കുതിച്ചുയർന്ന് കുരുമുളക് വില; ഒരാഴ്ചക്കിടെ ക്വിൻറ്റലിന്‌ കൂടിയത് 1400 രൂപ

Update: 2025-03-11 12:25 GMT

വെളള കുരുമുളക്‌ വില കുതിച്ചു ഉയർന്നു. ആഗോള കുരുമുളക്‌ ക്ഷാമം രൂക്ഷമായത്‌ നിരക്ക്‌ ഉയർത്താൻ മുഖ്യ ഉൽപാദന രാജ്യങ്ങളെ പ്രേരിപ്പിച്ചു. വിയെറ്റ്‌നാം വെറ്റ്‌ പെപ്പർ വില ടണ്ണിന്‌ 10,000 ഡോളറായി ഉയർത്തി, 2020ന്‌ ശേഷം ആദ്യമായാണ്‌ അവരുടെ നിരക്ക്‌ ഇത്രമാത്രം ഉയരുന്നത്‌. അന്താരാഷ്‌ട്ര മാർക്കറ്റിൽ മലേഷ്യൻ കയറ്റുമതിക്കാർ ടണ്ണിന്‌ 12,300 ഡോളറും ഇന്തോനേഷ്യ 10,300 ഡോളറും വെളള കുരുമുളകിന്‌ ആവശ്യപ്പെട്ടു. കൊച്ചിയിൽ അൺ ഗാർബിൾഡ്‌ കുരുമുളക്‌ വില ക്വിൻറ്റലിന്‌ 400 രൂപ ഉയർന്ന 67,300 രൂപയായി.

കൊച്ചി, കോട്ടയം, മലബാർ മേഖലകളിലെ വിപണികളിൽ റബറിന്‌ വിൽപ്പനക്കാർ കുറഞ്ഞു. സ്‌റ്റോക്കിസ്‌റ്റുകളെ ആകർഷിക്കാൻ വ്യവസായികൾ നാലാം ഗ്രേഡ്‌ ഷീറ്റ്‌ വില 19,300 രൂപയിൽ നിന്നും 19,400 രൂപയാക്കി, അഞ്ചാം ഗ്രേഡ്‌ 19,100 രൂപയിലും വിപണനം നടന്നു. രാജ്യാന്തര റബർ വില താഴ്‌ന്നു. നിക്ഷേപകരുടെ അഭാവത്തിൽ ജപ്പാൻ, സിംഗപ്പുർ, ചൈനീസ്‌ മാർക്കറ്റുകളിൽ റബർ അവധി വില എഴ്‌ മാസത്തെ ഏറ്റവും താഴ്‌ന്ന തലത്തിലാണ്‌. വില ഇടിവിലും ടയർ വ്യവസായികളിൽ നിന്നുമുള്ള ഡിമാൻറ്‌ ചുരുങ്ങിതിനാൽ ബാങ്കോക്കിൽ റബർ വില രണ്ട്‌ ദിവസം കൊണ്ട്‌ 700 രൂപ ഇടിഞ്ഞ്‌ 20,030 രൂപയായി.

ഏലം ഉൽപാദന മേഖലയിൽ കടുത്ത വരൾച്ചയെ അഭിമുഖീകരിക്കുന്നു. ലഭ്യത ചുരുങ്ങുമെന്ന വിലയിരുത്തലിൽ ആഭ്യന്തര വിദേശ വാങ്ങലുകാരുടെ സാന്നിധ്യം ലേല കേന്ദ്രങ്ങളെ സജീവമാക്കിയെങ്കിലും വിലയിൽ കാര്യമായ മുന്നേറ്റം ദൃശ്യമായില്ല. ശരാശരി ഇനങ്ങൾ കിലോ 2742 രൂപയിൽ കൈകമാറി, അതേ സമയം വിദേശ ഓർഡറുകളുടെ കരുത്തിൽ മികച്ചയിനങ്ങൾ 3081 രൂപയിൽ ലേലം ഉറപ്പിച്ചു. മൊത്തം 46,042 കിലോഗ്രാം ഏലക്ക വന്നതിൽ 45,225 കിലോയും വിറ്റഴിഞ്ഞു.

Tags:    

Similar News