വില ഉയരുന്നതും പ്രതീക്ഷിച്ച് റബര്‍ കര്‍ഷകര്‍; ഏലംകൃഷിയില്‍ 130 കോടിയുടെ നഷ്ടം

  • ഏഷ്യന്‍ റബറിന് വിദേശത്തുനിന്നും അനുകൂല വാര്‍ത്തകള്‍
  • കനത്തചൂടില്‍ ഹൈറേഞ്ചിലെ കൃഷിക്ക് വ്യാപക നാശം

Update: 2024-05-14 12:49 GMT

തായ്‌ലണ്ടിലെ വരണ്ട കാലാവസ്ഥ തുടരുമെന്ന വിലയിരുത്തലുകള്‍ ഏഷ്യന്‍ റബറിന് നേട്ടമായി. പ്രതികൂല കാലാവസ്ഥയില്‍ ടാപ്പിങ് പുനരാരംഭിക്കാനാവില്ലെന്ന് വ്യക്തമായതിനാല്‍ പുതിയ ഷീറ്റ് വരവിന് ജൂണ്‍ രണ്ടാം പകുതി വരെ കാത്തിരിക്കണം. ഉല്‍പാദന രംഗത്തെ പ്രതിസന്ധികള്‍ മുന്‍ നിര്‍ത്തി വ്യവസായികള്‍ റബര്‍ ശേഖരിക്കാന്‍ ഉത്സാഹിച്ചത് ബാങ്കോക്കില്‍ മൂന്നാം ഗ്രേഡ് ഷീറ്റ് വില കിലോ 226 രൂപയിലേയ്ക്ക് ഉയര്‍ത്തി. വിദേശത്ത് നിന്നുള്ള അനുകൂല വാര്‍ത്തകള്‍ കേരളത്തിലും റബറിന് കരുത്ത് പകരുമെന്ന നിഗമനത്തിലാണ് സ്റ്റോക്കിസ്റ്റുകള്‍. നാലാം ഗ്രേഡ് കിലോ 180 രൂപയില്‍ വ്യാപാരം നടന്നു.

കനത്ത വേനലില്‍ ഹൈറേഞ്ചില്‍ ഏലം കൃഷിക്ക് വ്യാപക നാശം സംഭവിച്ചതായി കൃഷി വകുപ്പ് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കി. കാര്‍ഷിക മേഖലയിലെ സ്ഥിതിഗതികള്‍ അത്യന്തം ഗുരുതരമെങ്കിലും സാമ്പത്തിക സഹായത്തിനായി കാര്‍ഷിക മേഖല കാത്തിരിക്കേണ്ടി വരും. പ്രതികൂല കാലാവസ്ഥയില്‍ വരുമാന മാര്‍ഗ്ഗങ്ങള്‍ അടഞ്ഞു. ഇടുക്കിയില്‍ മാത്രം 130 കോടി രൂപയുടെ നാശം സംഭവിച്ചതായാണ് കണക്കാക്കുന്നത്. ഏലം മാത്രമല്ല, കുരുമുളക്, കാപ്പി, കൊക്കോ, വാഴ കൃഷിയും വരണ്ട കാലാവസ്ഥയില്‍ കരിഞ്ഞ് ഉണങ്ങി.

കുമളിയില്‍ നടന്ന ഏലം ലേലത്തിലും അരലക്ഷം കിലോഗ്രാമിന് മുകളില്‍ ചരക്ക് വില്‍പ്പനയ്ക്ക് ഇറങ്ങി. ഓഫ് സീസണില്‍ വരവ് ഇത്രമാത്രം ശക്തമാകുന്നതിന് പിന്നില്‍ ലേലത്തില്‍ റീ പുള്ളിങ് വ്യാപകമെന്ന് കര്‍ഷകര്‍. ഒരിക്കല്‍ ലേലം നടത്തിയ ചരക്ക് വീണ്ടും ഇറക്കുന്നതിന് നിരോധനം വരുത്തിയാല്‍ മാത്രമേ ഏലംവില ഉയരാനുള്ള അവസരം ലഭ്യമാകുയെന്ന നിലപാടിലാണ് കാര്‍ഷിക മേഖല. ശരാശരി ഇനങ്ങള്‍ കിലോ 2028 രൂപയിലും മികച്ചയിനങ്ങള്‍ 2575 രൂപയിലും ഇടപാടുകള്‍ നടന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഏലത്തിന് ആവശ്യകാരുണ്ട്. വിദേശ ഓര്‍ഡറുകള്‍ മുന്‍ നിര്‍ത്തി കയറ്റുമതിക്കാരും രംഗത്ത് സജീവമാണ്.

Tags:    

Similar News