റബര്‍വില കുറഞ്ഞു; സുഗന്ധം ഉയര്‍ന്ന് ഏലക്ക

  • കൊപ്രവിലയില്‍ ഇടിവ്
  • ഏലം മികച്ചയിനങ്ങള്‍ കിലോ 2658രൂപ

Update: 2024-10-03 12:26 GMT

ഗ്രാമീണ മേഖലകളിലെ ചെറുകിട വിപണികളില്‍ പച്ചതേങ്ങയും കൊപ്രയും കൂടുതായി വില്‍പ്പനയ്ക്ക് ഇറങ്ങി. ഉയര്‍ന്നവില പ്രതീക്ഷിച്ച് നാളികേരവിളവെടുപ്പിന് കര്‍ഷകര്‍ ഉത്സാഹിച്ചു. ഇതിനിടയില്‍ ഉത്തരേന്ത്യന്‍ ഡിമാന്റില്‍ കുതിച്ചുകയറിയ കൊപ്രവിലയില്‍ ഇടിവ് സംഭവിച്ചത് വിപണിയെ പിരിമുറുക്കത്തിലാക്കി. തമിഴ്‌നാട്ടില്‍ കൊപ്രയ്ക്ക് വില്‍പ്പനക്കാരുണ്ട്, എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ലഭ്യതകുറവാണ്. മാസാരംഭ ഡിമാന്റ്് പ്രദേശിക വിപണികളില്‍ വെളിച്ചെണ്ണ വില്‍പ്പന ചൂടുപിടിക്കാന്‍ അവസരം ഒരുക്കി. കൊച്ചിയില്‍ വെളിച്ചെണ്ണവില 13000രൂപ.

ഹൈറേഞ്ചിലെ ലേലകേന്ദ്രങ്ങളില്‍ പുതിയ ഏലക്കലഭ്യത ഉയര്‍ന്നത് ഇടപാടുകളുടെ വ്യാപ്തി വര്‍ധിച്ചു. നവരാത്രിവേളയായതിനാല്‍ ഉത്തരേന്ത്യന്‍ വാങ്ങലുകാര്‍ ചരക്ക് സംഭരിക്കാന്‍ ലേലത്തില്‍ തിടുക്കം കാണിച്ചു. വിളവെടുപ്പ് ഏതാനും മാസം വൈകിയതിനാല്‍ ഉത്തരേന്ത്യന്‍ വിപണികളില്‍ ഏലംസ്റ്റോക്ക് ചുരുങ്ങി. വലിപ്പംകൂടിയവയ്ക്ക് കയറ്റുമതി മേഖലയില്‍ നിന്നും ഡിമാന്റുണ്ട്. മികച്ചയിനങ്ങള്‍ കിലോ 2658രൂപയിലും ശരാശരി ഇനങ്ങള്‍ 2231രൂപയിലും ലേലം നടന്നു.

റബര്‍ അവധിവ്യാപാരത്തില്‍ വില്‍പ്പന സമ്മര്‍ദ്ദം. ജപ്പാനില്‍ റബര്‍ അവധിവിലകള്‍ ഇടിഞ്ഞങ്കിലും നിക്ഷേപകരുടെ സാന്നിധ്യം സിംഗപ്പുര്‍ മാര്‍ക്കറ്റിന് നേട്ടമായി. അതേസമയം കയറ്റുമതി വിപണിയായ ബാങ്കോക്കില്‍ ഷീറ്റിന് തിരിച്ചടിനേരിട്ടു. സംസ്ഥാനത്ത് തെളിഞ്ഞ കാലാവസ്ഥ ലഭ്യമായത് കര്‍ഷകര്‍ക്ക് റബര്‍വെട്ടിന് ഉത്സാഹിച്ചു. വരുംദിനങ്ങളില്‍ ഷീറ്റ് വരവ് ഉയരുമെന്ന കണക്ക് കൂട്ടലിലാണ് വ്യാപാരികള്‍. നാലാംഗ്രേഡ് കിലോ 224 രൂപയില്‍ നിന്നും 217 രൂപയായി.

അവധി ദിവസത്തിന് ശേഷം ഇടപാടുകള്‍ പുനരാരംഭിച്ച സുഗന്ധവ്യഞ്ജന വിപണിയില്‍ കാര്‍ഷിക മേഖലകളില്‍ നിന്നുള്ള ഉല്‍പ്പന്നനീക്കം ഉയര്‍ന്നില്ല. ഓഫ് സീസണായതിനാല്‍ ഉയര്‍ന്നവിലയ്ക്കായി ഉല്‍പാദകരും മധ്യവര്‍ത്തികളും കുരുമുളക് പിടിക്കുന്നു. ദീപാവലി മുന്നില്‍കണ്ടുള്ള ചരക്ക് സംഭരണം പുരോഗമിക്കുന്നതിനാല്‍ നിരക്ക് ഉയരുമെന്ന നിഗമനത്തിലാണ് കാര്‍ഷികമേഖല. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് 64600രൂപ.

Tags:    

Similar News