ബജറ്റ് 2023-24 : നിർമല സീതാരാമൻ മാന്ദ്യത്തിനും തെരഞ്ഞെടുപ്പിനും നടുവിൽ
- ഒന്നോ, രണ്ടോ അജണ്ടകളിൽ ഊന്നിയുള്ള ഒരു ബജറ്റിന് രാജ്യത്തിന്റെ സാമ്പത്തികമേഖലയെ ഊർജസ്വലമാക്കാനോ, രാജ്യത്തെ ആഗോള മാന്ദ്യത്തിൽ നിന്ന് രക്ഷിക്കാനോ കഴിയില്ലെന്ന് വിദഗ്‌ധർ അടിവരയിടുന്നു
- ധനമന്ത്രിക്ക് ആശ്രയിക്കാവുന്നത് പൊതു മേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയാണ്.
- വരവ് കുറയുകയും, ചെലവു കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ രാജ്യം കൂടുതൽ കടമെടുക്കേണ്ടി വരും.
വലിയ പ്രതിസന്ധികളുടെ നടുവിൽ നിന്നുകൊണ്ടാണ് ധനമന്ത്രി നിർമല സീതാരാമൻ രണ്ടാം മോദി സർക്കാരിന്റെ അവസാനത്തെ പൂർണ്ണ ബജറ്റ് ( 2023-24) ഫെബ്രുവരി 1 നു പാർലമെന്റിൽ അവതരിപ്പിക്കുന്നത്. 2024 ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ എൻഡിഎ-യ്ക്ക് ഭരണ തുടർച്ച നിലനിർത്തുക, മഹാമാരി തളർത്തിയ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുക, അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന ആഗോള മാന്ദ്യത്തിന്റെ പിടിയിൽ പെടാതെ രാജ്യത്തെ രക്ഷിക്കുക എന്നീ വെല്ലുവിളികളായിരിക്കാം പുതിയ ബജറ്റിന് രൂപം നൽകിക്കൊണ്ടിരിക്കുന്ന ധനമന്ത്രിയെ ആകുലപ്പെടുത്തുന്നത്.
അതുകൊണ്ടു തന്നെ ഒന്നോ, രണ്ടോ അജണ്ടകളിൽ ഊന്നിയുള്ള ഒരു ബജറ്റിന് രാജ്യത്തിന്റെ സാമ്പത്തികമേഖലയെ ഊർജസ്വലമാക്കാനോ, രാജ്യത്തെ ആഗോള മാന്ദ്യത്തിൽ നിന്ന് രക്ഷിക്കാനോ കഴിയില്ലെന്ന് വിദഗ്‌ധർ അടിവരയിടുന്നു. മറിച്ച്, എല്ലാ മേഖലകൾക്കും പരിഗണന നൽകുന്ന ഒരു സമീകൃത ബജറ്റിന് മാത്രമേ ഇന്നത്തെ പ്രക്ഷുബ്ധമായ ലോകരാഷ്ട്രിയ കാലാവസ്ഥയിൽ രാജ്യം ഉലഞ്ഞുപോകാതെ രക്ഷാകവചം തീർക്കാൻ കഴിയു എന്നവർ പറയുന്നു .
അടുത്തിടെ ഒരു ബജറ്റു പൂർവ്വ പരിപാടിയിൽ രാജ്യത്തെത്തന്നെ ഏറ്റവും മുതിർന്ന സാമ്പത്തിക പത്രപ്രവർത്തകനും, ദി ഇക്കണോമിക് ടൈംസിന്റെ ഉപദേശക പത്രാധിപരുമായ സ്വാമിനാഥൻ എസ് ആങ്കലേശ്വര അയ്യർ പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കു: "2023 ൽ ലോകം വലിയൊരു മാന്ദ്യത്തിൽ കൂടിയാണ് കടന്നു പോകുന്നത്. ഇത് ആഗോള തലത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. ഇത് ഒരു ആഭ്യന്തര പ്രശ്നമല്ല. ലോകം ആകെ നമ്മളെ താഴേക്കു വലിച്ചുകൊണ്ടിരിക്കുകയാണ്. അതിൽ പെട്ട് നമ്മുടെ വളർച്ച താഴേക്ക് പോകാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്."
ഈ പശ്ചാത്തലത്തിൽ നിർമല സീതാരാമൻ ഇന്ത്യയെ മേൽക്കൂരയും കടത്തി ആകാശത്തിലേക്കു ഉയർത്തും എന്നൊക്കെ പറയുന്നതിൽ യാതൊരു അർത്ഥവുമില്ല. ഈ വർഷം (2022-23) 6.8 ശതമാനം വളർച്ച ഉണ്ടാകും എന്നാണ് പറയുന്നത്. വരുന്ന വർഷം ആർബിഐ പ്രവചിക്കുന്നത് പോലെ 5.4 വളർച്ച ഉണ്ടായാൽ ഭാഗ്യ൦. ഇത് 5 ശതമാനം ആകാനും സാധ്യതയുണ്ടന്നാണ് രഘുറാം രാജ് പറയുന്നത്. കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിൽ പോകാത്തതുകൊണ്ട്, ആർക്കും തീർച്ചയായി ഒന്നും പറയാൻ കഴിയില്ല.
"അതുകൊണ്ടു ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉണ്ടാകുന്ന സംഭവവികാസങ്ങൾ അനുസരിച്ചു ജാഗ്രതയോടു, സന്ദർഭത്തിനും യോചിച്ച വിധത്തിൽ , അവയോടു ശരിയായി പ്രതികരിച്ചു കൊണ്ട് നമ്മൾ തീരുമാനങ്ങൾ എടുക്കണം. പലിശ എത്ര കൂടുമെന്നു നമുക്ക് പറയാൻ കഴിയില്ല . എത്ര ആഴത്തിലേക്ക് മാന്ദ്യ൦ പോകുമെന്ന് പറയാനും കഴിയില്ല. അങ്ങനെ നമുക്ക് പ്രവചിക്കാൻ പറ്റാത്ത പല കാര്യങ്ങളും നമുക്ക് ചുറ്റും നടക്കുന്നു. അതിനാൽ എല്ലാ അടിയന്തര ഘട്ടങ്ങളേയും നേരിടാൻ കഴിയുന്ന ഒരു ബജറ്റ് ആണ് വേണ്ടത്, അല്ലാതെ ഒരു അജണ്ട പ്രഖ്യാപിച്ചു, അത് നടപ്പിലാക്കാൻ ശ്രമിക്കുകയല്ല വേണ്ടത് . എല്ലാ ദുരന്തങ്ങളേയും നേരിടാൻ തയ്യാറായിരിക്കണം, നമുക്ക് വലിയ ശുഭ പ്രതീക്ഷ വേണ്ട.''
സ്വാമി മാത്രമല്ല, ലോകമെമ്പാടുമുള്ള സാമ്പത്തിക ശാസ്ത്രജ്ഞന്മാരും, നയ അവലോകന സ്ഥാപനങ്ങളും (തിങ്ക് ടാങ്ക്സ്; think tanks) ലോകം 2024 ൽ വലിയൊരു മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമെന്നു പ്രവചിക്കുന്നു. അങ്ങനെയെങ്കിൽ, മറ്റു രാജ്യങ്ങളിൽ എന്ന പോലെ, 2024 ൽ ഇന്ത്യയുടെ വളർച്ചയും മുരടിക്കും. അതുകൊണ്ടു തന്നെ, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടു ബജറ്റിൽ വാഗ്ദാനങ്ങളുടെ ഒരു പെരുമഴയുമായി അവർ വന്നാൽ ദുരന്തമായിരിക്കും ഫലം.
മാന്ദ്യം എന്ന വിപത്തിനെ മുന്നിൽ കണ്ടുകൊണ്ട് അതിനെ വിജയപൂർവം മറികടന്നു, തെരഞ്ഞുടുപ്പിന്റെ കാലത്തു വലിയ കുഴപ്പമില്ലാതെ കാര്യങ്ങൾ നടത്തികൊണ്ടുപോകാവുന്ന ഒരു ബജറ്റ് അവതരിപ്പിക്കണമെങ്കിൽ പോലും, നിർമല സീതാരാമനെ ഒരു രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യത്തിന്റെ സൂചികളായ മൊത്ത ആഭ്യന്തര ഉൽപാദനം (ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ടസ്- ജിഡിപി), ധനകമ്മി (ഫിസ്കൽ ഡെഫിസിറ്റ് ), നാണ്യപെരുപ്പം (ഇൻഫ്‌ളേഷൻ), രാജ്യത്തെ കറൻസിയുടെ ശക്തി, രാജ്യത്തിൻറെ കടം, വിദേശ നാണ്യ ശേഖരം ( ഫോർഎക്സ് റിസേർവ്) എന്നിവ കനിയണം. എന്നാൽ ധനകമ്മിയും, നാണ്യപ്പെരുപ്പവും മാത്രമാണ് ഇപ്പോൾ സീതാരാമന് അൽപ്പമെങ്കിലും ആശ്വാസം നൽകുന്നത്. അതും കയ്യാലപ്പുറത്തെ തേങ്ങയാണ്. എണ്ണവില കുറച്ചൊന്നു കൂടിയാൽ അതും കയ്യിൽ നിന്ന് പോകും. ധനകമ്മി വലിയൊരളവിൽ നിർമല സീതാരാമൻ പിടിച്ചുനിർത്തിയത് വളരെ കുറഞ്ഞ നിരക്കിൽ എണ്ണ ലഭിച്ചതിനാലാണ്; അതിന്റെ ഗുണം ജനങ്ങൾക്കു നൽകണം എന്ന സർക്കാർ നയം അവഗണിച്ചു, കഴുത്തറപ്പൻ വിലക്ക് വിറ്റു. എന്നാൽ, യുദ്ധം തുടങ്ങിയതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുത്തനെ കൂടിയതോടെ, ആ കളി നടക്കാതായി.
ഇനിയും ധനമന്ത്രിക്ക് ആശ്രയിക്കാവുന്നത് പൊതു മേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പന (ഡിസ് ഇൻവെസ്റ്റ്മെന്റ് ) ആണ്. നിക്ഷേപകർ വലിയ താൽപ്പര്യം കാണിക്കാത്തതുകൊണ്ടു, അവിടെയും വലിയ പ്രതീക്ഷ വേണ്ട. 2022 - 23 ൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പനയിലൂടെ ലക്ഷ്യമിട്ടിരുന്നത് 65000 കോടി ആയിരുന്നെങ്കിൽ, ലഭിക്കാൻ സാധ്യത 35000 കോടി മാത്രമാണ്. നിക്ഷേപകരുടെ ഈ തണുത്ത പ്രതികരണമൂലം, 2023-24 ൽ ലക്‌ഷ്യം 50000 കോടിയായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത വർഷം (2023-24) മാന്ദ്യം കയറ്റുമതിയെ ബാധിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ, ധനകമ്മി വല്ലാതെ കൂടും.
ചില്ലറ, മൊത്ത നാണ്യപ്പെരുപ്പ നിരക്കുകൾ ആർ ബി ഐയുടെ ലക്ഷ്യത്തിലേക്കു താണെങ്കിലും ഒളിഞ്ഞിരിക്കുന്ന ( എംബെഡഡ് ) നാണ്യപ്പെരുപ്പം മുകളിലോട്ടു തന്നെയാണ്.
എൻ ഡി എ തുടർച്ചയായി 10 വർഷം ഭരിച്ചാൽ 2023 -24 ൽ രാജ്യത്തിന്റെ ജി ഡി പി 5 ലക്ഷം കോടി ഡോളറിൽ എത്തുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അവകാശം. എന്നാൽ ഇപ്പോൾ പന്ത് ഗോൾ പോസ്റ്റിൽ നിന്നും വളരെ അകലെയാണ്. ഏതാണ്ട് 3 ലക്ഷ കോടിക്ക് അൽപ്പം മുകളിൽ കിടന്നു കറങ്ങുന്നു. 2026 - 27 ൽ ലക്ഷ്യത്തിൽ എത്തുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി പറയുന്നു. അവർ ഈ പ്രവചനം നടത്തുമ്പോൾ അന്തരീക്ഷത്തിൽ മാന്ദ്യ പേടി ഇല്ലായിരുന്നു.
മൂല്യ൦ കുത്തനെ താഴേക്കു കുതിക്കുന്ന രൂപയാണ് മറ്റൊരു വെല്ലു വിളി. "രൂപ താഴോട്ടുപോവുകയല്ല, മറിച്ചു ഡോളർ ദയാരഹിതായി കരുത്താർജിക്കുകയാണ്'' എന്നുള്ള നിർമല സീതാരാമന്റെ വാദം തർക്കവേദികളിൽ കയ്യടി നേടിക്കൊടുക്കുമെങ്കിലും, രൂപാക്കോ, രാജ്യത്തിൻറെ സമ്പത് വ്യവസ്ഥക്കോ ഗുണം ചെയ്യില്ല.
രൂപയുടെ മൂല്യ൦ ഇടിയും തോറും, ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെയും, അസംസ്കൃത വസ്തുക്കളുടെയും വിലയും കൂടിക്കൊണ്ടേയിരിക്കും . ഇത് ആഭ്യന്തര വിപണിയിൽ വിലക്കയറ്റം സൃഷ്ടിച്ചുകൊണ്ടേയിരിക്കും. ഉപപഭോഗത്തിന്റെ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, എണ്ണയുടെ ഇറക്കുമതിയുടെ കാര്യത്തിൽ ലോകത്തു മൂന്നാം സ്ഥാനത്താണെന്നു ഓർക്കുക. രൂപയുടെമൂല്യ൦ കുറയുംതോറും, ഇറക്കുമതിക്കായി കൂടുതൽ ഡോളർ ചെലവഴിക്കേണ്ടി വരും. ഇത് രാജ്യത്തിന്റെ ഡോളർ ശേഖരം ശോഷിപ്പിക്കും . ഇത് നമ്മുടെ വ്യപാര മിച്ച മൂല്യത്തെ ( ബാലൻസ് ഓഫ് പയ്മെന്റ്റ്) നെ ബാധിക്കും. 1991 -ൽ ഡോളർ ശേഖരം ,നെല്ലിപ്പലകയിൽ എത്തിയപ്പോഴാണ് സർക്കാർ അതിന്റെയും, ആർ ബി ഐയുടെയും കൈവശമുള്ള സ്വർണം പണയം വെച്ചത്.
വിദേശ നാണ്യ ശേഖരവും ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. 64500 കോടി ഡോളറുമായി 2021 ഒക്ടോബറിൽ റെക്കോർഡ് ഉയരത്തിൽ നിന്ന വിദേശ നാണ്യ ശേഖരം 2022 ഒക്ടോബറിൽ 52452 കോടിയിലേക്ക് തലകുത്തി വീണു. ഇപ്പോൾ അത് 57200 കോടിയിലേക്ക് ഉയർന്നു.
സർക്കാരിന്റെ കടം പെരുകുകയാണ്. 2019 ൽ ജി ഡി പി യുടെ 48.7 ശതമാനത്തിൽ നിന്ന കടം, 2022 ആയപ്പോഴേക്കും ജി ഡി പി യുടെ 59 ശതമാനമായി വളർന്നു. ഈ കടത്തിന്റെ പലിശ അടക്കാൻ വേണ്ടി മാത്രം ഈ വർഷത്തെ ( 2022 - 23 ) ബജറ്റിൽ വകകൊള്ളിച്ചിരിക്കുന്നതു 9.4 ലക്ഷം കോടി രൂപയാണ്. ഇത് ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്ന വരുമാനത്തിന്റെ 43 ശതമാനമാണ്. മുൻ വർഷം (2021 -22 ) ഇത് 41.7 ശതമാനമായിരുന്നു. അതുകഴിഞ്ഞാൽ വരുമാനത്തിൽ നിന്നും ഏറ്റവും അധികം, 15 ശതമാനം, പോകുന്നത് സൈനിക - ആഭ്യന്തര സുരക്ഷാ ചെലവുകൾക്കാണ് . ബാക്കി ഒരു 14 ശതമാനം നീക്കി വെച്ചിരിക്കുന്നത്, ഭക്ഷ്യ, വള, ഊർജ്ജ സബ്‌സിഡികൾ നൽകാനുമാണ്. ഇതിനു പുറമെയാണ്, സംസ്ഥാനങ്ങളുടെ അതി സങ്കീർണമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക നിലയും, വൈദുത മേഖലയിലെ പ്രതിസന്ധിയും.
ഈ ഒരു അവസ്ഥയിൽ പലരും നിരാശപ്പെടേണ്ടി വരും. വളരെ നിർണായകമായ പദ്ധതികൾക്കും, മോഡി സർക്കാരിന്റെ ജനപ്രിയ പരിപാടികൾക്ക് തന്നെയും കൂടുതൽ ഫണ്ട് കിട്ടിയാൽ ഭാഗ്യം എന്നെ പറയാൻ കഴിയു. കേന്ദ്രത്തിന്റെ കാക്കത്തൊള്ളായിരം ക്ഷേമ - പരിരക്ഷ പരിപാടികൾക്കായി , അവയിൽ പലതും ജനങ്ങളെ കയ്യിലെടുക്കാൻ വേണ്ടിയുള്ളതാണ്, കഴിഞ്ഞ (2022-23) ബജറ്റിൽ വകകൊള്ളിച്ചിരിക്കുന്നതു 4.43 ലക്ഷം കോടി രൂപയാണ്. ഭക്ഷ്യ സബ്സിഡിക്കായി അനുവദിച്ചത് 2.06 ലക്ഷം കോടിയും.
അതിർത്തി അസ്വസ്ഥമായതുകൊണ്ടു പ്രതിരോധ മേഖലയുടെ വിഹിതം കൂട്ടേണ്ടി വരും. കാർഷിക മേഖല ഇപ്പോഴും പുകഞ്ഞു കൊണ്ടിരിക്കുന്നതിനാൽ, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടു, കർഷകരെ, തണുപ്പിക്കുന്നതിനായി വിഹിതം കൂട്ടേണ്ടി വരും. വൈദുതി മേഖലയിലെ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ വലിയ ഫണ്ട് നീക്കി വെക്കേണ്ടി വരും. ആരോഗ്യം, വിദ്യാഭ്യാസം, പശ്ചാത്തല വികസനം തുടങ്ങിയ നിർണായകമായ പല മേഖലകൾക്കും കൂടുതൽ ഫണ്ട് വേണം . അപ്പോൾ സമൂഹത്തിലെ പല വിഭാഗങ്ങളുടെ ആവശ്യങ്ങൾക്കു വലിയ പരിഗണന കിട്ടി എന്ന് വരുകയില്ല. മറിച്ചു, വരവ് കുറയുകയും, ചെലവു കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ രാജ്യം കൂടുതൽ കടമെടുക്കേണ്ടി വരും. അത് വീട്ടാൻ നികുതിയെ പല വേഷങ്ങൾ കെട്ടിച്ചു, നിർമല സീതാരാമൻ ജനങ്ങളുടെ കീശയിൽ നിന്ന് കൂടുതൽ പണം എടുത്തേക്കാം.
പുതിയ ചരിത്രം എഴുതുമ്പോൾ, കേൾക്കാത്ത പലതും കേൾക്കേണ്ടി വരും, കാണാത്ത പലതും കാണേണ്ടി വരും.
(മുതിർന്ന പത്രപ്രവർത്തകനാണ് ലേഖകൻ)