2024-25 സാമ്പത്തിക വർഷത്തിലെ (FY25) മൂന്നാം പാദത്തിലെ രാജ്യത്തിന്റെ ജി ഡി പി വളർച്ച 6.2 ശതമാനമായി മെച്ചപ്പെട്ടാതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് വ്യക്തമാക്കി. നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ (ജൂലൈ-സെപ്റ്റംബർ) ജി ഡി പി വളർച്ച 5.4 ശതമാനമായി ഇടിഞ്ഞിരുന്നു. ഇത് കഴിഞ്ഞ ഏഴ് പാദത്തിന് ഇടയിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു. അതേസമയം, രണ്ടാംപാദ വളർച്ചനിരക്ക് പുതിയ റിപ്പോർട്ടിൽ 5.6 ശതമാനമായി പുനർനിർണയിച്ചിട്ടുണ്ട്. മൂന്നാം പാദത്തിലെ ഈ മുന്നേറ്റം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് വലിയ ഊർജ്ജമാണ് നല്‍കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തില്‍ ജി ഡി പി വളർച്ച 8.6 ശതമാനമായിരുന്നു. എന്നാല്‍ പിന്നീട് അത് നാലാം പാദത്തില്‍ 7.6 ശതമാനമായി കുറഞ്ഞിരുന്നു. 2025 സാമ്പത്തിക വർഷത്തേക്കുള്ള ജി ഡി പി വളർച്ചാ പ്രതീക്ഷ 6.4 ശതമാനമായും സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം നിലനിർത്തിയിട്ടുണ്ട്. ഇത് കഴിഞ്ഞ സാമ്പത്തിക വർഷത്തിലുണ്ടായ 8.2 ശതമാനം ജി ഡി പി വളർച്ചയേക്കാൾ കുറവാണ്.