ഏഷ്യൻ രാജ്യങ്ങളിൽ പ്രതികൂല കാലാവസ്ഥയിൽ റബർ ഉൽപാദനം സ്‌തംഭിച്ചത് വിലക്കയറ്റത്തിന് വഴിതെളിക്കുമെന്ന നിഗനമത്തിലാണ് വിപണി വൃത്തങ്ങളും ഉൽപാദകരും. എന്നാൽ ടയർ വ്യവസായികളിൽ നിന്നുള്ള പിൻതുണ ഓഫ് സീസണിലും ഉറപ്പ് വരുത്താനാവാഞ്ഞത് കുതിച്ചു ചാട്ടത്തിന് തിരിച്ചടിയായി. നോയമ്പ് കാലമായതിനാൽ ഇന്തോനേഷ്യ, മലേഷ്യൻ റബർ ടാപ്പിങ് നിലച്ചു. പ്രതികൂല കാലാവസ്ഥയിൽ തായ്‌ലൻഡിലും ടാപ്പിങ് തടസപ്പെട്ടങ്കിലും റബർ അവധി വ്യാപാരത്തിലെ വിൽപ്പന സമ്മർദ്ദം അന്താരാഷ്‌ട്ര മാർക്കറ്റിൻറ മുന്നേറ്റത്തിന് തിരിച്ചടിയായി. വരണ്ട കാലാവസ്ഥയിൽ കേരളത്തിൽ റബർ മരങ്ങളിൽ ഇലപൊഴിച്ചിൽ വ്യാപകമായതോടെ കർഷകർ ടാപ്പിങ് നിർത്തിവെച്ചു. നാലാം ഗ്രേഡ് റബർ 19,200 രൂപ.
നെടുക്കണ്ടത്ത് നടന്ന ഏലക്ക ലേലത്തിൽ വാങ്ങലുകാരുടെ ശക്തമായ പിൻതുണയിലും മികച്ചയിനങ്ങൾക്ക് നിർണായകമായ 3000 രൂപയ്‌ക്ക് മുകളിൽ ഇടം പിടിക്കാൻ ഏറെ ക്ലേശിച്ചു. മികച്ചയിനങ്ങൾ കിലോ 3007 രൂപയിലും ശരാശരി ഇനങ്ങൾ 2813 രൂപയിലും ഇടപാടുകൾ നടന്നു. മൊത്തം 38,920 കിലോ ഏലക്ക ലേലത്തിന് എത്തിയതിൽ 36,018 കിലോ കൈമാറ്റം നടന്നു. അന്തരീക്ഷ താപനില ഉയർന്ന തലത്തിൽ നീങ്ങുന്നത് ഉൽപാദന മേഖലയിൽ ആശങ്കപരത്തുന്നു.
ഹോളി അടുത്തതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തേയിലയ്‌ക്ക് ഡിമാൻറ്. അവർ ദക്ഷിണേന്ത്യൻ തേയില ലേലത്തിൽ ചരക്ക് സംഭരണത്തിന് ഉത്സാഹിച്ചത് വില മെച്ചപ്പെടുത്തി. വിദേശത്ത് നിന്നും ഉൽപ്പന്നത്തിന് ആവശ്യാകാരെത്തിയത് കൊച്ചി ലേല കേന്ദ്രത്തിൽ ഇല, പൊടി തേയിലകൾക്ക് കടുപ്പം കൂട്ടി. പശ്‌ചിമേഷ്യയിൽ നിന്നും സി ഐ എസ് രാജ്യങ്ങളിൽ നിന്നും ചരക്കിന് ആവശ്യകാരുണ്ട്.