കാർഷിക മേഖല കുരുമുളക് വിളവെടുപ്പിൻെറ അവസാനഘട്ടത്തിൽ. ഏപ്രിലിന് മുമ്പേ പൂർണമായി മുളക് മണികൾ പറിചെടുക്കാനാവുമെന്ന് ചെറുകിട ഉൽപാദകർ വ്യക്തമാക്കുമ്പോഴും പല വൻകിട തോട്ടങ്ങളിലും തൊഴിലാളി ക്ഷാമം മൂലം മൂപ്പ് കൂടിയ മുളക് മണികൾ അടർന്ന് വീഴുന്നത് തിരിച്ചടിയായി. ഉൽപാദനം കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ചുരുങ്ങിയതിനാൽ വിളവെടുപ്പ് നേരത്തെ പൂർത്തിയാക്കാൻ പലർക്കുമായി. കൊച്ചി ടെർമിനൽ മാർക്കറ്റിൽ നിത്യേനെ 50 ടൺ താഴെ മുളക് മാത്രമാണ് വിൽപ്പനയ്‌ക്ക് ഇറങ്ങുന്നത്, മുൻ വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ മാർച്ച് ആദ്യ വാരം വരവ് 100 ടണ്ണിൽ അധികമാണ്. വിപണിയിൽ വരവ് ചുരുങ്ങിയത് വിലക്കയറ്റത്തിന് അവസരം ഒരുക്കി, നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താൽ വിളവെടുപ്പ് പൂർത്തിയാവുന്നതോടെ നിരക്ക് 66,000 ൽ നിന്നും 70,000 നെ ലക്ഷ്യമാക്കുമെന്ന നിഗനത്തിലാണ് ഒരു വിഭാഗം. കഴിഞ്ഞ വർഷം ഇതേ സന്ദർഭത്തിൽ വില 49,000 രൂപ മാത്രമായിരുന്നു.
വരണ്ട കാലാവസ്ഥയിൽ റബർ തോട്ടങ്ങളിൽ ഇലപൊഴിച്ചിൽ വ്യാപകമായതോടെ ടാപ്പിങ് നിർത്തി ഉൽപാദകർ രംഗം വിട്ടു. കൊച്ചി, കോട്ടയം മലബാർ മേഖലകളിൽ ഷീറ്റ്, ലാറ്റക്‌സ് വരവ് ചുരുങ്ങിയത് വിലക്കയറ്റത്തിന് വഴിതെളിക്കുമെന്ന് ഉൽപാദന മേഖല വിലയിരുത്തി, എന്നാൽ ടയർ നിർമ്മാതാക്കളുടെ തണുപ്പൻ മനോഭാവം വിലക്കയറ്റത്തിന് തടസമായി. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ 192 രൂപയിലും ലാറ്റക്‌സ് 128 രൂപയിലുമാണ്. ഇതിനിടയിൽ രാജ്യാന്തര വിപണിയിൽ റബർ അവധി വിലകൾ നവംബർ മദ്ധ്യത്തിന് ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിലവാരത്തിലേയ്‌ക്ക് നീങ്ങിയത് നിഷേപകരെ വിൽപ്പനക്കാരാക്കി. ചൈനീസ് ടയർ മേഖലയിൽ നിന്നുള്ള ഡിമാൻറ് റബറിന് കുറഞ്ഞതും ഷീറ്റ് വിലക്കയറ്റത്തിന് തിരിച്ചടിയായി.
രാജ്യത്ത് കാപ്പി ഉൽപാദനം ചുരുങ്ങിയത് വില ഉയർത്തി ചരക്ക് സംഭരിക്കാൻ ഇറക്കുമതി രാജ്യങ്ങളെ പ്രേരിപ്പിക്കും. ഈ വർഷം ഉൽപാദനത്തിൽ പത്ത് ശതമാനം കുറവാണ് കണക്കാക്കുന്നത്. ദക്ഷിണേന്ത്യയിൽ അറബിക്ക, റോബസ്‌റ്റ കാപ്പി ഉൽപാദിപ്പിക്കുന്നുണ്ട്. രാജ്യാന്തര വിപണിയിലേയ്‌ക്ക് ഏറ്റവും കൂടുതൽ കാപ്പി കയറ്റുമതി നടത്തുന്നത് ബ്രസീലിലും വിയെറ്റ്‌നാമുമാണ്, ഇരു രാജ്യങ്ങളിലും കാലാവസ്ഥ വ്യതിയാനം മൂലം വിളവ് ചുരുങ്ങിയത് ദക്ഷിണേന്ത്യൻ കാപ്പിക്ക് ഡിമാൻറ് ഉയർത്തും. വയനാട്ടിൽ കാപ്പി പരിപ്പ് കിലോ 455 രൂപയിലും ഉണ്ടക്കാപ്പി 54 കിലോ 14,000 രൂപയിലുമാണ്.