റബര്‍വില ഉയര്‍ന്നു; കുരുളകിന് കഷ്ടകാലം

  • നാലാംഗ്രേഡ് ഷീറ്റ് വില കിലോ 197രൂപയായി
  • വിപണികളില്‍ പച്ചതേങ്ങ ലഭ്യത കുറഞ്ഞു

Update: 2024-10-15 13:06 GMT

സംസ്ഥാനത്ത് റബര്‍ ടാപ്പിങിന് കര്‍ഷകര്‍ തയ്യാറെടുത്തെങ്കിലും മഴ തിരിച്ചടിയായി. റെയിന്‍ ഗാര്‍ഡ് ഇട്ടതോട്ടങ്ങളില്‍ ടാപ്പിങിന് അവസരം ലഭിച്ചു. ഏതാനും മാസത്തെ സജീവസാന്നിധ്യത്തിന് ശേഷം കാലവര്‍ഷം രാജ്യത്ത് നിന്നും പിന്‍മാറുകയാണ്. ഇനി കാര്‍ഷിക മേഖലയുടെ എല്ലാ പ്രതീക്ഷകളും തുലാമഴയിലാണ്. പകല്‍ താപനിലകുറഞ്ഞത് റബര്‍ മരങ്ങളില്‍ നിന്നുള്ളപാല്‍ ലഭ്യത ഉയര്‍ത്തും. മഴ മുന്‍നിര്‍ത്തി സ്റ്റോക്കിസ്റ്റുകള്‍ ഇന്ന് ചരക്ക് നീക്കം നിയന്ത്രിച്ചതിനാല്‍ ടയര്‍ കമ്പനികള്‍ നാലാംഗ്രേഡ് ഷീറ്റ് വില കിലോ 197രൂപയായി ഉയര്‍ത്തി.

മുഖ്യ വിപണികളില്‍ പച്ചതേങ്ങ ലഭ്യത കുറഞ്ഞത് കൊപ്രയാട്ട് മില്ലുകാരെ ആശങ്കയിലാക്കുന്നു. നവരാത്രി കഴിഞ്ഞതിനാല്‍ വില അമിതമായി ഉയര്‍ത്തി കൊപ്രസംഭരിക്കാന്‍ വ്യവസായികള്‍ തയ്യാറായില്ല. അതേസമയം ദീപാവലി മുന്നിലുള്ളത് വെളിച്ചെണ്ണയ്ക്ക് കരുത്ത് സമ്മാനിക്കുമെന്ന വിശ്വാസത്തിലാണ് മില്ലുകാര്‍. ഓണവേളയില്‍ കിലോ 200 രൂപയില്‍ നീങ്ങിയ എണ്ണവില നിലവില്‍ 240 ലേയ്ക്ക് ഉയര്‍ന്നതിനാല്‍ പ്രദേശിക വില്‍പ്പനയെബാധിച്ചു.കൊച്ചിയില്‍ മാസാരംഭംമുതല്‍ വെളിച്ചെണ്ണവില 19,400 രൂപയില്‍ സ്റ്റെഡിയാണ്.

ഉത്തരേന്ത്യന്‍ അന്വേഷണങ്ങളുടെ അഭാവത്തില്‍ കുരുമുളക് വില ഇടിയുന്നു. അന്തര്‍ സംസ്ഥാന വാങ്ങലുകാര്‍ ചരക്ക് സംഭരണം കുറച്ചത് വിപണിയുടെ താളം ചെറിയ അളവില്‍ തെറ്റിച്ചു.ഹൈറേഞ്ചില്‍ നിന്നും മറ്റ് ഭാഗങ്ങളില്‍ നിന്നും മുളക് വരവ് കുറവാണ്. അതേസമയം ഇറക്കുമതി ചരക്ക് കലര്‍ത്തി വില്‍പ്പനയ്ക്ക് ഇറക്കുന്നവര്‍ രംഗത്ത് സജീവമായത് വിലയെ ബാധിച്ചു. ഒക്ടോബര്‍ ആദ്യപകുതിയില്‍ പിന്നിടുമ്പോള്‍ കുരുമുളക് വിലക്വിന്റ്റലിന് 1300 രൂപ ഇടിഞ്ഞ് 63,200 രൂപയായി.

ഹൈറേഞ്ചില്‍ പുതിയഏലക്ക ലഭ്യത ഉയര്‍ന്നതിനൊപ്പം ലേലകേന്ദ്രങ്ങളില്‍ വാങ്ങലുകാരുടെ സാന്നിധ്യം വര്‍ധിച്ചു. ഉത്സവവേളയായതിനാല്‍ ആഭ്യന്തരവാങ്ങലുകാര്‍ മത്സരിച്ച് ഏലക്കവാങ്ങി. നെടുങ്കണ്ടത്ത് നടന്ന ലേലത്തില്‍ മികച്ചയിനങ്ങള്‍ 3236രൂപയിലും ശരാശരിഇനങ്ങള്‍ 2271 രൂപയിലും കൈമാറി.

Tags:    

Similar News