ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് ഓണ്‍ലൈനില്‍ പുതിയ തട്ടിപ്പ്

  • ലിങ്കഡ്ഇനിലും മറ്റ് പ്ലാറ്റ്ഫോമുകളിലും വ്യാജ ജോലികള്‍ പോസ്റ്റ്‌ചെയ്യുന്നു
  • അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ തട്ടിപ്പ് സംഘം ഉദ്യോഗാര്‍ത്ഥികളെ ബന്ധപ്പെടും
  • 'ക്രേസി ഈവിള്‍' എന്ന സൈബര്‍ ക്രൈം ഗ്രൂപ്പാണ് ഇതിനുപിന്നില്‍
;

Update: 2025-02-28 09:55 GMT

ഓണ്‍ലൈനില്‍ ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ് സംഘം. തൊഴില്‍ അന്വേഷിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ലിങ്ക്ഡ്ഇന്‍ വഴിയാണ് പുതിയ തട്ടിപ്പ്. ഇവരുടെ കെണിയില്‍ വീഴരുതെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശം നല്‍കി.

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന രീതിവ്യാപകമാണെങ്കിലും ഇപ്പോള്‍ സൈബറിടങ്ങളില്‍ തൊഴിലന്വേഷകരെ ഇരയാക്കിയുള്ള പുതിയ തട്ടിപ്പ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തുവരുന്നതായി സൈബര്‍ സുരക്ഷാ ഗവേഷകര്‍ പറയുന്നു. തട്ടിപ്പുകാര്‍ ഇപ്പോള്‍ ലിങ്കഡ്ഇനിലും മറ്റ് പ്ലാറ്റ്ഫോമുകളിലും വ്യാജ ജോലികള്‍ പോസ്റ്റ് ചെയ്യുന്നുണ്ടെന്ന് ബ്ലീപ്പിംഗ് കമ്പ്യൂട്ടറിന്റെ സമീപകാല റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചരുന്നു.

ജോലി ഒഴിവിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ തട്ടിപ്പ് സംഘം ഇവരെ ബന്ധപ്പെടും. തുടര്‍ന്ന് ഗ്രാസ് കോള്‍ (GrassCall )എന്ന വീഡിയോ കോള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുകയും അതിലൂടെയാണ് ഇന്റര്‍വ്യൂവും മറ്റു നടപടികളുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്യും. ഈ ആപ്പ് ഡൗണ്‍ലോഡ് ചെയത് കഴിഞ്ഞാല്‍ അതിലൂടെ ആളുകളുടെ ഫോണുകളിലും കമ്പ്യൂട്ടറുകളിലുമുള്ള ബാങ്ക് വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള സെന്‍സിറ്റീവ് വിവരങ്ങള്‍ മോഷ്ടിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

ഇതുവരെ നൂറുകണക്കിന് ആളുകളെ തട്ടിപ്പുകാര്‍ ലക്ഷ്യം വച്ചിട്ടുണ്ടെന്നും അവരില്‍ പലര്‍ക്കും പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. GrassCall എന്ന വീഡിയോ കോള്‍ ആപ്പിന് മാക്, വിന്‍ഡോസ് ഉപകരണങ്ങളില്‍ നിന്ന് വരെ ഡാറ്റകള്‍ ചോര്‍ത്താന്‍ കഴിയും. 'ക്രേസി ഈവിള്‍' എന്നറിയപ്പെടുന്ന റഷ്യന്‍ സംസാരിക്കുന്ന സൈബര്‍ ക്രൈം ഗ്രൂപ്പാണ് ഈ സൈബര്‍ കാമ്പെയിന്റെ പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സോഷ്യല്‍ എഞ്ചിനീയറിംഗ് ആക്രമണങ്ങള്‍ നടത്തുന്നതില്‍ കുപ്രസിദ്ധമാണ് ഈ ഗ്രൂപ്പ്. LinkedIn, WellFound, CryptoJobsList തുടങ്ങിയ ജനപ്രിയ പ്ലാറ്റ്ഫോമുകളില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഗ്രൂപ്പ് ഈ തട്ടിപ്പ് ആരംഭിച്ചത്. അതിനാല്‍ ഇത്തരെ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും തേര്‍ഡ് പാര്‍ട്ടി വീഡിയോ കോള്‍ അടക്കമുള്ളവ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഒഴിവാക്കി സുരക്ഷ ഉറപ്പുവരുത്തണമെന്നും ടെക് ഗവേഷകര്‍ മുന്നറിയിപ്പി നല്‍കി. 

Tags:    

Similar News