കുരുമുളകിന് ക്ഷാമം; ഏലത്തിന് ഡിമാന്‍ഡ് കൂടി
- റബര്‍ നാലാം ഗ്രേഡ് 18,000 രൂപ
- കൊച്ചിയില്‍ കുരുമുളക് ഗാര്‍ബിള്‍ഡ് 65,400രൂപ
കുരുമുളകിന്റെ വിലക്കയറ്റം കണ്ട് ഉല്‍പാദകര്‍ ഏറെ പ്രതീക്ഷകളോടെ വിപണിയിലെ ഓരോചലനങ്ങളും വിലയിരുത്തുന്നു. എങ്കിലും ചരക്ക് വില്‍പ്പനയ്ക്ക് ഉത്സാഹം കാണിച്ചില്ല. അടുത്ത വിളവെടുപ്പിലെ ചരക്ക് വില്‍പ്പനയ്ക്ക് ഇറങ്ങാന്‍ ചുരുങ്ങിയത് ഫെബ്രുവരി വരെ കാത്തിരിക്കണമെന്നതും ഉയര്‍ന്നവിലയ്ക്ക് അവസരം ഒരുക്കാം.
ഇതിനിടയില്‍ ഉല്‍പാദന കേന്ദ്രങ്ങളില്‍ വില്‍പ്പനക്കാരുടെ അഭാവും തുടരുന്നത് വിപണിയുടെ അടിത്തറ ശക്തമാക്കുന്നു. ആഗോളതലത്തിലും കുരുമുളകിന് ക്ഷാമം നിലനില്‍ക്കുന്നു. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് 65,400രൂപ.
രാജ്യാന്തര റബര്‍ വിപണിയിലെ മാന്ദ്യം മൂലം ടയര്‍ നിര്‍മ്മാതാക്കള്‍ ഷീറ്റ് സംഭരണത്തിലെ തണുപ്പന്‍ മനോഭാവം തുടരുന്നു. തായ് മാര്‍ക്കറ്റായ ബാങ്കോക്കില്‍ റബറിന് 20,000 രൂപയുടെ നിര്‍ണായക താങ്ങ് നഷ്ടപ്പെട്ട് 19,600രൂപയില്‍ ഇന്ന് വിപണനം നടന്നു. ഏഷ്യന്‍ റബര്‍ അവധി വ്യാപാര രംഗത്തും വില്‍പ്പന സമ്മര്‍ദ്ദം ദൃശ്യമായി.
പ്രതികൂല വാര്‍ത്തകള്‍ക്കിടയിലും ഇന്ത്യന്‍ റബര്‍ കരുത്ത് നിലനിര്‍ത്തി 18,000 രൂപയില്‍ നാലാം ഗ്രേഡിന്റെ വ്യാപാരം നടന്നു.
ഇടുക്കിയില്‍ നടന്ന ലേലത്തിന് എത്തിയ ഏലക്ക പൂര്‍ണമായി വിറ്റഴിഞ്ഞു. ഇന്നലെ നടന്ന ലേലത്തിന് വന്ന 55,380 കിലോഗ്രാം ഏലക്കമൊത്തമായി വാങ്ങലുകാര്‍ ശേഖരിച്ചു. ആഭ്യന്തര മാര്‍ക്കറ്റിലെ ചരക്ക് ക്ഷാമത്തെയാണ് ഇത് വ്യക്തമാക്കുന്നത്. വിളവെടുപ്പ് മൂന്ന് മാസം വൈകിയതിനാല്‍ ഉത്തരേന്ത്യയിലെ വന്‍കിടകാരുടെ കരുതല്‍ ശേഖരം ചുരുങ്ങിയത് വാങ്ങല്‍ താല്‍പര്യം ശക്തമാക്കി. ശരാശരി ഇനങ്ങള്‍ ഏലക്ക കിലോ 2308 രൂപയിലും വലിപ്പംകൂടിയവ 2535 രൂപയിലും കൈമാറി.