വെളിച്ചെണ്ണവില സര്‍വകാല റെക്കോര്‍ഡില്‍; ഏലക്ക വില കുറഞ്ഞു
- കുരുമുളക് വരവ് കുറഞ്ഞു
- നാലാം ഗ്രേഡ് റബര്‍ കിലോ 198 രൂപ
;
മഴ മേഘങ്ങളുടെ വരവ് കണ്ട് വാങ്ങലുകാര്‍ ഏലക്ക വില ഇടിക്കാന്‍ ശ്രമം നടത്തി. തേക്കടിയില്‍ നടന്ന ലേലത്തില്‍ മികച്ചയിനങ്ങള്‍ക്കും 3000 രൂപയുടെ താങ്ങ് നഷ്ടപ്പെട്ട് 2910 രൂപയായി. ശരാശരി ഇനങ്ങള്‍ 2564 രൂപയില്‍ കൈമാറി. മൊത്തം 42,897 കിലോ ചരക്ക് വന്നതില്‍ 40,940 കിലോയും വിറ്റഴിഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്നും ആഭ്യന്തര വിപണികളില്‍ നിന്നും ഏലത്തിന് ഡിമാന്റ് നിലവിലുണ്ട്.
വെളിച്ചെണ്ണ സര്‍വകാല റെക്കോര്‍ഡ് വിലയില്‍. കൊച്ചിയില്‍ എണ്ണ വില ക്വിന്റലിന് 24,100 രൂപയായി ഉയര്‍ന്നു. രൂക്ഷമായ കൊപ്ര ക്ഷാമം വെളിച്ചെണ്ണ വിപണി നേട്ടമാക്കി. തമിഴ്‌നാട്ടില്‍ കൊപ്രയ്ക്ക് 150 രൂപ ഇന്ന് ഉയര്‍ന്ന് 16,050 രൂപയായി. കൊച്ചിയില്‍ കൊപ്ര 16,000 രൂപയിലാണ്.പച്ചതേങ്ങയ്ക്കും വില്‍പ്പനക്കാര്‍ കുറഞ്ഞത് കൊപ്രയാട്ട് വ്യവസായികളെ സമ്മര്‍ദ്ദത്തിലാക്കി.
കാര്‍ഷിക മേഖലകളില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള കുരുമുളക് വരവ് കുറഞ്ഞു, ഇന്ന് കേവലം 20 ടണ്‍ മുളക് മാത്രമാണ് വിപണിയില്‍ എത്തിയത്. മുഖ്യ ഉല്‍പാദന മേഖലകളില്‍ വില്‍പ്പനക്കാര്‍ കുറവാണ്. ഉല്‍പാദകരും മധ്യവര്‍ത്തികളും ചരക്ക് നീക്കം നിയന്ത്രിക്കുന്നത് നിരക്ക് ഉയരാന്‍ അവസരം ഒരുക്കി. കൊച്ചിയില്‍ മുളക് വില ക്വിന്റ്‌റലിന് 100 രൂപ ഉയര്‍ന്ന് 68,600 രൂപയായി.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ചെറിയ അളവില്‍ മഴ അനുഭവപ്പെട്ടത്
തോട്ടം മേഖലയിലെ പകല്‍ താപനില കുറയാന്‍ അവസരം ഒരുക്കിയെങ്കിലും തുടര്‍ മഴ ലഭ്യമായാല്‍ മാത്രമെ നിര്‍ത്തിവെച്ച ടാപ്പിങ് പുനരാരംഭിക്കാനാവു. നാലാം ഗ്രേഡ് റബര്‍ കിലോ 198 രൂപയില്‍ വിപണനം നടന്നു. ഉലപ്പന്നം 200 ലേയ്ക്ക് ഇന്ന് കുതിക്കുമെന്ന നിഗമനത്തിലായിരുന്നു ഉല്‍പാദന മേഖല.