മില്ലറ്റ് ഫെസ്റ്റ് 2023: പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കം

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, ആകാശവാണി, കുടുംബശ്രീ, ലയണ്‍സ് ക്ലബ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് മില്ലറ്റ് ഫെസ്റ്റ് 2023 സംഘടിപ്പിക്കുന്നത്;

Update: 2023-11-29 12:18 GMT

അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷാചരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിക്കുന്ന മില്ലറ്റ് ഫെസ്റ്റ് 2023-ന് തുടക്കം. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശന വിപണന മേളയുടെ ആദ്യദിന പരിപാടികളുടെ ഉദ്ഘാടനം എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീം നിര്‍വഹിച്ചു.


സമൂഹത്തില്‍ നിരവധി പേര്‍ നേരിടുന്ന ജീവിതശൈലി രോഗങ്ങള്‍ക്ക് ഫലപ്രദമായ പ്രതിവിധിയാണ് മില്ലറ്റ് ധാന്യങ്ങള്‍. ആഹാരക്രമത്തില്‍ ഇവ ഉള്‍പ്പെടുത്തേണ്ടതാണെന്നു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹിം പറഞ്ഞു. ചെറു ധാന്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കേണ്ടത് ആരോഗ്യപരിപാലനത്തിന് അത്യന്താപേക്ഷിതമാണ്. കാലാവസ്ഥാ വ്യതിയാനത്താല്‍ ഇന്ന് പലരും കൃഷിയില്‍ നിന്ന് പിന്മാറുകയാണ് എന്നാല്‍ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ് ചെറു ധാന്യങ്ങളുടെ കാര്‍ഷിക രീതി.

അട്ടപ്പാടി ഗോത്രവര്‍ഗ്ഗ വിഭാഗമാണ് ചെറുധാന്യങ്ങള്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നത്. എറണാകുളം ജില്ലയിലെ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കര്‍ഷകരും ചെറുധാന്യങ്ങള്‍ കൃഷി ചെയ്തു വിജയം കൈവരിച്ചവരാണെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു.

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, ആകാശവാണി, കുടുംബശ്രീ, ലയണ്‍സ് ക്ലബ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് മില്ലറ്റ് ഫെസ്റ്റ് 2023 സംഘടിപ്പിക്കുന്നത്.

ആകാശവാണി കൊച്ചി നിലയം സാങ്കേതിക വിഭാഗം മേധാവി പി.ആര്‍ ഷാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി സിന്ധു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോണോ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.വി രവീന്ദ്രന്‍, ലിസി അലക്‌സ്, സെക്രട്ടറി വൈ വിജയകുമാര്‍, കൃഷി വിജ്ഞാന്‍ കേന്ദ്ര പാലക്കാട് പ്രോഗ്രാം കോഡിനേറ്റര്‍ കെ. വി സുമയ്യ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Similar News