ദുബായിയിലെ ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം
- 2022 ആദ്യപാദത്തെ അപേക്ഷിച്ച് 62.76% ഉയര്‍ച്ച
- സഞ്ചാരികളുടെ എണ്ണം കൊറേണയ്ക്ക് മുമ്പുള്ള തലത്തിലേക്ക്
ഈ വർഷം ജനുവരി-മാർച്ച് പാദത്തിൽ ഇന്ത്യയിൽ നിന്നുള്ള 6.12 ലക്ഷം സന്ദർശകരെ വരവേറ്റുവെന്ന് ദുബായിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (ഡിഇടി) അറിയിച്ചു. മുന്‍ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 62.76% ഉയര്‍ച്ചയാണ് ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്.
2022 ജനുവരി-മാര്‍ച്ച് കാലയളവില്‍ ഇന്ത്യയിൽ നിന്ന് 3.76 ലക്ഷം സന്ദർശകരാണ് ദുബായിയില്‍ എത്തിയിരുന്നത്. 2023ന്റെ ആദ്യ പാദത്തിൽ മൊത്തം 46.7 ലക്ഷം അന്താരാഷ്ട്ര സന്ദർശകരെ ദുബായ് സ്വാഗതം ചെയ്തു, 2022ലെ ഇതേ കാലയളവിൽ 39.7 ലക്ഷം വിനോദസഞ്ചാരികള്‍ എത്തിയതുമായി താരതമ്യം ചെയ്യുമ്പോള്‍ 17% വളർച്ച.
"ആഗോള ടൂറിസം മേഖലയുടെ തിരിച്ചുവരവിന് വഴിയൊരുക്കുന്ന പ്രധാന ഡെസ്റ്റിനേഷനുകളില്‍ ഒന്നായി ദുബായിയെ അടയാളപ്പെടുത്തുന്നതാണ് കണക്കുകള്‍," ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. പറഞ്ഞു.
ടൂറിസം മേഖല സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും ശക്തമായ സ്തംഭം മാത്രമല്ല, വിപണികൾ, സംസ്കാരങ്ങൾ, പ്രദേശങ്ങൾ എന്നിവയ്‌ക്കിടയിലുള്ള പാലമെന്ന നിലയിൽ ദുബായിയുടെ വേറിട്ട സ്ഥാനത്തെ അടയാളപ്പെടുത്തുന്ന ഒന്നുകൂടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
2023-ന്റെ ആദ്യ പാദത്തിലെ സന്ദർശകരുടെ എണ്ണം, കൊറോണ മഹാമാരിക്ക് മുമ്പുള്ള 2019-ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ ദുബായിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണമായ 47.5 ലക്ഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനം മാത്രം കുറവാണ്. 2020 ജൂലൈയിൽ നിയന്ത്രണങ്ങള്‍ നീക്കി നഗരത്തിലേക്ക് അന്താരാഷ്‌ട്ര വിനോദസഞ്ചാരികളെ വീണ്ടും സ്വാഗതം ചെയ്തതിനു ശേഷമുള്ള ശ്രദ്ധേയമായ നേട്ടമാണിതെന്ന് ഡിഇടി പറഞ്ഞു.