കുറഞ്ഞ പലിശനിരക്കില്‍ 3 ലക്ഷം വരെ വായ്പ: മില്‍മയും കേരളാ ബാങ്കും ധാരണാപത്രം ഒപ്പുവച്ചു

Update: 2025-01-08 15:59 GMT

ക്ഷീരമേഖലയിലെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകര്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിനുമായി മില്‍മയും കേരള ബാങ്കും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. തിരുവനന്തപുരത്ത് കേരള ബാങ്ക് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ് മണി, കേരള ബാങ്ക് പ്രസിഡന്‍റ് ഗോപി കോട്ടമുറിക്കല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മില്‍മ എംഡി ആസിഫ് കെ. യൂസഫ്, കേരള ബാങ്ക് സിഇഒ ജോര്‍ട്ടി എം. ചാക്കോ എന്നിവര്‍ ധാരണാപത്രം കൈമാറി.

ക്ഷീരകര്‍ഷകര്‍ക്ക് ലളിതമായ വ്യവസ്ഥയില്‍ കേരള ബാങ്കിലൂടെ 3 ലക്ഷം രൂപ വരെ കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുന്ന ക്ഷീരമിത്ര വായ്പാ പദ്ധതി നടപ്പാക്കുക, മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന ഫ്രാഞ്ചൈസി ഉടമകള്‍ക്ക് നൽകുന്ന ക്യാഷ് ക്രെഡിറ്റ് വായ്പാ പദ്ധതിയായ മില്‍മ ഫ്രാഞ്ചൈസി വായ്പാ പദ്ധതി നടപ്പാക്കുക എന്നിവയില്‍ ഇരു സ്ഥാപനങ്ങളും ചേര്‍ന്നു പ്രവര്‍ത്തിക്കും. മൂന്നു വര്‍ഷത്തേക്കാണ് ധാരണാപത്രത്തിന്‍റെ കാലാവധി.


ക്ഷീര കര്‍ഷകര്‍ക്കായുള്ള നിരവധി ക്ഷേമ പദ്ധതികളിലൂടെ ഓരോ വര്‍ഷവും പാല്‍ ഉത്പാദനത്തിലും വിപണനത്തിലും മുന്നേറ്റമുണ്ടാക്കാന്‍ മില്‍മയ്ക്ക് സാധിക്കുന്നുണ്ടെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു. സംസ്ഥാനത്തെ സഹകരണ മേഖലയിലെ പ്രധാന സ്ഥാപനമായ കേരള ബാങ്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലൂടെ ഇത് കൂടുതല്‍ വിപുലപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News