ഉയര്‍ന്ന താരിഫ്; ഇന്ത്യയെ വീണ്ടും കടന്നാക്രമിച്ച് യുഎസ്
- മദ്യത്തിനും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ഉയര്‍ന്ന തീരുവയെന്ന് ആക്ഷേപം
- കാനഡ, ജപ്പാന്‍ എന്നീരാജ്യങ്ങള്‍ക്കെതിരെയും വിമര്‍ശനം
;
താരിഫ് വിഷയത്തില്‍ ഇന്ത്യയെ കടന്നാക്രമിക്കുന്നത് യുഎസ് തുടരുന്നു. അമേരിക്കന്‍ മദ്യത്തിനും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ഉയര്‍ന്ന തീരുവ ചുമത്തിയതാണ് പുതിയ വിഷയം. കാനഡയെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ഇന്ത്യക്കെതിരെ വാളെടുത്തത്.
'കാനഡ പതിറ്റാണ്ടുകളായി അമേരിക്കയെയും കഠിനാധ്വാനികളായ അമേരിക്കക്കാരെയും കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ ജനതയ്ക്കും ഇവിടുത്തെ തൊഴിലാളികള്‍ക്കും മേല്‍ കനേഡിയന്‍മാര്‍ അടിച്ചേല്‍പ്പിക്കുന്ന താരിഫ് നിരക്കുകള്‍ പരിശോധിച്ചാല്‍ അത് മനസിലാകും. അമേരിക്കന്‍ ചീസിനും വെണ്ണയ്ക്കും ഏകദേശം 300ശതമാനം നികുതിയാണ് അവര്‍ചുമത്തുന്നത്', കരോലിന്‍ പറഞ്ഞു.
തുടര്‍ന്ന് അവര്‍ ഇന്ത്യക്കെതിരെ തിരിയുകയായിരുന്നു. 'ഇന്ത്യയിലേക്ക് നോക്കൂ, അമേരിക്കന്‍ മദ്യത്തിന് 150% തീരുവയാണ് ചുമത്തുന്നത്. കെന്റക്കി ബര്‍ബണ്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ ഇത് സഹായിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് 100% തീരുവ ചുമത്തുന്നു', അവര്‍ പറഞ്ഞു. ജപ്പാന്‍ അരിക്ക് ചുമത്തുന്നത് 700 ശതമാനം നികുതിയാണ്.
ഇന്ത്യ, കാനഡ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഈടാക്കുന്ന താരിഫുകള്‍ കാണിക്കുന്ന ഒരു ചാര്‍ട്ട് ലീവിറ്റ് ഉയര്‍ത്തിക്കാട്ടി. ചാര്‍ട്ടില്‍, ത്രിവര്‍ണ്ണ പതാകയുടെ നിറങ്ങളുള്ള രണ്ട് വൃത്തങ്ങള്‍ ഇന്ത്യ ചുമത്തുന്ന താരിഫുകള്‍ എടുത്തുകാണിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യ ഈടാക്കുന്ന ഉയര്‍ന്ന താരിഫുകളെ പ്രസിഡന്റ് ട്രംപ് തുടര്‍ച്ചയായി വിമര്‍ശിച്ചുവരികയാണ്.
ഇന്ത്യ അമേരിക്കയില്‍ നിന്ന് വന്‍തോതില്‍ താരിഫുകള്‍ ഈടാക്കുന്നുണ്ടെന്ന വാദം ആവര്‍ത്തിച്ച ട്രംപ്, ഇന്ത്യ തങ്ങളുടെ തീരുവ കുറയ്ക്കാന്‍ സമ്മതിച്ചതായി വെള്ളിയാഴ്ച പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഇന്ത്യ പിന്നീട് നിഷേധിച്ചു.