ബജറ്റ് 2023-24, 'പുതുതലമുറ ചെലവുകള്‍'ക്ക് കൂടുതല്‍ ഇളവിന് സാധ്യതയുണ്ടോ?
- വര്‍ക്ക് ഫ്രം ഹോം ചെലവുകളും, വൈദ്യുത വാഹനം സംബന്ധിച്ച ചെലവുകളുമാണ് ഇതില്‍ പ്രധാനപ്പെട്ടവ
;

കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വിവിധ നികുതി ഇനങ്ങളില്‍ ഒഴിവ് ലഭിച്ചേക്കുമെന്ന പ്രതീക്ഷ പൊതുജനങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ഇതില്‍ ഏറ്റവും മുഖ്യമായ രണ്ടെണ്ണമാണ് സാങ്കേതികവിദ്യയുടെ മുന്നേറ്റം മൂലം ഭൂരിഭാഗം ജനങ്ങളേയും ബാധിക്കാനിടയുള്ള പുതു തലമുറ ചെലവുകളിലെ (ന്യു ഏജ് എക്‌സ്‌പെന്‍സസ്) നികുതി എന്നത്.
വൈദ്യുത വാഹനങ്ങള്‍ വാങ്ങുമ്പോള്‍ അടയ്‌ക്കേണ്ടി വരുന്ന നികുതി ഇനത്തിലെ കിഴിവും, വര്‍ക്ക് ഫ്രം ഹോം ചെലവുകളില്‍ വരുന്ന നികുതിയിലെ കിഴിവും വരുന്ന ബജറ്റില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ രണ്ട് നികുതി ഇനത്തിലും കിഴിവ് വന്നാല്‍ അത് രാജ്യത്തെ യുവാക്കളടക്കം നല്ലൊരു വിഭാഗം ആളുകള്‍ക്കും ഒപ്പം വൈദ്യുത വാഹന മേഖലയ്ക്കും ഗുണകരമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇവി നികുതിയില്‍ ഇളവ് വന്നാല്‍
രാജ്യത്തെ വൈദ്യുതി വാഹന ഉപയോഗം വര്‍ധിപ്പിച്ച് പരിസ്ഥിതി സൗഹൃദമായ ഗതാഗത സംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പടെയുള്ള പ്രതിസന്ധികള്‍ക്ക് ഒരു പരിധി വരെ ശമനം ലഭിക്കണമെങ്കില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം തടയേണ്ടത് അത്യാവശ്യമാണ്.
വൈദ്യുതി വാഹനത്തിലേക്കുള്ള ചുവടുമാറ്റം ഈ ലക്ഷ്യം കാണുന്നതിന് ഒരു ഉത്തമ പരിഹാരമാണെങ്കിലും, ഉയര്‍ന്ന വിലയും നികുതി ഇനത്തിലെ വര്‍ധനയും സാധാരണക്കാര്‍ക്കുള്‍പ്പടെ താങ്ങാനാവുന്നതല്ല. 2019 ബജറ്റിലെ സെക്ഷന്‍ 80ഇഇബി പ്രകാരം വൈദ്യുത വാഹനങ്ങള്‍ക്കുള്ള വായ്പാ പലിശ നിരക്കില്‍ ഇളവുകള്‍ ലഭ്യമാകും.
എന്നാല്‍ ഈ ചട്ടപ്രകാരം 2023 മാര്‍ച്ച് 31 എന്ന സമയപരിധിയ്ക്കുള്ളില്‍ വൈദ്യുതി വാഹനം വാങ്ങുന്നതിനായി വായ്പ എടുത്തവര്‍ക്കാണ് പലിശ നിരക്കില്‍ ഇളവുള്ളത്. ഇത് രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടിയേക്കുമെന്നാണ് കരുതുന്നത്.
മാത്രമല്ല, വൈദ്യുതി വാഹനത്തിന്റെ വില കുറയ്ക്കുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. വായ്പയെ ആശ്രയിക്കാതെ വൈദ്യുതി വാഹനങ്ങള്‍ വാങ്ങുന്ന വ്യക്തിയ്ക്ക് ആകെ അടയ്‌ക്കേണ്ടി വരുന്ന തുകയില്‍ ഇളവ് നല്‍കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായാല്‍ അതും ഇവി മേഖലയുടെ ഉണര്‍വിന് വഴിവെയ്ക്കും.
വര്‍ക്ക് ഫ്രം ഹോം ചെലവുകളുടെ നികുതിയിളവും മുഖ്യം
കോവിഡ് വ്യാപനം ശക്തമായിരുന്ന 2020 മുതല്‍ വര്‍ക്ക് ഫ്രം ഹോം എന്ന ബദല്‍ സംവിധാനത്തിന്റെ സാധ്യതകളും വര്‍ധിച്ച് വരികയാണ്. കോവിഡ് പ്രതിസന്ധി കുറഞ്ഞ് ഓഫീസുകളുള്‍പ്പടെ തുറന്നെങ്കിലും 'ഹൈബ്രിഡ്' മോഡലില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ച് വരികയാണ്.
വീട്ടില്‍ തന്നെ ഓഫീസ് സംവിധാനം തയാറാക്കി ഇന്റര്‍നെറ്റടക്കം സജ്ജീകരിക്കുന്നതിനും ഓരോ ദിവസം ജോലി ചെയ്യുന്നതിനും വൈദ്യുതി ചെലവ് ഉള്‍പ്പടെ നല്ലൊരു തുക ആവശ്യമായി വരും. മാത്രമല്ല ഇത്തരത്തില്‍ ബിസിനസ് ഓപ്പറേഷനുകള്‍ നടത്തുന്ന കമ്പനികള്‍ക്കും വര്‍ക്ക് ഫ്രം ഹോമുമായി ബന്ധപ്പെട്ട് ഒട്ടേറെ ചെലവുകള്‍ കടന്നു വരുന്നുണ്ട്.
ഇത്തരം ചെലവുകള്‍ക്ക് വേണ്ടി വരുന്ന തുക ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിയ്ക്കുന്ന കമ്പനികളുമുണ്ട്.