സംസ്ഥാനത്തിന്റെ ആവശ്യങ്ങളില്‍ തുടര്‍ചര്‍ച്ചകള്‍ ആകാമെന്ന് ധനമന്ത്രി

  • കേന്ദ്ര ധനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
  • വയനാട്ടിലെ ദുരന്തബാധിതര്‍ക്കുള്ള ദുരിതാശ്വാസ പാക്കേജ് കേരളം കേന്ദ്രശദ്ധയില്‍പ്പെടുത്തി
;

Update: 2025-03-12 06:55 GMT

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി ന്യൂഡെല്‍ഹിയിലെ കേരളഹൗസില്‍ കൂടിക്കാഴ്ച നടത്തി.

അനൗപചാരിക കൂടിക്കാഴ്ചയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞ യോഗത്തില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറും ദേശീയ തലസ്ഥാനത്തെ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസും പങ്കെടുത്തു.

വയനാട്ടിലെ ദുരന്തബാധിതര്‍ക്കുള്ള ദുരിതാശ്വാസ പാക്കേജ്, കേന്ദ്ര ഫണ്ടുകള്‍ എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ കേരളവും ബിജെപി നയിക്കുന്ന കേന്ദ്രവും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച.

സംസ്ഥാനം നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിരത്തി കേന്ദ്രത്തോട് വിവിധ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ കേരളം ഉന്നയിച്ചിട്ടുണ്ട്. കേന്ദ്രവുമായി മികച്ച ബന്ധം പുലര്‍ത്താനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനാല്‍ ഈ കൂടിക്കാഴ്ചക്ക് പ്രാധാന്യം വര്‍ധിക്കുന്നു എന്നാണ് വിലയിരുത്തല്‍.

വയനാട് ഉരുള്‍ പൊട്ടലുമായി ബന്ധപ്പെട്ട് ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച വിഷയം കേരളം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. ഇതിനായി പ്രത്യേക പാക്കേജും സംസ്ഥാനം ആവശ്യപ്പെട്ടതായാണ് അറിവ്.

വിഴിഞ്ഞത്തിനുള്ള കേന്ദ്ര സഹായം, ജിഎസ് ടി തുടങ്ങിയവിഷയങ്ങളും കേന്ദ്രധനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ വിഷയമായി എന്നാണ് സൂചന. സംസ്ഥാനത്തിന്റെ ആവശ്യങ്ങളില്‍ തുടര്‍ചര്‍ച്ചകള്‍ ആകാമെന്ന നിലപാട് ധനമന്ത്രി സ്വീകരിച്ചിട്ടുണ്ട്.

ഏകദേശം 50 മിനിറ്റ് നീണ്ടുനിന്ന മീറ്റിംഗിന്റെ ഒരു ചിത്രം എക്‌സില്‍ സീതാരാമന്റെ ഓഫീസ് പങ്കിട്ടു. 

Tags:    

Similar News