പ്രധാനമന്ത്രി നരേന്ദ്ര മോദി മൗറീഷ്യസില്‍
- മൗറീഷ്യസ് ദേശീയ ദിനാഘോഷങ്ങളില്‍ മോദി മുഖ്യാതിഥിയാകും
- മൗറീഷ്യസ് ജനസംഖ്യയുടെ 70 ശതമാനവും ഇന്ത്യന്‍ വംശജരാണ്
- ചാഗോസ് ദ്വീപുകളുടെ കാര്യത്തില്‍ മൗറീഷ്യസിന് ഇന്ത്യന്‍ പിന്തുണ
;
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി മൗറീഷ്യസിലെത്തി. അവിടെ അദ്ദേഹം മൗറീഷ്യസിന്റെ ദേശീയ ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയാകുകയും ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്യും. ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലും ഇന്ത്യന്‍ വ്യോമസേനയുടെ ആകാശ് ഗംഗ സ്‌കൈഡൈവിംഗ് ടീമും മൗറീഷ്യസിന്റെ ദേശീയ ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ രംഗൂലത്തിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം. ഇന്ത്യ-മൗറീഷ്യസ് ബന്ധങ്ങളില്‍ മികച്ച ഒരു അദ്ധ്യായം അടയാളപ്പെടുത്താന്‍ ഈ സന്ദര്‍ശനം സഹായിക്കുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം വിശിഷ്ട വ്യക്തികളുമായും രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും നിരവധി കരാറുകളില്‍ ഒപ്പുവെക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഇതിനുപുറമേ പ്രധാനമന്ത്രി മോദി ഇന്ത്യന്‍ സമൂഹവുമായി ഇടപഴകുകയും ഇന്ത്യയുടെ സഹായത്തോടെ നിര്‍മ്മിച്ച സിവില്‍ സര്‍വീസ് കോളേജ്, ഒരു ഏരിയ ഹെല്‍ത്ത് സെന്റര്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും.
പ്രധാനമന്ത്രി ഇത് രണ്ടാം തവണയാണ് മൗറീഷ്യസ് സന്ദര്‍ശിക്കുന്നത്. മൗറീഷ്യസിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. ഈ ദ്വീപ് രാജ്യത്തിലെ ആകെ ജനസംഖ്യ 12 ലക്ഷം മാത്രമാണ്. ഇതില്‍ 70 ശതമാനവും ഇന്ത്യന്‍ വംശജരാണ്. അതിനാല്‍ ഇന്ത്യയുമായി മികച്ച ബന്ധമാണ് അവര്‍ പുലര്‍ത്തിപ്പോരുന്നത്.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചാഗോസ് ദ്വീപുകളുടെ കാര്യത്തില്‍ മൗറീഷ്യസിനുള്ള പിന്തുണ ഇന്ത്യ ആവര്‍ത്തിച്ചു. ദ്വീപുകളുടെ കാര്യത്തില്‍ ഒരു കരാറിലെത്താന്‍ യുകെയുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
മൗറീഷ്യസ് പ്രധാനമന്ത്രി രംഗൂലവുമായുള്ള മോദിയുടെ കൂടിക്കാഴ്ചയില്‍ ചാഗോസ് ദ്വീപുകള്‍ സംബന്ധിച്ച വിഷയവും ചര്‍ച്ചയാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഒരു സുപ്രധാന തീരുമാനത്തില്‍, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ബ്രിട്ടീഷ് നിയന്ത്രണം അവസാനിപ്പിച്ചുകൊണ്ട്, ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിലേക്ക് മാറ്റാനുള്ള പദ്ധതി യുകെ പ്രഖ്യാപിച്ചിരുന്നു.