ആയിരത്തിലധികം ജീവനക്കാരെ ഒഴിവാക്കാന്‍ സ്റ്റാര്‍ബക്‌സ്
- സ്റ്റാര്‍ബക്‌സ് നൂറുകണക്കിന് ഒഴിവുകളും ഇതോടൊപ്പം ഒഴിവാക്കുന്നു
- സ്റ്റാര്‍ബക്സിന് ലോകമെമ്പാടുമായി 16,000 കോര്‍പ്പറേറ്റ് സപ്പോര്‍ട്ട് ജീവനക്കാരുണ്ട്
- മാര്‍ച്ച് ആദ്യത്തോടെ പിരിച്ചുവിടലുകള്‍ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞമാസം അറിയിച്ചിരുന്നു
ആഗോളതലത്തില്‍ 1,100 കോര്‍പ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടാന്‍ സ്റ്റാര്‍ബക്‌സ് പദ്ധതിയിടുന്നു. ജീവനക്കാര്‍ക്ക് അയച്ച കത്തില്‍, പിരിച്ചുവിടല്‍ സംബന്ധിച്ച് ചൊവ്വാഴ്ച ഉച്ചയോടെ ജീവനക്കാരെ അറിയിക്കുമെന്ന് പുതിയ ചെയര്‍മാനും സിഇഒയുമായ ബ്രയാന്‍ നിക്കോള്‍ പറഞ്ഞു. സ്റ്റാര്‍ബക്‌സ് നൂറുകണക്കിന് ഒഴിവുകളും ഇതോടൊപ്പം ഒഴിവാക്കുന്നുണ്ടെന്ന് നിക്കോള്‍ പറഞ്ഞു.
'കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുക, ഉത്തരവാദിത്തം വര്‍ധിപ്പിക്കുക, സങ്കീര്‍ണ്ണത കുറയ്ക്കുക എന്നിവയാണ് ഞങ്ങളുടെ ഉദ്ദേശ്യം,' നിക്കോള്‍ കത്തില്‍ എഴുതി.
സ്റ്റാര്‍ബക്സിന് ലോകമെമ്പാടുമായി 16,000 കോര്‍പ്പറേറ്റ് സപ്പോര്‍ട്ട് ജീവനക്കാരുണ്ട്. കമ്പനിയുടെ സ്റ്റോറുകളിലെ ബാരിസ്റ്റകളെ പിരിച്ചുവിടലുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാപ്പി, ചായ, സ്‌പെഷ്യാലിറ്റി പാനീയങ്ങള്‍ തുടങ്ങിയ പാനീയങ്ങള്‍ ഉണ്ടാക്കി വിളമ്പുന്ന ഒരു പ്രൊഫഷണലാണ് ബാരിസ്റ്റ.
മാര്‍ച്ച് ആദ്യത്തോടെ കോര്‍പ്പറേറ്റ് പിരിച്ചുവിടലുകള്‍ പ്രഖ്യാപിക്കുമെന്ന് നിക്കോള്‍ കഴിഞ്ഞമാസം അറിയിച്ചിരുന്നു. കമ്പനി അതിന്റെ ഘടനയുടെ സങ്കീര്‍ണത കുറയ്ക്കുകയും കമ്പനിക്കുള്ളിലെ ആശയവിനിമയത്തെ മന്ദഗതിയിലാക്കുന്ന കാര്യങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുമ്പോള്‍, എല്ലാ ജോലികളിലും തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന ഒരാള്‍ മേല്‍നോട്ടം വഹിക്കണമെന്ന് നിക്കോള്‍ പറഞ്ഞു.
മന്ദഗതിയിലുള്ള വില്‍പ്പന തിരിച്ചുപിടിക്കാനാണ് സ്റ്റാര്‍ബക്‌സ് നിക്കോളിനെ നിയമിച്ചത്. സേവന സമയം മെച്ചപ്പെടുത്താനും - പ്രത്യേകിച്ച് രാവിലെ തിരക്കുള്ള സമയങ്ങളില്‍ - കമ്മ്യൂണിറ്റി ഒത്തുചേരല്‍ സ്ഥലങ്ങളായി സ്റ്റോറുകള്‍ പുനഃസ്ഥാപിക്കാനും ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സ്റ്റാര്‍ബക്സിന്റെ മെനുവില്‍ നിന്ന് ഇനങ്ങള്‍ വെട്ടിക്കുറയ്ക്കുകയും മൊബൈല്‍, ഡ്രൈവ്-ത്രൂ, ഇന്‍-സ്റ്റോര്‍ ഓര്‍ഡറുകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനായി അതിന്റെ ഓര്‍ഡറിംഗ് അല്‍ഗോരിതങ്ങള്‍ പരീക്ഷിക്കുകയും ചെയ്യുന്നുണ്ട് നിക്കോള്‍.