ഒരു ചുവട്‌ കൂടി മുന്നേറി കുരുമുളക്; കുതിപ്പിൽ ഏലം,റബർ

Update: 2025-03-07 12:33 GMT

സംസ്ഥാനത്ത്‌ പകൽ താപനില അടുത്ത ഏതാനും ദിവസങ്ങളിൽ ഉയരുമെന്ന വിലയിരുത്തലുകൾ റബർ ടാപ്പിങിൽ നിന്നും കർഷകർ പൂർണമായി പിൻതിരിയാൻ ഇടയാക്കും. വൻകിട തോട്ടങ്ങൾ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത്‌ റബർ വെട്ട്‌ നേരത്തെ തന്നെ നിർത്തിയതിനാൽ കൊച്ചി, കോട്ടയം മലബാർ വിപണികളിൽ ഷീറ്റ്‌ വരവ്‌ നാമമാത്രം. ഇതിനിടയിൽ അടുത്തവാരം തെക്കൻ കേരളത്തിൽ മഴയ്‌ക്കുള്ള സാധ്യതകൾ സ്വകാര്യ കാലാവസ്ഥ വിഭാഗം പ്രവചിച്ചത്‌ ഏറെ  പ്രതീക്ഷകളോടെയാണ്‌ കാർഷിക കേരളം ഉറ്റ്‌ നോക്കുന്നത്‌. നാലാം ഗ്രേഡ്‌ റബർ വില 19,200 ൽ നിന്നും 19,300 രൂപയായി. ഏഷ്യൻ റബർ അവധി വ്യാപാര രംഗം വിൽപ്പനക്കാരുടെ നിയന്ത്രണത്തിൽ നീങ്ങിയെങ്കിലും മുഖ്യ കയറ്റുമതി വിപണിയായ ബാങ്കോക്കിൽ റബർ വില കിലോ 205 രൂപയിൽ നിന്നും 207 ലേയ്‌ക്ക്‌ ഉയർന്നു. വിനിപയ വിപണിയിൽ യെൻ കരുത്ത്‌ കാണിച്ചെങ്കിലും ജപ്പാനീസ്‌ മാർക്കറ്റിൽ റബറിന്‌ മുന്നേറാനായില്ല.

ലേലത്തിൽ ഏലക്ക വരവ്‌ ഉയർന്നത്‌ ഉത്തരേന്ത്യൻ വാങ്ങലുകാർക്ക്‌ ആശ്വാസം പകർന്നു. ഹോളി ആഘോഷങ്ങൾ മുന്നിൽ കണ്ട്‌ ഉയർന്ന അളവിൽ ഏലക്ക ശേഖരിക്കുന്നുണ്ട്‌. ഉത്സവ ദിനങ്ങളിൽ ഡിമാൻറ്‌ പതിവിലും ഉയരുമെന്നാണ്‌ വിപണി വൃത്തങ്ങളുടെ അനുമാനം. ഇന്ന്‌ നടന്ന രണ്ട്‌ ലേലങ്ങളിലായി 80,000 കിലോഗ്രാം  ഏലക്ക വിൽപ്പനയ്‌ക്ക്‌ എത്തി. ഹൈറേഞ്ചിലെ ഏലതോട്ടങ്ങൾ കനത്ത പകൽ ചൂട്‌ തുടരുനനതിനാൽ വൈകാതെ നിശ്‌ചലമാകുന്നതിന്‌ മുന്നേ പരാമവധി ചരക്ക്‌  ശേഖരിക്കാൻ ആഭ്യന്തര വിദേശ ഇടപാടുകാർ ഉത്സാഹിക്കുന്നുണ്ട്‌. തമിഴ്‌നാട്‌ ആസ്ഥാമാക്കി ഒരു വിഭാഗം ചരക്ക്‌ സംഭരണത്തിൻെറ ചുക്കാൻ നിയന്ത്രിക്കുന്നതിനാൽ സംസ്ഥാനത്തെ ഉൽപാദകർക്ക്‌ വിപണിയിൽ കാര്യമായ ചലനമുളവാക്കാൻ അവസരം ലഭിക്കുന്നില്ല. ശരാശരി ഇനങ്ങൾ കിലോ 2900 രൂപയ്‌ക്ക്‌ മുകളിൽ ഇടം പിടിക്കാൻ ക്ലേശിക്കുകയാണ്‌. നോയമ്പ് കാലമായതിനാൽ അറബ്‌ രാജ്യങ്ങളിൽ നിന്നും നേരത്തെ ലഭിച്ച ഓർഡറുകൾ മുൻ നിർത്തിയുള്ള ചരക്ക്‌ സംഭരണവും നടക്കുന്നുണ്ട്‌.

നാളികേരോൽപ്പന്നങ്ങൾ ഒരു ചുവട്‌ കൂടി മുന്നേറി. മാസാരംഭ ഡിമാൻറ്റിൽ വെളിച്ചെണ്ണ വിൽപ്പന ഉയർന്നത്‌ മില്ലുകാരെ ആവേശം കൊള്ളിച്ചു. തമിഴ്‌നാട്ടിലെ മില്ലുകാർ സ്‌റ്റോക്കുള്ള വെളിച്ചെണ്ണയ്‌ക്ക്‌ ഉയർന്ന വില ആവശ്യപ്പെട്ടത്‌ കേരളത്തിലും നാളികേരോൽപ്പന്നങ്ങളുടെ വില ഉയർത്തി. കാങ്കയം വിപണിയിൽ വെളിച്ചെണ്ണ ക്വിൻറ്റലിന്‌ 125 രൂപ ഉയർത്തിയെങ്കിലും അവർ ശേഖരിക്കുന്ന കൊപ്രയ്‌ക്ക്‌ കേവലം 25 രൂപ മാത്രമാണ്‌ തമിഴ്‌നാട്ടിലെ മില്ലുകാർ ഉയർത്തിയത്‌. കർഷകർക്ക്‌ ഉയർന്ന വിലയ്‌ക്കുള്ള സാധ്യതകളെ വ്യവസായികൾ അട്ടിമറിക്കുകയാണ്‌.  

Tags:    

Similar News