കുരുമുളക് കിട്ടാനില്ല; റബര്‍ വില കുതിക്കുന്നു

  • റബര്‍വില 20,000ത്തിലേക്ക് ഉയരുമെന്ന് പ്രതീക്ഷ
  • വെളിച്ചെണ്ണ വില ഉയര്‍ന്നു
;

Update: 2025-03-14 12:34 GMT

ആഭ്യന്തര വാങ്ങലുകാരില്‍ നിന്നുള്ള ശക്തമായ ഡിമാന്റില്‍ കുരുമുളക് കൂടുതല്‍ മികവ് നേടുന്നത് മുന്‍ നിര്‍ത്തി ഹൈറേഞ്ചിലെയും മറ്റ് ഭാഗങ്ങളിലെയും കര്‍ഷകര്‍ ചരക്ക് നീക്കം നിയന്ത്രിച്ചു. സംസ്ഥാനത്ത് വിളവെടുപ്പ് അവസാനഘട്ടത്തിലായിട്ടും മാര്‍ക്കറ്റില്‍ ലഭ്യത ചുരുങ്ങിയത് വാങ്ങലുകാരെ അസ്വസ്ഥരാക്കി. വിളവെടുപ്പ് വേളയില്‍ താഴ്ന്ന വിലയ്ക്ക് ചരക്ക് ലഭിക്കുമെന്ന വാങ്ങലുകാരുടെ കണക്ക് കൂട്ടലുകള്‍ തെറ്റിയതോടെ ഉത്തരേന്ത്യയിലെ വന്‍കിട സ്റ്റോക്കിസ്റ്റുകള്‍ മുളകിനായി പ്രതിനിധികളെ രംഗത്ത് ഇറക്കി. കുരുമുളക് വില ക്വിന്റ്റലിന് 200 രൂപ വര്‍ധിച്ച് അണ്‍ ഗാര്‍ബിള്‍ഡ് 68,400 ല്‍ ഇന്ന് വ്യാപാരം അവസാനിച്ചു.

കൊച്ചി, കോട്ടയം റബര്‍ ക്ഷാമം രൂക്ഷമായതോടെ ടയര്‍ വ്യവസായികള്‍ നിരക്ക് ഉയര്‍ത്തിയിട്ടും ഷീറ്റ് ലഭ്യത വര്‍ധിച്ചില്ല. നാലാം ഗ്രേഡ് ഷീറ്റ് വില ഇന്ന് ക്വിന്റ്റലിന് 300 രൂപ വര്‍ധിച്ച് 19,800 ല്‍ വിപണനം നടന്നു. വിപണിയുടെ ചലനങ്ങള്‍ വിലയിരുത്തിയാല്‍ നിരക്ക് 20,000 ലേയ്ക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് സ്റ്റോക്കിസ്റ്റുകള്‍. രാജ്യാന്തര റബര്‍ വിപണിയും ഇന്ന് നേട്ടത്തിലായിരുന്നു. ബാങ്കോക്കില്‍ നിരക്ക് 20,500 രൂപയായി ഉയര്‍ന്നു. ജപ്പാന്‍, സിംഗപ്പുര്‍, ചൈനീസ് മാര്‍ക്കറ്റുകളിലും റബര്‍ ഉണര്‍വ് നിലനിര്‍ത്തി.

പാം ഓയില്‍ ഇറക്കുമതിയില്‍ സംഭവിച്ച ഇടിവ്, നാളികേരോല്‍പ്പന്നങ്ങളെ സര്‍വകാല റെക്കോര്‍ഡിലേയ്ക്ക് ഈ വാരം ഉയര്‍ത്തി. ഉല്‍പാദന കേന്ദ്രങ്ങളില്‍ നിന്നുള്ള പച്ചതേങ്ങ നീക്കം കൊപ്രയാട്ട് വ്യവസായികളില്‍ നിന്നുള്ള ഡിമാന്റിന് അനുസൃതമായി ഉയരാഞ്ഞത് നിരക്ക് ഉയര്‍ത്താന്‍ മില്ലുകാരെ പ്രേരിപ്പിച്ചു. കൊപ്ര ക്വിന്റ്റലിന് 15,700 രൂപയായും വെളിച്ചെണ്ണ വില 23,600 രൂപയായും വര്‍ധിച്ചു. 



 



Tags:    

Similar News