റബറിന് ഇന്നും കാലിടറി; ഏലക്ക വില്‍പ്പന സജീവം
- ഏഷ്യയില്‍ റബര്‍ ഉല്‍പ്പാദനം നാലര ശതമാനം വരെ കുറയും
- തുടര്‍ച്ചയായ അഞ്ചാം ദിവസവും മുളക് വില ഇടിഞ്ഞു
തായ്‌ലന്റ്റിലെ കനത്ത മഴയും ചൈനയില്‍ വീശിയടിച്ച ചുഴലിക്കാറ്റും റബര്‍ ഉല്‍പാദനം കുറച്ചതോടെ ലഭ്യത ഉറപ്പ് വരുത്താനുള്ള ശ്രമത്തിലാണ് വ്യവസായികള്‍. പ്രതികൂല കാലാവസ്ഥയില്‍ ഏഷ്യയില്‍ നടപ്പ് വര്‍ഷം ഉല്‍പാദനം നാലര ശതമാനം വരെ കുറയുമെന്നാണ് വിലയിരുത്തല്‍. കയറ്റുമതിയില്‍ മുന്‍പന്തിയിലുള്ള തായ്‌ലാന്റ്റില്‍ ഉല്‍പാദനം 10 മുതല്‍ 15 ശതമാനംവരെ കുറയാം. കാര്‍ഷികമേഖലയ്ക്ക് അനുകൂല വാര്‍ത്തകള്‍ക്കിടയിലും സംസ്ഥാനത്ത് റബറിന് ഇന്ന് കാലിടറി. ടയര്‍ കമ്പനികള്‍ നാലാംഗ്രേഡ് ഷീറ്റിന് 200 രൂപകുറച്ച് 19,500 രൂപയാക്കി. പലഭാഗങ്ങളിലും പുലര്‍ച്ചെവരെ നിന്ന കനത്ത മഴ ടാപ്പിങിന് തടസം സൃഷ്ടിച്ചു.
ഉത്സവഡിമാന്റ്റില്‍ ഏലക്ക വില്‍പ്പന ചൂടുപിടിച്ചു. ഉല്‍പാദന മേഖലയില്‍ നടന്ന ലേലത്തിന് എത്തിയ ചരക്കില്‍ ഏറിയപങ്കും വാങ്ങലുകാര്‍ ശേഖരിച്ചു. ദീപാവലി ഡിമാന്റ് ശക്തമെന്ന സൂചനായാണ് അവരുടെ വാങ്ങല്‍ താല്‍പര്യം വ്യക്തമാക്കുന്നത്. ആഭ്യന്തര വാങ്ങലുകാരും കയറ്റുമതിക്കാരും ലേലത്തില്‍ സജീവം. മികച്ചയിനങ്ങള്‍ കിലോ 2625രൂപയിലും ശരാശരി ഇനങ്ങള്‍ കിലോ 2273രൂപയിലും കൈമാറി. ഹൈറേഞ്ചില്‍ കാലാവസ്ഥ അനുകൂലമായതിനാല്‍ രണ്ടാംറൗണ്ട് വിളവെടുപ്പില്‍ ഉല്‍പാദനം ഉയരുമെന്നാണ് വിലയിരുത്തല്‍.
വിദേശ കുരുമുളക് ഉത്തരേന്ത്യന്‍ വിപണികളില്‍ കുറഞ്ഞവിലയ്ക്ക് വില്‍പ്പനയ്ക്ക് ഇറക്കിയതോടെ നാടന്‍ ചരക്ക് അല്‍പ്പം പിന്‍തള്ളപ്പെട്ടു. അതേസമയം ശൈത്യകാലത്തിന് മുന്നേ സ്റ്റോക്ക് വിറ്റുമാറാനുള്ള നീക്കത്തിലാണ് ഇറക്കുമതിക്കാര്‍. മുളകില്‍ ജലാംശതോത് ഉയര്‍ന്നാല്‍ പൂപ്പല്‍ ബാധയ്ക്ക് ഇടയുണ്ട്, ഇത് ഉല്‍പ്പന്നവിലയെ ബാധിക്കും. കൊച്ചിയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും മുളക് വില ഇടിഞ്ഞു. ഗാര്‍ബിള്‍ഡ് കുരുമുളക് വില64,900 രൂപ.