റബർ വിലയിൽ മാറ്റമില്ല. കാർഷിക മേഖലയിൽ നിന്നും കൊച്ചി, കോട്ടയം വിപണികളിലേയ്ക്കുള്ള ഷീറ്റ് നീക്കം കുറഞ്ഞത് ടയർ വ്യവസായികൾ ഗൗരവതോടെ തന്നെ വീക്ഷിക്കുന്നുണ്ടെങ്കിലും തിരക്കിട്ട് റബർ ശേഖരിക്കാൻ അവർ ഉത്സാഹം കാണിച്ചില്ല.നാലാം ഗ്രേഡ് റബർ കിലോ191 രൂപയിൽ സ്റ്റെഡിയായി നീങ്ങുകയാണ്. രാജ്യാന്തര റബർ വിപണിയിൽ നിന്നും വൻ കിട വ്യവസായികൾ പിന്നോക്കം വലിഞ്ഞു. ലൂണാർ ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി ചൈനീസ് റബർ ഇറക്കു മതിക്കാർ അകന്നത് ഏഷ്യൻ റബർ മാർക്കറ്റുകളെ മൊത്തത്തിൽ ബാധിച്ചു.
അന്തർ സംസ്ഥാന വാങ്ങലുകാർ കുരുമുളക് ശേഖരിക്കാൻ മത്സരിച്ചത് ഉൽപ്പന്ന വില തുടർച്ചയായ മൂന്നാം ദിവസവും ഉയർത്തി. പലഭാഗങ്ങളിലും വിളവെടുപ്പിന് തുടക്കം കുറിച്ചെങ്കിലും വിപണികളിൽ ചരക്ക് വരവ് ആരംഭിച്ചിട്ടില്ല. ഇതിനിടയിൽ കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം ഉൽപാദനം കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് കുറയുമെന്ന വിലയിരുത്തൽ വാങ്ങൽ താൽപര്യം ശക്തമാക്കിയതോടെ ഇന്ന് അൺ ഗാർബിൾഡ് മുളക് വില ക്വിൻറ്റലിന് 300 രൂപ കയറി 65,400 രൂപയിൽ വിപണനം നടന്നു. ഉൽപാദനമേഖലയിലെ ഓരോ ചലനങ്ങളെയും സസൂക്ഷ്മം വിലയിരുത്തുകയാണ് ഉത്തരേന്ത്യൻ വാങ്ങലുകാർ. പല ഭാഗങ്ങളിലും കർഷകർ പുതിയ മുളക് ഉണക്കി സംസ്കരിക്കുന്നതിരക്കിലാണ്.
ഏലക്ക ലേലത്തിൽ വരവ് കുറഞ്ഞത് വിലക്കയറ്റത്തിന് വഴിതെളിച്ചു. പിന്നിട്ട മൂന്ന് ലേലങ്ങളിൽ മൂവായിരം രൂപയ്ക്ക് മുകളിലേയ്ക്ക് ഉൽപ്പന്നം സഞ്ചരിക്കാൻ നടത്തിയ ശ്രമങ്ങൾ വാങ്ങലുകാർ തന്ത്രപൂർവം തടഞ്ഞങ്കിലും ഇന്ന് ഏലത്തിന് ഡിമാൻറ് വർദ്ധിച്ചതോടെ ശരാശരി ഇനങ്ങളുടെ വില 3002 രൂപയായി ഉയർന്നു. ഉൽപാദന കേന്ദ്രങ്ങളിലെ മദ്ധ്യവർത്തികളും വൻകിട കർഷകരും ചരക്ക് നീക്കം നിയന്ത്രിച്ചാൽ വില മെച്ചപ്പെടുത്താനാവും. മികച്ചയിനങ്ങളുടെ വില കിലോ 3710 രൂപയായി ഉയർന്നു. വിദേശ ഓർഡറുകൾ ലഭിച്ച കയറ്റുമതിക്കാർ ഏലക്കയിൽ താൽപര്യം നിലനിർത്തി. മൊത്തം 45,726 കിലോഗ്രാം ചരക്ക് എത്തിയതിൽ 45,102 കിലോയും വിറ്റഴിഞ്ഞു.