കോണ്‍ഗ്രസിന് 0-2 സീറ്റുകളും ലഭിക്കുമെന്ന് ജെവിസി എക്സിറ്റ് പോള്‍ പറയുന്നു. അതുപോലെ, പോള്‍ ഡയറിയില്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും 42-50 സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ എഎപിക്ക് 18-25 സീറ്റുകളും കോണ്‍ഗ്രസിന് 0-2 സീറ്റുകളും മറ്റുള്ളവര്‍ക്ക് 0-1 സീറ്റുകളും ലഭിക്കുമെന്ന് പ്രവചിച്ചു. ബിജെപിക്കും സഖ്യകക്ഷികള്‍ക്കും 39-44 സീറ്റുകളും എഎപിക്ക് 25-28 സീറ്റുകളും കോണ്‍ഗ്രസിന് 2-3 സീറ്റുകളും ലഭിക്കുമെന്ന് ചാണക്യ സ്ട്രാറ്റജീസ് എക്സിറ്റ് പോള്‍ പറയുന്നു.

രണ്ട് സര്‍വേകള്‍ എഎപിയുടെ വിജയം പ്രവചിച്ചു - വീ പ്രെസൈഡ്, എഎപിക്ക് 46-52, ബിജെപിക്ക് 18-23, കോണ്‍ഗ്രസിന് 0-1, മൈന്‍ഡ് ബ്രിങ്ക് മീഡിയ എഎപിക്ക് 44-49, ബിജെപിക്ക് 21-25, കോണ്‍ഗ്രസിന് 0-1 എന്നിങ്ങനെയാണ് പ്രവചിച്ചത്.

70 അംഗ ഡല്‍ഹി നിയമസഭയില്‍ 36 ആണ് ഭൂരിപക്ഷം. എഎപിക്ക് നിലവില്‍ 62 എംഎല്‍എമാരും ബിജെപിക്ക് എട്ട് എംഎല്‍എമാരും കോണ്‍ഗ്രസിന് ഒന്നുമില്ല.

1993ല്‍ 70ല്‍ 49 സീറ്റും ബിജെപി നേടിയിരുന്നു. 2013 ഒഴികെ തുടര്‍ന്നുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും 25 സീറ്റ് കടക്കാനായില്ല. തൂക്കുസഭയില്‍ കലാശിച്ച 2013ല്‍ ബിജെപിക്ക് ഭൂരിപക്ഷം കുറഞ്ഞെങ്കിലും 31 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഫെബ്രുവരി എട്ടിനാണ് ഡെല്‍ഹിയില്‍ വോട്ടെണ്ണല്‍. 

Tags:    

Similar News