പ്രവാസികളുടെ നിക്ഷേപം വര്‍ധിച്ചതായി ആര്‍ബിഐ

  • പ്രവാസികളുടെ നിക്ഷേപം 43 ശതമാനം വര്‍ധിച്ചു
  • 2024 ഡിസംബര്‍ അവസാനത്തോടെ മൊത്തം എന്‍ആര്‍ഐ നിക്ഷേപം 161.8 ബില്യണ്‍ ഡോളറിലെത്തി

Update: 2025-02-20 11:23 GMT

പ്രവാസി നിക്ഷേപം വര്‍ധിച്ചതായി ആര്‍ബിഐ റിപ്പോര്‍ട്ട്. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ നിന്ന് എന്‍ആര്‍ഐ ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള പണമൊഴുക്ക് 42.8% വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലിനും ഡിസംബറിനും ഇടയില്‍ ഇത് 13.33 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

2023 ഡിസംബറിലെ 146.9 ബില്യണ്‍ ഡോളറില്‍ നിന്ന് 2024 ഡിസംബര്‍ അവസാനത്തോടെ മൊത്തം എന്‍ആര്‍ഐ നിക്ഷേപം 161.8 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

എന്‍ആര്‍ഐ ഡെപ്പോസിറ്റ് സ്‌കീമുകളില്‍ വിദേശ കറന്‍സി നോണ്‍ റസിഡന്റ് നിക്ഷേപങ്ങള്‍, നോണ്‍ റെസിഡന്റ് എക്‌സ്റ്റേണല്‍ നിക്ഷേപങ്ങള്‍, നോണ്‍ റെസിഡന്റ് ഓര്‍ഡിനറി നിക്ഷേപങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

2024 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 6.46 ബില്യണ്‍ ഡോളര്‍ ആകര്‍ഷിച്ച വിദേശ കറന്‍സി നോണ്‍ റെസിഡന്റ് നിക്ഷേപങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന നിക്ഷേപം രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 3.45 ബില്യണ്‍ ഡോളറില്‍ നിന്ന് ഇരട്ടിയായി. ഡിസംബര്‍ അവസാനത്തോടെ വിദേശ കറന്‍സി നോണ്‍ റസിഡന്റ് അക്കൗണ്ടുകളിലെ കുടിശ്ശിക തുക 32.19 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

അതേസമയം, നോണ്‍ റസിഡന്റ് ഓര്‍ഡിനറി നിക്ഷേപങ്ങള്‍ മുന്‍വര്‍ഷത്തെ 2.97 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 3.29 ബില്യണ്‍ ഡോളറിന്റെ വരവ് രേഖപ്പെടുത്തി. എന്‍ആര്‍ഒ നിക്ഷേപത്തിലെ മൊത്തം കുടിശ്ശിക തുക ഡിസംബറില്‍ 30.04 ബില്യണ്‍ ഡോളറിലെത്തി.

കൂടുതല്‍ വിദേശ കറന്‍സി വരവ് ആകര്‍ഷിക്കാനും യുഎസ് ഡോളറിനെതിരെ രൂപയെ പിന്തുണയ്ക്കാനും ലക്ഷ്യമിട്ട്, ഉയര്‍ന്ന റിട്ടേണ്‍ നല്‍കാന്‍ ബാങ്കുകളെ പ്രാപ്തരാക്കുന്നതിനായി ഡിസംബര്‍ ആദ്യം ആര്‍ബിഐ എഫ്സിഎന്‍ആര്‍(ബി) നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. 

Tags:    

Similar News