രാജ്യാന്തര റബര്‍ വിപണികളില്‍ തളര്‍ച്ച; ഏലക്ക വ്യാപാരത്തില്‍ ഉണര്‍വ്

ഇറക്കുമതി കുരുമുളക് മൂല്യവര്‍ധിതമാക്കി ആറ് മാസകാലയളവില്‍ തിരിച്ചയക്കാനുള്ള നിയമഭേദഗതി തയ്യാറാകുന്നു

Update: 2025-02-24 12:49 GMT

സംസ്ഥാനത്തെ റബര്‍ വിപണികളില്‍ വില്‍പ്പനക്കാരുടെ അഭാവം തുടരുന്നതിനാല്‍ ഉത്തരേന്ത്യന്‍ വ്യാപാരികളും ടയര്‍ നിര്‍മ്മാതാക്കളും ഷീറ്റും ലാറ്റക്‌സും ശേഖരിക്കാന്‍ രംഗത്തുണ്ട്. പ്രതികൂല കാലാവസ്ഥ നിമിത്തം മുന്നിലുള്ള മാസങ്ങളില്‍ ടാപ്പിങ് പൂര്‍ണമായി സ്തംഭിക്കുന്നതിനാല്‍ ചരക്ക് ക്ഷാമം രുക്ഷമാകുമെന്ന ഭീതിയും വ്യവസായകളില്‍ നിലനില്‍ക്കുന്നു. നാലാം ഗ്രേഡ് 19,200 രൂപയില്‍ ഉയര്‍ന്ന് വിപണനം നടന്നു. രാജ്യാന്തര റബര്‍ വിപണി തളര്‍ച്ചയിലാണ്.

ചൈനീസ് വാഹന വില്‍പ്പന ജനുവരിയില്‍ ചുരുങ്ങിയ വിവരം പുറത്തുവന്നതോടെ ഏഷ്യന്‍ ടയര്‍ നിര്‍മ്മാതാക്കള്‍ റബര്‍ സംഭരണത്തില്‍ നിയന്ത്രണം വരുത്തി. മുഖ്യകയറ്റുമതി വിപണിയായ ബാങ്കോക്കില്‍ നിരക്ക് 21,004 രൂപയായി താഴ്ന്നു. പ്രമുഖ അവധിവ്യാപാര കേന്ദ്രമായ ജപ്പാനിലെ ഒസാക്ക എക്‌സ്‌ചേഞ്ചില്‍ വെളളിയാഴ്ച്ച കിലോ 377 യെന്നില്‍ ഇടപാടുകള്‍ നടന്നറബര്‍ ഇന്ന് 369 യെന്നിലേയ്ക്ക് ഇടിഞ്ഞു.

ഉല്‍പാദനമേഖലയില്‍ നടന്ന രണ്ട് ഏലക്ക ലേലങ്ങളിലായി ഏകദേശം 93,000 കിലോഗ്രാം ചരക്ക് വില്‍പ്പനയ്ക്ക് ഇറങ്ങി. അതേസമയം വാരാന്ത്യം നടന്ന ലേലത്തില്‍ വരവ് അരലക്ഷം കിലോയായിരുന്നു. ലേലത്തില്‍ ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും ചരക്കിനായി മത്സരിച്ചു. കാലാവസ്ഥമാറ്റം ഉല്‍പാദനത്തെ ബാധിക്കുന്നതിനാല്‍ പരമാവധി ചരക്ക് സംഭരിക്കാന്‍ ഇടപാടുകാര്‍ ഉത്സാഹിച്ചു. വണ്ടന്‍മേട്ടില്‍ നടന്ന ലേലത്തില്‍ മികച്ചയിനങ്ങള്‍ കിലോ 3251 രൂപയിലും ശരാശരി ഇനങ്ങള്‍ കിലോ 2835 രൂപയിലും കൈമാറി.

ഇറക്കുമതി നടത്തുന്ന കുരുമുളക് മൂല്യവര്‍ദ്ധിതമാക്കി ആറ് മാസകാലയളവില്‍ തിരിച്ചുകപ്പലില്‍ കയറ്റുന്നതിന് ആവശ്യമായ നിയമ ഭേദഗതികള്‍ക്കായി വാണിജ്യമന്ത്രായം ഒരുങ്ങുന്നു. വിയറ്റ്‌നാം, ശ്രീലങ്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള വില കുറഞ്ഞ കുരുമുളകാണ് ആഭ്യന്തര വിപണിയില്‍ ഇറക്കി വന്‍ ലാഭത്തില്‍ വ്യവസായികള്‍ വിറ്റുമാറുന്നത്.

ഇറക്കുമതി നടത്തുന്ന വിദേശമുളക് ഒരുവര്‍ഷ കാലയളവില്‍ റീഷിപ്പ്‌മെന്റ് നടത്തിയാല്‍ മതിയെന്നത് ഉല്‍പ്പന്നം മറിച്ച് വിറ്റ് ലാഭം കൊയ്യാനുള്ള അവസരമാക്കുകയാണ് പലരും. ഇറക്കുമതി നയത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുന്നതോടെ വിദേശഭീഷണിക്ക് ഒരുപരിധിവരെ നിയന്ത്രണം വരും. കര്‍ഷകര്‍ക്ക് അനുകൂലമായ കേന്ദ്രനീക്കത്തെ തകര്‍ക്കാന്‍ വ്യവസായ ലോബി എല്ലാ അടവും ഈ അവസരത്തില്‍ പുറത്തെടുത്തേക്കും. 

Tags:    

Similar News