ശൈത്യകാലത്തിന് തുടക്കം കുറിച്ചെങ്കിലും വടക്കെ ഇന്ത്യൻ വിപണികളിൽ നിന്നും ചുക്കിന് അന്വേഷണങ്ങൾ കുറവ്. നിരക്ക് ഉയരുമെന്ന പ്രതീക്ഷയിൽ ഇടനിലകാരും ഉൽപാദകരും മാസങ്ങളായിചുക്ക് സംഭരിച്ച് കാത്തിരിക്കുകയാണ്. ഉത്തരേന്ത്യയിൽ നിന്നും സാധാരണ നവംബർ മദ്ധ്യം ചുക്കിന് ശൈത്യകാല ഓർഡറുകളെത്താറുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നും ഇക്കുറിചുക്കിന്ഓ ർഡറുകൾ ചുരുങ്ങിയതിനാൽ കയറ്റമതിക്കാരും രംഗത്ത് കാര്യമായ ഉത്സാഹം കാണിച്ചില്ല. കൊച്ചിയിൽ മീഡിയം ചുക്ക് ക്വിൻറ്റലിന് 32,500 രൂപയിലും ബെസ്റ്റ് ചുക്ക് 35,000 രൂപയിലും വിപണനം നടന്നു.
കുരുമുളക് വിലഇടിവ് കർഷകരെ സമ്മർദ്ദത്തിലാക്കി. ഉൽപ്പന്ന വില നാല് ദിവസത്തിനിടയിൽ ക്വിൻറ്റലിന് 1200 രൂപ ഇടിഞ്ഞു, ഇന്ന് 62,200 രൂപയിൽ വിപണനം ആരംഭിച്ച അൺ ഗാർബിൾഡ് മുളക് 62,000 ലേയ്ക്ക് താഴ്ന്നു. വിദേശ കുരുമുളക് വിറ്റുമാറാൻ ഇറക്കുമതി ലോബി താഴ്ന്ന വിലയ്ക്ക് ചരക്ക് വാഗ്ദാനംചെയ്തത് നാടൻ ചരക്കിന് വിനയായി.
ഏഷ്യൻ റബർ മാർക്കറ്റുകളിൽ നിന്നുള്ള അനുകൂല വാർത്ത ഇന്ത്യൻ റബർ വില ഉയർത്തി. ടയർ കമ്പനികൾ നാലാംഗ്രേഡ് ഷീറ്റ് വില18,300 രൂപയിൽ നിന്നും 18,500ലേയ്ക്ക് ഉയർത്തിയിട്ടും വിൽപ്പനക്കാരുടെ അഭാവം മൂലം കാര്യമായി ചരക്ക് അവർക്ക് സംഭരിക്കാനായില്ല. അഞ്ചാംഗ്രേഡ് 18,200 രൂപയിൽ വിപണനംനടന്നു. ന്യൂനമർദ്ദ ഫലമായി തെക്കൻ കേരളത്തിൽ ശക്തമായ മഴ അനുഭവപ്പെട്ടതിനാൽ റബർ ടാപ്പിൽ നിന്നും കർഷകർ വിട്ടുനിന്നു. വിപണികളിൽ ലാറ്റക്സ് വരവ് കുറഞ്ഞതോടെ വ്യവസായികൾ നിരക്ക് 11,700രൂപയായിഉയർത്തി.
ആഭ്യന്തര വിദേശ ഡിമാൻറ്റിൽ ഏലം മികവ് നിലനിർത്തി. ശാന്തൻപാറയിൽ നടന്ന ലേലത്തിൽ ശരാശരി ഇനങ്ങൾ കിലോ 2745 രൂപയിലും മികച്ചയിനങ്ങൾ 3025 രൂപയിലുംകൈമാറി. മൊത്തം 23,385 കിലോ ഏലക്ക ലേലത്തിന് വന്നതിൽ 23,071 കിലോയും വിറ്റഴിഞ്ഞു.