'ഏലം കർഷകർക്ക്‌ ഇരട്ട പ്രഹരം' അറിയാം ഇന്നത്തെ കമ്പോള നിലവാരം

Update: 2025-02-26 12:21 GMT
ഏലം കർഷകർക്ക്‌ ഇരട്ട പ്രഹരം അറിയാം ഇന്നത്തെ കമ്പോള നിലവാരം
  • whatsapp icon

ഏലം കർഷകർക്ക്‌ ഇരട്ട പ്രഹരം. കഴിഞ്ഞ വർഷത്തെ കനത്ത വരൾച്ചയിൽ കൃഷിനാശം സംഭവിച്ച ഏലം കർഷകർക്ക്‌ സർക്കാർ അനുവദിച്ചത്‌ കേവലം പത്ത്‌ കോടി രൂപയുടെ ആശ്വാസ ധനം മാത്രം. സംസ്ഥാനത്തെ 22,311 കർഷകരുടെ 40,550 ഏക്കറിലെ ഏലം കൃഷിയാണ്‌ കഴിഞ്ഞ വേനലിൽ കരിഞ്ഞ്‌ ഉണങ്ങിയത്‌. നൂറ്‌ കോടി രൂപയിൽ അധികം കൃഷിനാശം സംഭവിച്ചിട്ടും അതിൻെറ പത്തിൽ ഒന്ന്‌ പോലും അനുവദിക്കാഞ്ഞതിൻറ ഞെട്ടൽ വിട്ടുമാറും മുന്നേ ലേലത്തിൽ മികച്ചയിനം ഏലക്ക വില ഈ വർഷം ഇതാദ്യമായി മൂവായിരം രൂപയുടെ നിർണായക താങ്ങും നഷ്‌ട്ടപ്പെട്ടു. തേക്കടിയിൽ നടന്ന ലേലത്തിൽ മികച്ചയിനങ്ങളുടെ വില 2962 രൂപയിലേയ്‌ക്ക്‌ ഇടിഞ്ഞു. ജനുവരി ആദ്യ രേഖപ്പെടുത്തിയ 4511 രൂപയാണ്‌ 2025 ലെ ഏറ്റവും ഉയർന്ന വില. ഓഫ്‌ സീസൺ കാലയളവിൽ വില ഉയരുമെന്ന പ്രതീക്ഷിച്ചവരെ അക്ഷരാർത്ഥത്തിൽ സർക്കാരും വാങ്ങലുകാരും ചേർന്ന്‌ ഞെട്ടിച്ചു. ശരാശരി ഇനങ്ങളുടെ വില കിലോ 2654 രൂപയായി താഴ്‌ന്നു. മൊത്തം 52,647 കിലോ ഏലക്കയുടെ കൈമാറ്റം നടന്നു. കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ലേലത്തിൽ സജീവമായിരുന്നു.

അന്താരാഷ്‌ട്ര വിപണിയിൽ കുരുമുളകിന്‌ പിന്നാലെ വെള്ള കുരുമുളക്‌ വിലയും കുതിച്ചു കയറുന്നു. ഈസ്‌റ്റർ ആവശ്യങ്ങൾക്കുള്ള ചരക്ക്‌ സംഭരണത്തിന്‌ യുറോപ്യൻ രാജ്യങ്ങൾ കാണിച്ച താൽപര്യമാണ്‌ വിപണി ചൂടുപിടിക്കാൻ അവസരം ഒരുക്കിയത്‌. മലേഷ്യ വൈറ്റ്‌ പെപ്പർ വില ടണ്ണിന്‌ 12,000 ഡോളറായി ഉയർത്തിയതോടെ ഇന്തോനേഷ്യൻ കയറ്റുമതിക്കാർ അവരുടെ വില 10,100 ഡോളറാക്കി. വിയെറ്റ്‌നാം 9550 ഡോളറിനും ക്വട്ടേഷൻ ഇറക്കി. ആഗോള സുഗന്‌ധവ്യഞ്‌ജന വിപണിയിൽ കുരുമുളക്‌ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്‌ കണ്ട്‌ സ്‌റ്റോക്കിസ്‌റ്റുകൾ ഉൽപ്പന്നത്തിൽ പിടിമുറുക്കുകയാണ്‌.

Tags:    

Similar News