സാമൂഹിക സുരക്ഷാ ഫണ്ട്; ഇന്ത്യ യുകെയുമായി ചര്‍ച്ച നടത്തുന്നു
- ഇന്ത്യാക്കാര്‍ സാമൂഹിക സുരക്ഷാ ഫണ്ടുകളിലേക്ക് ഇരട്ടി സംഭാവന നല്‍കുന്നത് ഒഴിവാക്കാനാകും
- താല്‍ക്കാലിക ജോലിക്കാര്‍ക്ക് പ്രതിവര്‍ഷം അധിക ബാധ്യത ഈ ഫണ്ട് സൃഷ്ടിക്കുന്നു
- ഹെല്‍ത്ത് സര്‍വീസിലേക്ക് നല്‍കുന്ന നികുതികള്‍ക്കും ആരോഗ്യ സര്‍ചാര്‍ജിനും പുറമെയാണിത്
ഇന്ത്യ യുകെയുമായി ഒരു സാമൂഹിക സുരക്ഷാ കരാറിനും വ്യാപാര, നിക്ഷേപ കരാറുകള്‍ക്കുമുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍.
സാമൂഹിക സുരക്ഷാ കരാര്‍, ബ്രിട്ടനില്‍ പരിമിതമായ കാലയളവില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രൊഫഷണലുകള്‍ സാമൂഹിക സുരക്ഷാ ഫണ്ടുകളിലേക്ക് ഇരട്ടി സംഭാവന നല്‍കുന്നത് ഒഴിവാക്കാന്‍ സഹായിക്കും. ബ്രിട്ടനില്‍ പരിമിതമായ കാലയളവില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രൊഫഷണലുകള്‍ അവരുടെ സാമൂഹിക സുരക്ഷാ ഫണ്ടുകളിലേക്ക് സംഭാവന ചെയ്യുന്നു. പക്ഷേ പദ്ധതികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അവര്‍ തിരിച്ചെത്തുമ്പോള്‍ അതിന്റെ ആനുകൂല്യം ലഭിക്കില്ല.
സ്വതന്ത്ര വ്യാപാര കരാര്‍ (എഫ് ടി എ), ഉഭയകക്ഷി നിക്ഷേപ ഉടമ്പടി (ബിഐടി), ഇരട്ട സംഭാവന കണ്‍വെന്‍ഷന്‍ കരാര്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത മേഖലകളില്‍ ഇരു രാജ്യങ്ങളും സജീവമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് ഗോയല്‍ പറഞ്ഞു.
രണ്ട് രാജ്യങ്ങളിലെയും വളര്‍ച്ചാ പാത വ്യത്യസ്തമായതിനാല്‍, സാധ്യതയുള്ള ബിസിനസ് അവസരങ്ങള്‍ വളരെ വ്യത്യസ്തമായിരുന്നു. അതിനാല്‍ ഒരു സാമൂഹിക സുരക്ഷാ ഉടമ്പടി പരിഗണിക്കാന്‍ ഇന്ത്യ രണ്ട് വര്‍ഷം മുമ്പ് യുകെയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ഹ്രസ്വകാല അടിസ്ഥാനത്തില്‍ വൈദഗ്ധ്യമുള്ള ഇന്ത്യന്‍ പ്രൊഫഷണലുകളെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ചാ വിഷയമാണ്. ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബിസിനസുകളുടെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു ഇത്. അധിക ചെലവ് കുറയ്ക്കുന്നതിന് ഈ നടപടി സഹായിക്കും.
2021 ലെ ഡാറ്റ പ്രകാരം, താല്‍ക്കാലിക വിസകളില്‍ യുകെയിലെത്തുന്ന വൈദഗ്ധ്യമുള്ള ഇന്ത്യന്‍ പ്രൊഫഷണലുകളുടെ നിര്‍ബന്ധിത നാഷണല്‍ ഇന്‍ഷുറന്‍സ് സംഭാവനകള്‍ ഒരു ജീവനക്കാരന് പ്രതിവര്‍ഷം 500 പൗണ്ടിന്റെ അധിക ചിലവ് ഉണ്ടാക്കുന്നു. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലേക്ക് നല്‍കുന്ന മറ്റ് എല്ലാ നികുതികള്‍ക്കും ആരോഗ്യ സര്‍ചാര്‍ജിനും പുറമെയാണിത്.
ബെല്‍ജിയം, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, കൊറിയ, നെതര്‍ലാന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് സാമൂഹിക സുരക്ഷാ കരാറുകള്‍ (എസ്എസ്എ) ഉണ്ട്. അതിനാല്‍, വിദേശത്ത് ജോലിക്ക് പോകുന്ന ഇന്ത്യക്കാര്‍ എസ്എസ്എ രാജ്യങ്ങളിലെ സാമൂഹിക സുരക്ഷാ പദ്ധതികളിലേക്ക് സംഭാവന നല്‍കേണ്ടതില്ല.