ഉത്സവാഘോഷവേളയിലെ ഡിമാൻറ് മുൻ നിർത്തി ആഭ്യന്തര വിദേശ ഇടപാടുകാർ ഏലക്ക വാരികൂട്ടാൻ ഉത്സാഹിക്കുന്നു. ഉൽപാദകരുടെ പ്രതീക്ഷയ്‌ക്ക് ഒത്ത് വില മുന്നേറുന്നില്ലെന്ന് ഒരുവിഭാഗം. ഉൽപാദന മേഖലയിൽ നടന്ന രണ്ട് ലേലങ്ങളിലായിഏകദേശം 60,000 കിലോ ഏലക്കയെത്തി. മുൻ വർഷം ഇതേ സന്ദർഭത്തെ അപേക്ഷിച്ച് നിരക്ക് ഉയർന്ന് നിൽക്കുകയാണ്. അറബ് രാജ്യങ്ങളുമായി നേരത്തെ ഉറപ്പിച്ച കച്ചവടങ്ങൾ പ്രകാരമുള്ള കയറ്റുമതിപുരോഗമിക്കുന്നു. വണ്ടൻമേട്ടിൽ നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ കിലോ 3204 രൂപയിലും ശരാശരി ഇനങ്ങൾ കിലോ 2847 രൂപയിലുമാണ്.
സംസ്ഥാനത്ത് നാളികേര വിളവെടുപ്പ് പുരോഗമിക്കുകയാണെങ്കിലും കൊപ്രയാട്ട് മില്ലുകാരുടെ ആവശ്യാനുസരം പച്ചതേങ്ങ ലഭ്യത ഉയർന്നില്ല. കൊച്ചിയിൽ കൊപ്ര 15,200 രൂപയിൽ വിപണനം നടന്നു, വെളിച്ചെണ്ണ വില 100 രൂപ വർദ്ധിച്ച് 22,700 രൂപയായി.പകൽ താപനില ഉയരുന്നതിനൊപ്പം വിപണികളിൽ കരിക്കിനും ആവശ്യം വർദ്ധിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള വരവ് ശക്തമാണെങ്കിലും വിപണികളിൽ നാടൻ കരിക്കിനും ആവശ്യകരാർ അനുദിനം ഉയർന്നതോടെ നിരക്ക് 50-60 രൂപ വരെ കയറിയത് കരിക്ക് വിളവെടുപ്പിന് കർഷകരെ പ്രേരിപ്പിക്കുന്നു. കാലാവസ്ഥ കണക്കിലെടുത്താൽ അടുത്ത രണ്ട് മാസങ്ങളിലും കരിക്ക് വിൽപ്പന ഉയർന്ന് നിൽക്കാം.
ഹോളിആഘോഷങ്ങളുടെ മുന്നോടിയായി കുരുമുളക് സംഭരിക്കാൻ അന്തർസംസ്ഥാന വാങ്ങലുകാർ കാണിച്ച ഉത്സാഹത്തിൽ വിപണി ചൂടുപിടിക്കുന്നു. തുടർച്ചയായ ദിവസങ്ങളിൽ വില ഉയർത്തി ചരക്ക് സംഭരണത്തിന് ഇടപാടുകാർ മത്സരിച്ചത് വിളവെടുപ്പ് വേളയിലും ഉൽപ്പന്ന വിപണിയെ ശക്തമാക്കി. ആദ്യഘട്ട വിളവെടുപ്പിൽ കുരുമുളക് ഉൽപാദനം നേരത്തെ പ്രതീക്ഷിച്ചതിലും കുറഞ്ഞതായാണ് കാർഷിക മേഖലകളിൽ നിന്നും ലഭ്യമാവുന്ന സൂചന. ഉൽപാദന കേന്ദ്രങ്ങളിലെ ചെറുകിട വിപണികളിൽ വരവ് നടപ്പ് സീസണിൽ ചുരുങ്ങിയെന്ന് വ്യാപാരികൾ. അൺ ഗാർബിൾഡ് കുരുമുളക് 66,000 രൂപയിലും ഗാർബിൾഡ് 68,000 രൂപയിലുമാണ്.