മധ്യപ്രദേശ് നിക്ഷേപകര്‍ക്ക് നല്‍കുന്നത് വിപുലമായ അവസരമെന്ന് പ്രധാനമന്ത്രി
- ഭോപ്പാലില്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് സമ്മിറ്റിന് തുടക്കം
- മധ്യപ്രദേശില്‍ 1.10 ലക്ഷം കോടി മള്‍ട്ടി-സെക്ടറല്‍ നിക്ഷേപം പ്രഖ്യാപിച്ച് അദാനി
- സംസ്ഥാനത്ത് 1.2 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദാനി
നിക്ഷേപകര്‍ക്ക് മികച്ച വരുമാനത്തിനുള്ള ധാരാളം അവസരങ്ങള്‍ നല്‍കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപ്ലവത്തില്‍ മുന്‍നിരയിലുള്ള സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ് എന്നും മോദി കൂട്ടിച്ചേര്‍ത്തു. ഭോപ്പാലില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് സമ്മിറ്റ് -2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരും വര്‍ഷങ്ങളില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി തുടരുമെന്ന് പറയുന്ന ലോകബാങ്ക് റിപ്പോര്‍ട്ടിനെക്കുറിച്ചും മോദി പരാമര്‍ശിച്ചു. മധ്യപ്രദേശിന്റെ വ്യാവസായിക നയങ്ങളും മോദി ഉദ്ഘാടനം ചെയ്തു. വ്യവസായങ്ങള്‍, ഭക്ഷണം, കയറ്റുമതി, എംഎസ്എംഇ, സ്റ്റാര്‍ട്ടപ്പുകള്‍, ജിസിസി, സെമികണ്ടക്ടര്‍, ഡ്രോണ്‍, ടൂറിസം, ഫിലിം പ്രൊഡക്ഷന്‍ എന്നിവയുമായി ബന്ധപ്പെട്ടവ ഉള്‍പ്പെടെ സംസ്ഥാനത്തെ 18 ലധികം പുതിയ നയങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇത്.
അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി മധ്യപ്രദേശില്‍ 1.10 ലക്ഷം കോടി രൂപയുടെ പുതിയ മള്‍ട്ടി-സെക്ടറല്‍ നിക്ഷേപം പ്രഖ്യാപിച്ചു. 2030 ഓടെ സംസ്ഥാനത്ത് 1.2 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
1,00,000 കോടി രൂപയുടെ അധിക നിക്ഷേപം ഉള്‍പ്പെടുന്ന ഗ്രീന്‍ഫീല്‍ഡ് സ്മാര്‍ട്ട് സിറ്റി, എയര്‍പോര്‍ട്ട് പദ്ധതി, കല്‍ക്കരി-ഗ്യാസിഫിക്കേഷന്‍ പദ്ധതി എന്നിവയ്ക്കായി ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തിവരികയാണെന്ന് എംപി ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് സമ്മിറ്റ് (ജിഐഎസ്) 2025ല്‍ സംസാരിക്കവെ അദാനി പറഞ്ഞു.
പമ്പ്ഡ് സ്റ്റോറേജ്, സിമന്റ്, മൈനിംഗ്, സ്മാര്‍ട്ട് മീറ്ററുകള്‍, തെര്‍മല്‍ എനര്‍ജി എന്നീമേഖലകളിലായിരിക്കും അദാനി നിക്ഷേപമിറക്കുക.
ഊര്‍ജം, അടിസ്ഥാന സൗകര്യങ്ങള്‍, നിര്‍മ്മാണം, ലോജിസ്റ്റിക്സ്, അഗ്രി-ബിസിനസ് എന്നിവയിലായി ഇതിനകം 50,000 കോടിയിലധികം രൂപ നിക്ഷേപിച്ചതായി അദാനി പറഞ്ഞു. 25,000-ത്തിലധികം തൊഴിലവസരങ്ങള്‍ ഇതുവഴി സംസ്ഥാനത്തുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി, ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ള, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും എംഡിയുമായ നാദിര്‍ ഗോദ്റെജ്, രസ്ന പ്രൈവറ്റ് ലിമിറ്റഡ് ഗ്രൂപ്പ് ചെയര്‍മാന്‍ പിറൂസ് ഖംബട്ട, ഭാരത് ഫോര്‍ജ് ലിമിറ്റഡ് ചെയര്‍മാനും എംഡിയുമായ ബാബ എന്‍ കല്യാണി, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് ഗ്ലോബല്‍ ഹെഡ് ഓഫ് ഓപ്പറേഷന്‍സ് രാഹുല്‍ അവസ്തി, എസിസി ലിമിറ്റഡ് സിഇഒ നീരജ് അഖൗരി എന്നിവര്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് സമ്മിറ്റില്‍ പങ്കെടുക്കുന്നുണ്ട്. 25 ന് നടക്കുന്ന ജിഐഎസിന്റെ സമാപന സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷത വഹിക്കും.