തേങ്ങവില കുതിച്ചു കയറി; ഏലക്ക സംഭരണം ശക്തം

  • ചരിത്രത്തില്‍ ആദ്യമായി തേങ്ങവില കിലോ72 രൂപയായി
  • റബര്‍വില കുറഞ്ഞു

Update: 2024-09-27 12:16 GMT

ആഗോളറബര്‍ വിപണി വീണ്ടും മുന്നേറിയെങ്കിലും നേരത്തെ ഉറപ്പിച്ച കരാറുകള്‍ പ്രകാരമുള്ള ഇറക്കുമതി ചരക്ക് ലഭ്യമായത് അവസരമാക്കി ടയര്‍ കമ്പനികള്‍ ഷീറ്റ് വിലഇടിച്ചു. സംസ്ഥാനത്തിന്റെ ഒട്ടുമിക്കഭാഗങ്ങളിലും ഉല്‍പാദകര്‍ റബര്‍ ടാപ്പിങിന് കാണിക്കുന്ന ഉത്സാഹം കണക്കിലെടുത്താല്‍ മാസാരംഭത്തില്‍ ഉയര്‍ന്ന അളവില്‍ ഷീറ്റും ലാറ്റക്‌സും കൊച്ചി, കോട്ടയം മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്ക്ക് എത്തുമെന്ന നിലപാടിലാണ് വ്യവസായികള്‍. ടയര്‍നിര്‍മ്മാതാക്കള്‍ ആര്‍ എസ് എസ് നാലാം ഗ്രേഡ്‌റബര്‍ വില 22,800രൂപയില്‍ നിന്നും 22,500 രൂപയായി താഴ്ത്തി. തായ്‌ലന്റ്റില്‍ നിരക്ക് 24,500രൂപയാണ്. കാലാവസ്ഥ റബര്‍ ഉല്‍പാദനത്തിന് അനുകൂലമായതിനാല്‍ ബാങ്കോക്കില്‍ ഷീറ്റ് ലഭ്യത അടുത്തമാസം ഉയരും, അതേസമയം ടയര്‍ കമ്പനികളുടെ ഗോഡൗണില്‍ കരുതല്‍ ശേഖരം കുറഞ്ഞതിനാല്‍ ഷീറ്റിന് ഡിമാന്റ്പ്രതീക്ഷിക്കാം.

നാളികേരോല്‍പ്പന്ന വിപണിയുടെ ചരിത്രത്തില്‍ ആദ്യമായി തേങ്ങവില കിലോ72 രൂപയായി ഉയര്‍ന്നു. മൊത്തവിപണികളില്‍ 68രൂപയ്ക്ക് വരെ ചരക്ക് കൈമാറി. അപ്രതീക്ഷിത വിലക്കയറ്റം കണ്ട് സംസ്ഥാനത്തിന്റെ ഏതാണ്ട് എല്ലാഭാഗങ്ങളിലെയും കര്‍ഷകര്‍ വിളവെടുപ്പിന്റെ തിരക്കിലാണ്.

മലബാര്‍ മേഖലയിലെ കൊപ്രവില്‍പ്പന കേന്ദ്രങ്ങളില്‍ പിന്നിട്ട രണ്ട് ദിവസമായി കനത്തതോതില്‍ ചരക്ക് വില്‍പ്പനയ്ക്ക് ഇറങ്ങുന്നുണ്ട്. പലവ്യാപാര സ്ഥാപനങ്ങളിലും നിത്യേനെ 3000 ചാക്ക് കൊപ്രവരെഎത്തുന്നുണ്ട്. കോഴിക്കോട് കൊപ്രകിലോ 135 രൂപയിലും കൊച്ചിയില്‍ 131 രൂപയുമാണ്. സംസ്ഥാനത്തിന്റെ ഒട്ടുമിക്കഭാഗങ്ങളിലും നാളികേരവിളവെടുപ്പ് പുരോഗമിക്കുന്നു. നവരാത്രി ആഘോഷങ്ങള്‍ അടുത്തതോടെ ഉണ്ടകൊപ്ര വിലകിലോ 240 രൂപയായി കയറി.

ഇടുക്കിയില്‍ രാവിലെ നടന്ന ഏലക്കലേലത്തിന് എത്തിയചരക്ക് പൂര്‍ണമായി വിറ്റഴിഞ്ഞു. നവരാത്രിദിനങ്ങള്‍ അടുത്തതോടെ രാജ്യത്തിന്റെ ഏതാണ്ട് എല്ലാഭാഗങ്ങളിലും ഏലത്തിന് ആവശ്യക്കാരുണ്ട്, വില്‍പ്പനയ്ക്ക് എത്തിയ 65,675 കിലോഗ്രാം ചരക്കും മുഴുവനായി ലേലംകൊണ്ടു. കാര്‍ഷിക മേഖലയില്‍ വിളവെടുപ്പ് ഊര്‍ജിതമായതിനാല്‍ വരുംദിനങ്ങളിലും ലേലത്തില്‍ പുതിയചരക്ക് കൂടുതായി ഇറങ്ങാന്‍ ഇടയുണ്ട്. ഉത്സവ സീസണായതിനാല്‍ വ്യവസായികള്‍ ഏലക്ക സംഭരണം ശക്തമാക്കി. ശരാശരി ഇനങ്ങള്‍ കിലോ 2400 രൂപയിലും മികച്ചയിനങ്ങള്‍ 2967 രൂപയിലും ഇടപാടുകള്‍ നടന്നു.

Tags:    

Similar News