ചെറുധാന്യ പൊടിക്ക് ജി എസ് ടി ഒഴിവാക്കിയേക്കും
പാക്ക് ചെയ്തതും ബ്രാന്‍ഡഡ് ആയിട്ടുള്ളതുമായ ചെറുധാന്യങ്ങള്‍ക്ക് 12 ശതമാനം ജി എസ് ടി ശിപാര്‍ശ ചെയ്തു.;
ജി എസ് ടി കൗണ്‍സിലിന്റെ ഫിറ്റ്‌മെന്റ് കമ്മിറ്റി 70 ശതമാനം മില്ലെറ്റ് അടങ്ങിയ പൊടി ഉത്പന്നങ്ങള്‍ പായ്ക്കറ്റിലല്ലാതെ വില്‍ക്കുന്നതിന് ജിഎസ്ടി ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍, പാക്ക് ചെയ്തതും ബ്രാന്‍ഡഡ് ആയിട്ടുള്ളതുമായ ചെറുധാന്യങ്ങള്‍ക്ക് 12 ശതമാനം ജിഎസ്ടി ശിപാര്‍ശ ചെയ്തു. ചെറു ധാന്യങ്ങള്‍ ഉപയോഗിച്ചുള്ള ഉത്പന്നങ്ങള്‍ക്ക് ഇന്‍സെന്റീവ് നല്‍കാന്‍ കമ്മറ്റി വിസമ്മതിച്ചു.
കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ഒക്ടോബര്‍ ഏഴിനുള്ള ജിഎസ്ടി കൗണ്‍സില്‍ മീറ്റിംഗില്‍ പരിഗണിക്കും. ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിതിയം അയണ്‍ ബാറ്ററികളുടെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനം ആക്കണം നിര്‍ദ്ദേശമടക്കം 12 ഓളം ഉത്പന്നങ്ങളുടെ ജിഎസ്ടി കുറയ്ക്കാനുള്ള നിര്‍ദ്ദേശം കമ്മിറ്റി തള്ളി.
സ്‌ക്രാപ്പ് ഇരുമ്പ്, സ്റ്റീല്‍ എന്നിവയുടെ ജിഎസ്ടി നിരക്ക് സംബന്ധിച്ച് കമ്മിറ്റി തീരുമാനമെടുത്തിട്ടില്ല. ഇത് സംബന്ധിച്ച് ഒരു ഉപസമിതിയുടെ റിപ്പോര്‍ട്ട് കമ്മിറ്റി പ്രതീക്ഷിക്കുന്നുണ്ട്.
നിലവിലെ സെസ് സമ്പ്രദായം ഏകീകൃതമല്ലാത്തതിനാല്‍ സിഗരറ്റിനും ബീഡിക്കും ഏകീകൃത സെസ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനം കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും റവന്യൂ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഫിറ്റ്‌മെന്റ് കമ്മിറ്റി മാറ്റിവച്ചു.
ഫ്‌ളൈയിംഗ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ജിഎസ്ടി നിരക്ക് സംബന്ധിച്ച് മറൈന്‍ സ്ഥാപനങ്ങളുടെ മാതൃകയില്‍ യുക്തിസഹമാക്കുന്നതിനുള്ള തീരുമാനങ്ങളും ഫിറ്റ്‌മെന്റ് കമ്മിറ്റി മാറ്റിവച്ചു.