കൗമാരക്കാരുടെ സോഷ്യല്‍മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ ജിസിസി രാജ്യങ്ങളും

  • ഇതിനായി സാങ്കേതിക കമ്പനികളുമായി ജിസിസി അധികൃതര്‍ ചര്‍ച്ച ആരംഭിച്ചു
  • പതിനാറോ പതിനെട്ടോ വയസ്സിന് താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കണം
;

Update: 2025-03-14 12:56 GMT

കൗമാരക്കാരുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ ജിസിസി രാജ്യങ്ങളും. ഇതുമായി ബന്ധപ്പെട്ട് സാങ്കേതിക കമ്പനികളുമായി ജിസിസി അധികൃതര്‍ ചര്‍ച്ച ആരംഭിച്ചു.

മെറ്റയുടെ റീജിയണല്‍ സെയില്‍സ് ഡയറക്ടര്‍ അഷ്റഫ് കൊഹൈല്‍ ദുബായില്‍ നടന്ന ഒരു കോണ്‍ഫറന്‍സിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പതിനാറോ പതിനെട്ടോ വയസ്സിന് താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ടെന്ന് ജിസിസി മേഖലയില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഈജിപ്തില്‍ നിയന്ത്രണം നടപ്പിലാക്കേണ്ട പ്രായത്തെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചയ്ക്ക് സമാനമായാണ് ജിസിസി രാജ്യങ്ങളിലും ഇത് നടക്കുന്നതെന്ന് അഷ്റഫ് കൊഹൈല്‍ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും മറ്റ് ഐഡന്റിറ്റി മാനേജ്മെന്റ് സൊല്യൂഷനുകളുടെയും സഹായത്തോടെ കൗമാരക്കാരുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

2024 നവംബറില്‍, ഓസ്ട്രേലിയ ഭരണകൂടം 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം കൊണ്ടുവന്നിരുന്നു. അതുപോലെ, ഫ്രാന്‍സും ചില യുഎസ് സംസ്ഥാനങ്ങളും മാതാപിതാക്കളുടെ അനുമതിയില്ലാതെ പ്രായപൂര്‍ത്തിയാകാത്തവരുടെ സാമൂഹ്യ മാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്. ചൈനയും സൈബര്‍ സുരക്ഷാ നിയമവും മൈനര്‍ പ്രൊട്ടക്ഷന്‍ നിയമവും പുറത്തിറക്കിയിട്ടുണ്ട്.

യുഎഇയിലെ പൊതുവിദ്യാലയങ്ങളിലും വിദ്യാര്‍ഥികളുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുന്നതിനായി മൊബൈല്‍ ഫോണുകള്‍ സ്‌കൂളിലേക്ക് കൊണ്ടുവരുന്നതില്‍ നിയന്ത്രണമുണ്ട്. 

Tags:    

Similar News