ആഗോള വെല്ലുവിളികള്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയെന്ന് റിസര്‍വ് ബാങ്ക്

  • പണപ്പെരുപ്പത്തിനെതിരെ ജാഗ്രത പുലര്‍ത്തണം
  • ഇനിയും റീപ്പോനിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും ആര്‍ബിഐ

Update: 2025-02-20 11:37 GMT

ആഗോളവെല്ലുവിളികള്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയെന്ന് റിസര്‍വ് ബാങ്ക്. പണപ്പെരുപ്പം, വ്യാപാര അനിശ്ചിതത്വങ്ങള്‍ എന്നിവയില്‍ രാജ്യം ജാഗ്രത തുടരേണ്ടതുണ്ടെന്നും ആര്‍ബിഐ പറയുന്നു.

ഇന്ധന വിലയിലെ ചാഞ്ചാട്ടം, യുഎസിന്റെ താരിഫ് നയം എന്നിവ അപ്രതീക്ഷിതമായ ആഘാതങ്ങളുണ്ടാക്കാം. രാജ്യത്തെ സാമ്പത്തിക വിപണി പ്രവചനാതീതമായ രീതിയിലാണ് മുന്നോട്ട് പോവുന്നത്. എങ്കിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ശുഭാപ്തിവിശ്വാസമാണ് പുലര്‍ത്തുന്നതെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

ട്രംപ് അധികാരത്തിലെത്തിയപ്പോള്‍ സ്വര്‍ണ വില കുതിച്ചു. ചൈന ഡീപ്പ് സീക്ക് അവതരിപ്പിച്ചപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഒറ്റ ദിവസം കൊണ്ട് 1 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ ഡോളറിന്റെ മുന്നേറ്റം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയെന്നും ആര്‍ബിഐ പറയുന്നു.

ഇത്തരത്തിലുള്ള ആഘാതങ്ങളെ എല്ലായ്പ്പോഴും കരുതിയിരിക്കേണ്ടതുണ്ട്. നിലവില്‍ പണപ്പെരുപ്പം സഹനപരിധിയായ 4 ശതമാനത്തില്‍ താഴെയെത്തിക്കുന്നതിലാണ് ശ്രദ്ധ നല്‍കുന്നതെന്നും ആര്‍ബിഐ വ്യക്തമാക്കി. ഏപ്രിലില്‍ തുടങ്ങുന്ന അടുത്ത സാമ്പത്തികവര്‍ഷം 6.7 ശതമാനമായിരിക്കും രാജ്യത്തിന്റെ വളര്‍ച്ചാനിരക്കെന്നാണ് അനുമാനം.

അടുത്ത സാമ്പത്തികവര്‍ഷം ഭേദപ്പെട്ട വളര്‍ച്ചയുണ്ടാകും. സമ്പദ് വ്യവസ്ഥയുടെ തിരിച്ച് വരവിന് മികച്ച റാബി സീസണും മെച്ചപ്പെട്ട മണ്‍സൂണുമാണ് കരുത്താവുക. ഇതോടെ ഇനിയും റീപ്പോനിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയും റിസര്‍വ് ബാങ്ക് നല്‍കി. 

Tags:    

Similar News