കുരുമുളക് വിപണിയില്‍ തകര്‍പ്പന്‍ മുന്നേറ്റം; അറിയാം ഇന്നത്തെ കമ്പോള നിലവാരം
സത്ത് നിര്‍മ്മാതാക്കളെ ലക്ഷ്യമാക്കി ശ്രീലങ്ക മൂപ്പ് കുറഞ്ഞതും എണ്ണയുടെ അംശം ഉയര്‍ന്നതുമായ കുരുമുളക് വില്‍പ്പനയ്ക്ക് സജ്ജമാക്കി. രാജ്യത്തെ ഒലിയോറസിന്‍ വ്യവസായികള്‍ക്ക് ആവശ്യമായ ലൈറ്റ് പെപ്പറില്‍ വലിയ പങ്കും അവര്‍ ഇറക്കുമതി നടത്തുകയാണ്. തെക്കന്‍ കേരളത്തില്‍ നിന്നുള്ള മൂപ്പ് കുറഞ്ഞ മുളകിലും എണ്ണയുടെ അംശം ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ സീസണ്‍ ആരംഭത്തില്‍ തന്നെ വ്യവസായികള്‍ കാര്‍ഷിക മേഖലകളില്‍ നിന്നും നേരിട്ട് ചരക്ക് സംഭരിക്കുകയാണ് പതിവ്. അന്താരാഷ്ട്ര വിപണിയിലെ കുരുമുളക് ക്ഷാമം മുന്‍ നിര്‍ത്തി ഇന്തോനേഷ്യ അവരുടെ മുളക് വില ടണ്ണിന് 7700 ഡോളറായി ഉയര്‍ത്തി, ഇന്ത്യന്‍ നിരക്ക് ടണ്ണിന് 7900 ഡോളറാണ്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില 700 രൂപ ഉയര്‍ന്ന് 67,900 രൂപയായി.
ഓഫ് സീസണായതിനാല്‍ സംസ്ഥാനത്തെ വിപണികളില്‍ റബര്‍ വരവ് ഗണ്യമായി കുറഞ്ഞു. ഉയര്‍ന്ന പകല്‍ ചൂട് മൂലം ഒട്ടുമിക്ക ഭാഗങ്ങളിലും കര്‍ഷകര്‍ റബര്‍ ടാപ്പിങില്‍ നിന്നും ഇതിനകം പിന്‍തിരിഞ്ഞു. ടയര്‍ നിര്‍മ്മാതാക്കള്‍ നാലാം ഗ്രേഡ് ഷീറ്റ് 19,300 രൂപ പ്രകാരം ശേഖരിച്ചു. ചെറുകിട വ്യവസായികള്‍ 19,000 രൂപയാണ് അഞ്ചാം ഗ്രേഡിന് വാഗ്ദാനം ചെയ്ത്. ഇതിനിടയില്‍ ഏഷ്യന്‍ മാര്‍ക്കറ്റുകളില്‍ റബര്‍ വില താഴ്ന്നു. അമേരിക്കന്‍ ഇറക്കുമതി തീരുവ വിഷയം മുന്‍ നിര്‍ത്തി ചൈനീസ് വ്യവസായികള്‍ റബര്‍ സംഭരണത്തില്‍ നിന്നും പിന്‍വലിഞ്ഞത് തായ്ലന്‍ഡ്, മലേഷ്യന്‍ മാര്‍ക്കറ്റുകളെയും ഷഅവധി വ്യാപാര കേന്ദ്രങ്ങളായ ജപ്പാന്‍, സിംഗപ്പുര്‍ വിപണികളെയും സമ്മര്‍ദ്ദത്തിലാക്കി.
ഉല്‍പാദന മേഖലയില്‍ രാവിലെ നടന്ന ഏലക്ക ലേലത്തില്‍ മൊത്തം 41,286 കിലോ ചരക്ക് വില്‍പ്പനയ്ക്ക് ഇറങ്ങിയതില്‍ 43,704 കിലോയും വിറ്റഴിഞ്ഞു. കയറ്റുമതി മേഖലയില്‍ നിന്നും ആഭ്യന്തര വാങ്ങലുകാരില്‍ നിന്നും ശക്തമായ ഡിമാന്റ് നിലനിന്നു, ഹോളി ആഘോഷങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഏലക്ക സംഭരണവും പുരോഗമിക്കുന്നു. ശരാശരി വില കിലോ 2735 രൂപയിലും മികച്ചയിനങ്ങള്‍ 3191 രൂപയിലുമാണ്.
വെളിച്ചെണ്ണ വിപണിയില്‍ തകര്‍പ്പന്‍ മുന്നേറ്റം. കൊച്ചിയില്‍ വെളിച്ചെണ്ണ വില ക്വിന്റ്റലിന് 200 രൂപ വര്‍ദ്ധിച്ച് 23,100 ലേയ്ക്ക് കയറിയെങ്കിലും കൊപ്ര വില 100 രൂപ മാത്രമാണ് ഉയര്‍ന്നത്. കാര്‍ഷിക മേഖലകളില്‍ കൊപ്രയ്ക്കും പച്ചതേങ്ങയ്ക്കും ക്ഷാമം നിലവിലുണ്ട്, വ്യവസായികളുടെ കണക്ക് കൂട്ടലിന് ഒത്ത് ചരക്ക് സംഭരിക്കാന്‍ പല അവസരത്തിലും മില്ലുകാര്‍ ക്ലേശിച്ചു.